INSIGHTNEWSSPORTS

ടി20 ലോകകപ്പ് 2021; ലോകകപ്പിൽ ബോസായി ‘യൂണിവേഴ്‌സ് ബോസ്’

ദുബായ് : ടി20 ലോകകപ്പിൽ സൂപ്പർ 12-ലെ രണ്ടാമത്തെ മത്സരത്തിൽ വെസ്റ്റിൻഡീസ് ഇംഗ്ലണ്ടിനെ നേരിടും. മത്സരത്തിൽ എല്ലാവരും ഒരാളുടെ പ്രകടനമാണ് ഉറ്റുനോക്കുന്നത്. വേറെയാരുമല്ല വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ ആണ് ആ താരം. യൂണിവേഴ്സ് ബോസ് എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുക ബൗണ്ടറികൾക്ക് മുകളിലൂടെയുള്ള പടുകൂറ്റൻ സിക്സറുകളാണ്. ക്രിസ്റ്റഫർ ഹെൻട്രി ഗെയ്ൽ എന്ന ആ മനുഷ്യൻ അനായാസേന സിക്സറുകൾ പായിക്കുമ്പോൾ ഏതൊരാളും അത്ഭുതപ്പെട്ടു നോക്കി നിൽക്കും. വെസ്റ്റിൻഡീസ് താരമായ ക്രിസ് ഗെയ്ൽ ട്വന്റി-ട്വന്റിയിലെ രാജാവാണ്.ആഭ്യന്തര ട്വന്റി-ട്വന്റിയിൽ 10000 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാൻ ആണ് ക്രിസ് ഗെയ്ൽ. ട്വന്റി-ട്വന്റിയിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും അദ്ദേഹത്തിൻറെ പേരിലാണ്. 2013-ൽ പൂനെ വാരിയേഴ്സ് ഇന്ത്യക്കെതിരെ പുറത്താകാതെ നേടിയ 175 റൺസാണിത്

യൂണിവേഴ്‌സ് ബോസ് എന്നാണ് ക്രിസ് ഗെയ്‌ലിനെ ആരാധകരും സഹതാരങ്ങളുമടക്കമുള്ളവർ വിശേഷിപ്പിക്കുന്നത്. അതിന് കാരണവും അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ തന്നെയാണ്. ഈ ലോകകപ്പിൽ ഗെയ്ൽ മത്സരിക്കാനിറങ്ങുമ്പോൾ നിരവധി റെക്കോർഡുകളാണ് ഈ 42-കാരനെ കാത്തിരിക്കുന്നത്. നിലവിൽ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരമെന്ന റെക്കോർഡ് ഗെയ്‌ലിന് സ്വന്തമാണ്. രണ്ട് സെഞ്ചുറികളാണ് ക്രിസ് ഗെയ്ൽ നേടിയിട്ടുള്ളത്. പ്രഥമ ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ 57 പന്തിൽ ഏഴ് ഫോറും 10 സിക്സുമടക്കം 117 റൺസ് നേടി. കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 48 പന്തിൽ അഞ്ച് ഫോറും 11 സിക്സുമടക്കം പുറത്താകാതെ 100 റൺസും ഗെയ്ൽ നേടി.

ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് ക്രിസ് ഗെയ്ൽ. 31 ഇന്നിങ്‌സുകളിൽ നിന്ന് 1016 റൺസോടെ ഒന്നാം സ്ഥാനത്ത് ശ്രീലങ്കൻ താരം മഹേല ജയവർദ്ധനെ ആണ്. ക്രിസ് ഗെയ്ൽ 26 ഇന്നിങ്‌സുകളിൽ നിന്ന് 920 റൺസാണ് നേടിയിട്ടുള്ളത്. അതുപോലെ തന്നെ ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരം ഗെയ്ൽ ആണ്. ലോകകപ്പിൽ 60 സിക്സറുകളാണ് ഗെയ്ൽ നേടിയിട്ടുള്ളത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ അർദ്ധസെഞ്ചുറികൾ നേടിയിട്ടുള്ള താരങ്ങളിൽ വിരാട് കോഹ്ലിക്കൊപ്പം ക്രിസ് ഗെയ്‌ലും ഉണ്ട്. ഇരുവർക്കും ഒമ്പത് അർദ്ധസെഞ്ചുറികൾ ആണുള്ളത്.

ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് അവാർഡുകൾ നേടിയിട്ടുള്ള താരങ്ങളിൽ മുന്നിലാണ് ഗെയ്ൽ. ജയവർദ്ധനെ, ഗെയ്ൽ, കോഹ്ലി, വാട്സൺ എന്നിവർക്ക് അഞ്ച് മാൻ ഓഫ് ദ മാച്ച് അവാർഡുകൾ ഉണ്ട്. ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരവും ഗെയ്ൽ ആണ്. 2016-ൽ ഇംഗ്ലണ്ടിനെതിരെ 11 സിക്സറുകളാണ് ഗെയ്ൽ നേടിയിട്ടുള്ളത്. ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയിട്ടുള്ള രണ്ടാമത്തെ താരവും ഗെയ്ൽ തന്നെയാണ്. 2007-ൽ ദക്ഷിണാഫ്രിക്കക്കെതിരെ 10 സിക്സറുകളാണ് ഗെയ്ൽ നേടിയിട്ടുള്ളത്. 2016 -ൽ ഇംഗ്ലണ്ടിനെതിരെ 48 പന്തിൽ സെഞ്ചുറി നേടിയ ഗെയ്ൽ ലോകകപ്പിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന താരവുമായി മാറി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close