
കൊച്ചി: തന്റെ ബൗളിംഗ് പ്രകടനം കാണാതെ സ്കോർ കാർഡ് മാത്രം നോക്കി തന്നെ എഴുതി തള്ളരുതെന്ന് മലയാളിയും പേസ് ബൗളറുമായ ശ്രീശാന്ത്. രഞ്ജി ട്രോഫിയിൽ ബൗൾ ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം പ്രതികരണം നടത്തിയിരിക്കുന്നത്. തനിക്ക് ഇനിയും ക്രിക്കറ്റിനുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
‘നിങ്ങൾ എല്ലാവരോടും എനിക്ക് അതിരറ്റ ബഹുമാനവും സ്നേഹവുമുണ്ട്, ഞാൻ ഒരിക്കലും ഇത് പാതിവഴിയിൽ നിർത്തിപ്പോകില്ല’, ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു. 9 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ശ്രീശാന്ത് കേരള രഞ്ജി ടീമിൽ ഇടം നേടിയത്. ആദ്യ മത്സരത്തിൽ മേഘാലയയ്ക്കെതിരെ കളത്തിലിറങ്ങിയെങ്കിലും പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം പുറത്താവുകയായിരുന്നു. ശ്രീശാന്തിന്റെ പ്രായവും ഇപ്പോൾ നേരിടുന്ന പരിക്കും ഫോം നഷ്ടവും തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിനിടെയാണ് തിരിച്ചുവരുമെന്ന താരത്തിന്റെ പ്രഖ്യാപനം.
ശ്രീശാന്തിന്റെ പരിക്ക് സാരമുള്ളതാണെന്നും വിശ്രമം വേണമെന്നുമാണ് വിലയിരുത്തൽ. രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ മത്സരത്തിന് മുമ്പ് നടന്ന പരിശീലന സെഷനിടെ പരിക്കേറ്റതായും നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ശ്രീശാന്ത് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇക്കാരണത്താൽ തന്നെ ഗുജറാത്തിനെതിരായ മത്സരത്തിൽ ശ്രീശാന്ത് കളിച്ചിരുന്നില്ല. ആശുപത്രിയിൽ കിടക്കുന്ന ചിത്രം ശ്രീശാന്ത് തന്നെ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.