KERALANEWSTrending

“പരമാര്‍ത്ഥത്തില്‍ പരനും ഞാനും ഭവാനുമൊന്നല്ലീ! തത്ത്വമസി “; ഗുരുദേവ സ്മരണയിൽ മലയാള നാട്

ജാതി മത ചിന്തകൾക്ക് അപ്പുറമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരളീയ സമൂഹത്തിന് നവോത്ഥാന വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുദേവൻ്റെ സാമാധിദിനമാണിന്ന്. പരമാർത്ഥത്തിൽ പരനും ഞാനും ഭവാനുമൊന്നല്ലീ! തത്ത്വമസി. അത് നീ ആകുന്നു. അദ്വൈത ദർശനത്തിൻറെ ആധുനിക ആചാര്യൻ. ഒരു ജാതി, ഒരു മതം. ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവർക്ക് നൽകിയ ശ്രീനാരായണഗുരു ​കേരളിയ ജനതക്കിടയിലെ ക്രന്ത ദർശി കൂടിയായിരുന്നു. ആദ്ധ്യാത്മികതയുടെയും സാമുദായിക പ്രതിബദ്ധതയുടെയും അപൂർവ സമന്വയമനം, മഹദ് വ്യക്തിത്വം എന്നിങ്ങനെ ഏത് പേരിൽ വിളിച്ചാലും കുറവാകാത്ത വ്യക്തി. ആധുനിക കേരളത്തിന്റെ ശിൽപികളിൽ സ്ഥാനീയനാണ് ശ്രീനാരയണ ഗുരു.

ജാതിവ്യവസ്ഥയെ ചോദ്യം ചെയ്ത് ജീവിതദർശനം കൊണ്ട് അദ്ദേഹം സാമൂഹിക ജീവിതത്തെ മാറ്റിമറിച്ചു. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’എന്ന ആശയത്തിലൂടെ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അദ്ദേഹം തുടങ്ങിവച്ച നവോത്ഥാനം കേരളത്തെ തന്നെ മാറ്റിമറിച്ചു. ഈഴവ സമുദായത്തിന്റെ നവീകരണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ ഹൈന്ദവ ദർശനത്തിന്റെയും കേരള സമൂഹത്തിന്റെയും പുനരുദ്ധാരണത്തിന് കാരണമായി.


കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശ്രീനാരായണഗുരു തിരുവനന്തപുരത്തിനടുത്ത് ചെമ്പഴന്തിയിൽ മാടനാശാന്റെയും കുട്ടിയമ്മയുടെയും ഇളയപുത്രനായി 1856 ഓഗസ്റ്റ് 20ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തുടർപഠനത്തിനായി 20-ാം വയസിൽ രാമൻപിള്ള ആശാന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ കീഴിൽ വേദപഠനം നടത്തി. കീഴ്ജാതിക്കാർക്ക് വിദ്യാഭ്യാസം നേടാൻ അവകാശം ഇല്ലായിരുന്നകാലത്ത് അവരുടെ വീടുകൾ സന്ദർശിച്ച് വിദ്യാഭ്യാസം നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തി. ജാതി ചിന്തകളും തൊട്ടുകൂടായ്മയും കൊടികുത്തി വാണിരുന്ന കേരള ജനതയ്ക്ക് ​ഗുരു സന്ദേശം പുതിയ ഒരു വീക്ഷണ വാതിലാണ് അന്ന് തുറന്നിട്ടത്.

ശ്രീനാരായണ ഗുരു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിൻറെ പ്രവാചകനായിരുന്നു. കേരളത്തിൽ ജനിച്ച്‌, വേദാന്തത്തിൻറെ അവസാന പടവിലെത്തി, അപരിമേയമായ സത്യത്തിൻറെ സാക്ഷാത്‌കാരം സിദ്ധിച്ച ശ്രീനാരായണ ഗുരു തൻറെ സഹജീവികളോടുളള മാനുഷികകടമ ഒരു സാമൂഹിക പരിഷ്‌കർത്താവെന്ന നിലയിലാണ്‌ നിർവ്വഹിച്ചത്‌. വിദ്യ കൊണ്ട്‌ പ്രബുദ്ധരാകാനും കർമ്മം കൊണ്ട്‌ അഭിവൃദ്ധിനേടാനും സംഘടന കൊണ്ട്‌ ശക്തരാകാനും ഗുരുദേവൻ ആഹ്വാനം നൽകി.

