KERALANEWSTop News

കടം വാങ്ങി കടക്കെണിയിലായി; പിടിച്ച് നിൽക്കാനാവാതെ വന്നപ്പോൾ വിവാഹിതയായ യുവതിയും കുഞ്ഞുമായി മുങ്ങി; പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞത് 10 വർഷം; പിടിക്കപ്പെടാതിരിക്കാൻ കോവിഡ് വാക്‌സിൻ പോലും എടുത്തില്ല; ഒടുവിൽ ശ്രീജിത്തും രമയും പിടിയിലായത് ഇങ്ങനെ

കൂത്തുപറമ്പ്: കടക്കെണിയിൽപെട്ടതിനെ തുടർന്ന് വിവാഹിതയായ യുവതിയും കുഞ്ഞുമായി മുങ്ങിയ കൊല്ലം സ്വദേശിയായ യുവാവ് 10 വർഷത്തിനുശേഷം പിടിയിൽ. അഞ്ചൽ സ്വദേശി ശ്രീജിത്ത് എ. നായർ (41), ഇയാൾക്കൊപ്പം നാടുവിട്ട കൂത്തുപറമ്പ് പാറാലിലെ കുന്നപ്പാടി ഹൗസിൽ രമ (47) എന്നിവരെയാണ് കൂത്തുപറമ്പ് ഇൻസ്‌പെക്ടർ ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്.

2012ലായിരുന്നു സംഭവം. ‘ശ്രീദീപം’ എന്നപേരിൽ വിളക്കുതിരി കമ്പനി നടത്തിയിരുന്ന ശ്രീജിത്ത് പാറാലിലിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു രമ. രമ മുഖാന്തരം കമ്പനിയിലെ ജീവനക്കാരിൽനിന്നുൾപ്പെടെ പലരിൽനിന്നും പണം കടംവാങ്ങിയാണ് ശ്രീജിത്ത് കമ്പനിയുടെ പ്രവർത്തന മൂലധനം കണ്ടെത്തിയിരുന്നത്. എന്നാൽ കമ്പനി നഷ്ടത്തിലായി. പണം തിരിച്ച് നൽകാത്തതിനെതുടർന്ന് കടംനൽകിയവർ പൊലീസിൽ പരാതി നൽകി. ഇതോടെ ശ്രീജിത്ത് രമയെയും അവരുടെ ഏഴുവയസ്സുള്ള മകനെയും കൂട്ടി കടന്നു കളയുകയായിരുന്നുവെന്ന് ഇൻസ്‌പെക്ടർ ബിനു മോഹൻ പറഞ്ഞു.

പിന്നാലെ ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് രമയുടെ ഭർത്താവും പരാതി നൽകി. നാടടച്ച് ഇവർക്കായി തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല. തിരുവനന്തപുരം, കൊല്ലം, തമിഴ്‌നാട് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. മൊബൈൽ ഫോണോ, സോഷ്യൽ മീഡിയയോ ഒന്നും ഉപയോഗിക്കാതിരുന്നതിനാൽ ഇവർ എവിടെ എന്ന് കണ്ടെത്താൻ വർഷങ്ങൾ പിന്നിട്ടിട്ടും പോലീസിന് സാധിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാൻ ഇവർ കോവിഡ് വാക്‌സിൻ പോലും എടുത്തിരുന്നില്ല.

ആദ്യത്തെ നാലുവർഷം കഴിഞ്ഞത് തമിഴ്‌നാട്ടിലായിരുന്നു. കുട്ടിയെ അവിടത്തെ മലയാളം മീഡിയം സ്‌കൂളിൽ ചേർത്തു. തുടർന്ന് തിരുവനന്തപുരം – കന്യാകുമാരി അതിർത്തി പ്രദേശത്ത് താമസിച്ചു. പോലീസ് അന്വേഷണം ഭയന്ന് സ്വന്തം പേരുകളിൽ സിം കാർഡ് എടുത്തില്ല. പരിചയക്കാരായ തമിഴ്‌നാട്ടുകാരുടെ പേരിൽ സിം കാർഡ് എടുത്ത് മാറ്റി മാറ്റി ഉപയോഗിക്കുകയായിരുന്നു.

ഇവർക്ക് തിരിച്ചറിയൽരേഖകളോ ബാങ്ക് അക്കൗണ്ടോ വാഹനമോ ഉണ്ടായിരുന്നില്ല. പോലീസ് കണ്ടെത്താനുള്ള പഴുതുകളെല്ലാമടച്ചാണ് ഒളിച്ചുകഴിഞ്ഞത്. പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പോലീസ് ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ശ്രീജിത്തിനെയും രമയെയും അവരുടെ മകനെയും കഴിഞ്ഞദിവസം കൊല്ലത്തുനിന്നാണ് പോലീസ് കണ്ടെത്തിയത്. രമ വീണ് കാലിന് പരിക്കേറ്റ് കൊല്ലത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയ പോലീസ് സംഘം ഇരുവരെയും പിടികൂടുകയായിരുന്നു. ശ്രീജിത്തിനെ നേരിട്ടും രമയെ വീഡിയോ കോൺഫറൻസ് വഴിയും കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ശ്രീജിത്തിനെ കോടതി റിമാൻഡ് ചെയ്യുകയും രമയെ ജാമ്യത്തിൽ വിടുകയും ചെയ്തു.

എസ്‌ഐ.മാരായ കെ.ടി. സന്ദീപ്, പി. ബിജു, എഎസ്ഐ.മാരായ വി.കെ. അനിൽകുമാർ, കെ.കെ. ഷനിൽ, ഹാഷിം, സിവിൽ പൊലീസ് ഓഫീസർമാരായ എ.എം. ഷിജോയ്, ബിജിൽ, മുൻപ് കൂത്തുപറമ്പ് സിഐ.യുടെ സ്‌ക്വാഡിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.എ. സുധി, വിജിത്ത് അത്തിക്കൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ഒരു വർഷമായി പ്രത്യേക സംഘത്തെ നിയോഗിച്ച് കൂത്തുപറമ്പ് പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ഇവരുടെ ബന്ധുക്കളെയും ഇവർ എത്താൻ സാധ്യതയുള്ള ഇടങ്ങളിലുമെല്ലാം പൊലീസ് അന്വേഷണം നടത്തി. കണ്ണൂർ ജില്ലയിൽ അന്വേഷണത്തിലുള്ള കേസുകളിൽ പഴക്കം ചെന്നതാണിതെന്ന പ്രത്യേകതയുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close