NEWSSPORTS

ടി20 ലോകകപ്പ് 2021; വിൻഡീസിന് നാണംകെട്ട തോൽവി; 2016 ലോകകപ്പ് ഫൈനൽ തോൽവിക്ക് ഇംഗ്ലണ്ടിന്റെ മധുര പ്രതികാരം

ദുബായ് : വിൻഡീസിന്റെ വമ്പനടിക്കാരെ ചുരുട്ടി കെട്ടി ഇംഗ്ലീഷ്കാർ 2016-ലെ ഫൈനൽ തോൽവിക്ക് പകരം വീട്ടി. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിൻഡീസ് വെറും 55 റൺസിന്‌ പുറത്തായി. ടി20 ലോകകപ്പിലെ വിൻഡീസിന്റെ ഏറ്റവും ചെറിയ സ്കോറാണിത്. ടി20-യിലെ രണ്ടാമത്തെ ചെറിയ സ്കോറും. 2019-ൽ ഇംഗ്ലണ്ടിനെതിരെ 45 റൺസിൽ പുറത്തായതാണ് ഇതിന് മുൻപത്തെ ചെറിയ സ്കോർ. വിൻഡീസിന്റെ രണ്ട് മുൻനിര വിക്കറ്റുകൾ സ്വന്തമാക്കിയ മൊയിൻ അലിയാണ് കളിയിലെ താരം.

സ്കോർ : വെസ്റ്റിൻഡീസ് 55-10(14.2)
ഇംഗ്ലണ്ട് 56-4(8.2)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 14.2 ഓവറിൽ 55 റൺസിന്‌ പുറത്തായി. വിൻഡീസ് നിരയിൽ 13 റൺസെടുത്ത സൂപ്പർ താരം ക്രിസ് ഗെയ്ൽ ആണ് ഉയർന്ന സ്‌കോറർ. മത്സരത്തിൽ ഗെയ്ൽ മാത്രമാണ് രണ്ടക്കം കണ്ടത്. സിമ്മൺസ്(3), ലൂവിസ്(6), ബ്രാവോ(5), പൊള്ളാർഡ്(6), റസ്സൽ(0), പൂരൻ(1), ഹെറ്റ്മെയർ(9) എന്നിവർ പെട്ടെന്ന് തന്നെ മടങ്ങി. ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് 2.2 ഓവറിൽ രണ്ട് റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. മൊയിൻ അലി, ടൈമൽ മിൽസ് എന്നിവർ രണ്ടും വോക്‌സ്, ജോർദാൻ എന്നിവർ ഓരോ വിക്കറ്റും നേടി.

56 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനും ഒരു ഘട്ടത്തിൽ അടിപതറി. ജേസൺ റോയി(11), ബെയർസ്‌റ്റോ(9), അലി(3), ലിവിങ്സ്റ്റൺ(1) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ഓപ്പണർ ജോസ് ബട്ലർ 22 പന്തിൽ മൂന്ന് ഫോറുൾപ്പടെ 24 റൺസ് നേടി പുറത്താകാതെ നിന്നു. നായകൻ മോർഗൻ ഏഴ് റൺസെടുത്തു പുറത്താകാതെ നിന്നു. 8.2 ഓവറിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. വിൻഡീസിന് വേണ്ടി അകീൽ ഹൊസൈൻ രണ്ടും രവി രാംപോൾ ഒരു വിക്കറ്റും നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close