അദ്വൈതം ജീവിതമതമായി സ്വീകരിച്ച ശ്രീനാരായണഗുരു അതെങ്ങിനെ പ്രയോഗിക ജീവിതത്തിൽ പകർത്തണമെന്ന്‌ ജീവിച്ച്‌ ബോദ്ധ്യപ്പെടുത്തിയിട്ടുമുണ്ട്. പാറപോലുളള ആ വിശ്വാസത്തിനുമേൽ ഒരു സമൂഹത്തെ മുഴുവൻ കെട്ടുറപ്പോടെ പുനർ നിർമ്മിക്കാനും അദ്ദേഹത്തിനു സാധിച്ചു. അങ്ങിനെ കാലചക്രം ബഹുദൂരം ഉരുളുമ്പോൾ മാത്രം സംഭവിക്കുന്ന യുഗപ്രഭാവമായിത്തീർന്നു ശ്രീനാരായണഗുരു.

കുട്ടിക്കാലത്ത്‌ തന്നെ മറ്റ്‌ കുട്ടികളില്‍ നിന്ന്‌ വ്യത്യസ്ഥനായിരുന്നു നാണു. ഈശ്വരാഭിമുഖ്യവും ചിന്താശീലവും സദാ പ്രകടമായിരുന്നു. ക്ഷേത്രദര്‍ശനം , ജപം, ധ്യാനം എന്നിവ മുടക്കം കൂടാതെ നടത്തിയിരുന്നു. സംസ്‌കൃത പഠനത്തിനായിപുതുപ്പളളിയിലുളള കുമ്മപ്പളളി രാമന്‍പിളള ആശാന്‍റെ അടുത്തെത്തി. മൂന്നുവര്‍ഷം കൊണ്ട്‌. കാവ്യനാടകങ്ങള്‍, തര്‍ക്കം, വ്യാകരണം എന്നിവയില്‍ അവഗാഹം നേടി. അതിനുശേഷം നാണു വീടിനടുത്ത ഒരു കുടിപ്പളളിക്കൂടം ആരംഭിച്ചു. അങ്ങിനെ നാട്ടുകാര്‍ക്ക്‌ നാണുഭക്തന്‍ നാണുവാശാനായിത്തീര്‍ന്നു. ഒഴിവ്‌ സമയങ്ങളില്‍ നാണു ഭക്തിഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയും അടുത്തുളള പുലയക്കുടിലുകള്‍ സന്ദര്‍ശിക്കുകയും ചെയ്‌തു.

ഇതിനിടയില്‍ ബന്ധുക്കളുടെ നിര്‍ബന്ധം കൊണ്ട്‌ നാണു ചാര്‍ച്ചയിലുളള കാളി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തു. സ്വതേ ലൗകികാഭിമുഖ്യം ഇല്ലാതിരുന്ന നാണു, താമസിയാതെ വിവാഹജിവിതം വേണ്ടെന്ന്‌ വച്ച്‌ വീടു വിട്ടു. നിതാന്ത സഞ്ചാരിയായിരുന്നു നാണു ആശാന്‍. ഈ യാത്രകളിലെവിടെയോ വച്ച്‌ ഷണ്‍മുഖദാസന്‍ എന്ന പേരുളള ചട്ടമ്പിസ്വാമിയെ കണ്ടുമുട്ടി. ഈ കൂടിക്കാഴ്‌ച ആത്മാവിന്‍റെ പാതയിലൂടെ സഞ്ചരിച്ച്‌ കൊണ്ടിരുന്ന ഇരുവര്‍ക്കും അമൃത തുല്യമായ അനുഭവമായിത്തീര്‍ന്നു.

ഇതിനകം നാണുവാശാന്‍ ജനങ്ങളുടെയിടയില്‍ നാരായണ ഗുരുസ്വാമി എന്നറിയപ്പെട്ടു തുടങ്ങി. സത്യാന്വേഷണ തല്‍പരനായ സ്വാമികള്‍ മരുത്വാമലയിലെ ഒരു ഗുഹയില്‍ ഏകാന്തവാസം തുടങ്ങി. വളരെ നാളത്തെ കഠിന തപസ്സിനുശേഷം അദ്ദേഹം നെയ്യാറ്റിന്‍കരയിലെ അരുവിപ്പുറത്തെത്തി. അരുവിപ്പുറം അതിമനോഹരമായ പ്രദേശമായിരുന്നു. പ്രകൃതിയുടെ ലാസ്യഭംഗി , കവികൂടിയായ നാരായണഗുരുസ്വാമിയെ വളരെ ആകര്‍ഷിച്ചു. ധാരാളം ആളുകള്‍ ഈശ്വരാന്വേഷണ കുതുകികളായി അദ്ദേഹത്തെ കാണാന്‍ വന്നുകൊണ്ടിരുന്നു. 1888ലെ ശിവരാത്രി ദിനത്തില്‍ നാരായണഗുരു അരുവിപ്പുറത്തെ നദീതീരത്തുളള പാറപ്പുറത്ത്‌ ഒരു ശിവലിംഗം പ്രതിഷ്‌ഠിച്ചു.

പില്‍ക്കാലത്തുണ്ടാകാന്‍ പോകുന്ന ഒരു മഹത്തായ സാമൂഹിക വിപ്ലവത്തിന്‍റെ നാന്ദിയായിരുന്നു അത്‌. തുടര്‍ന്ന്‌ കേരളത്തിന്‍റെ പല ഭാഗങ്ങളിലും അദ്ദേഹം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. ഏറ്റവും അവസാനത്തേത്‌ കളവങ്കോടം ക്ഷേത്രത്തിലെ കണ്ണാടിപ്രതിഷ്‌ഠയായിരുന്നു. അരുവിപ്പുറം പ്രതിഷ്‌ഠയ്‌ക്ക്‌ ശേഷം കറുത്തവാവ്‌ തോറും ബലിയിടുന്നതിന്‌ ആളുകള്‍ അവിടെ ചേരുമായിരുന്നു. 1898 ല്‍ ഗുരുവിന്‍റെ നിര്‍ദ്ദേശപ്രകാരം ഒരു ക്ഷേത്രയോഗം രജിസ്‌റ്റര്‍ ചെയ്‌തു. ഇതാണ്‌ പില്‍ക്കാലത്ത്‌ എസ്‌. എന്‍. ഡി. പി. യോഗ സ്ഥാപനത്തിന്‌ പ്രേരണ നല്‍കിയത്‌.

1891 ല്‍ ഗുരുദേവന്‍ ആശാനെ കണ്ടുമുട്ടി. പിന്നീട്‌ 1903 ല്‍ ഡോ. പല്‍പ്പുവിനെയും ഇവരുടെയെല്ലാം ആവേശത്തിലും പ്രേരണയാലും ധര്‍മ്മപരിപാലനയോഗം സ്ഥാപിതമായി. കുമാരനാശാനായിരുന്നു യോഗത്തിന്‍റെ പ്രഥമ ജനറല്‍ സെക്രട്ടറി. ഡോ. പല്‍പ്പു, കുമാരനാശാന്‍, ടി. കെ. മാധവന്‍, സി. വി. കുഞ്ഞുരാമന്‍, ഇ. കെ. അയ്യാക്കുട്ടി, സി.കൃഷ്‌ണന്‍, മൂര്‍ക്കോത്ത്‌ കുമാരന്‍, നടരാജ ഗുരു മുതലായവര്‍ ശ്രീനാരായണ സന്ദേശപ്രചാരകരുടെ മുന്‍പന്തിയില്‍ നിന്ന പ്രമുഖരാണ്‌.

തന്‍റെ സഞ്ചാരത്തിനിടയില്‍ വര്‍ക്കലയിലെത്തി ശിവഗിരിക്കുന്നിന്‍റെ സൗന്ദര്യം അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. 1912 ല്‍ വിദ്യാദേവതാ സങ്കല്‍പ്പത്തോടെ ഗുരുദേവന്‍ അവിടെ ശാരദാപ്രതിഷ്‌ഠ നടത്തി. 1914 ല്‍ ആലുവയില്‍ ഒരു അദൈത്വാശ്രമവും സംസ്‌കൃതപാഠശാലയും സ്ഥാപിച്ചു. 1916 ല്‍ ഗുരുദേവന്‍റെ ജന്മദിനം കേരളത്തിലൂടനീളം കൊണ്ടാടി. 1925ല്‍ ആലുവ അദൈത്വാശ്രമത്തില്‍ ഗുരുദേവന്‍റെ നിര്‍ദ്ദേശപ്രകാരം സംഘടിപ്പിച്ച സര്‍വമത സമ്മേളനമാണ്‌ മതസൗഹാര്‍ദ്ദ സംവാദത്തിന്‍റെ പ്രാരംഭം.

1922 ല്‍ രവീന്ദ്രനാഥടാഗോറും 1925 ല്‍ മഹാത്മാഗാന്ധിയും ശ്രീ നാരായണഗുരുവിനെ സന്ദര്‍ശിച്ചു. 1926 ല്‍ നാരായണഗുരുവിന്‍റെ നിര്‍ദ്ദേശപ്രകാരം ശ്രീനാരായണ ധര്‍മ്മസംഘം എന്ന സന്യാസിസംഘം സ്ഥാപിച്ചു. 1928 ല്‍ സെപ്തംബര്‍ ഇരുപതാം തീയതി ശിവഗിരിയില്‍ വച്ച്‌ ഗുരുസമാധിയടഞ്ഞു .ജീവന്‍ വെടിയുന്നതുവരെ കര്‍മ്മ നിരതനായിരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close