KERALANEWSTop News

കൊല്ലം തെന്മല ഡാം ഇന്ന് രാവിലെ തുറക്കും; കല്ലട ആറിന്റെ തീരത്തുള്ളവർക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി

കൊല്ലം: തെന്മല ഡാം തുറക്കും. കനത്ത മഴ പെയ്തതിനെ തുടർന്ന് ജലനിരപ്പുയർന്ന സാഹചര്യത്തിൽ കൊല്ലം തെന്മല ഡാം ഇന്ന് തുറക്കും. രാവിലെ 7 മണി മുതൽ ഡാമിൽ നിന്ന് വെള്ളം തുറന്നുവിടും. 20 സെന്റിമീറ്റർ വരെ ഷട്ടറുകൾ ഉയർത്തുമെന്നാണ് അറിയിപ്പ്. കിഴക്കേ കല്ലട, പടിഞ്ഞാറേ കല്ലട, മൺറോതുരുത്ത് എന്നിവിടങ്ങളിൽ താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് കൊല്ലം ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

കനത്ത മഴയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് പല അണക്കെട്ടുകളും തുറക്കുകയാണ്. കക്കി ഡാം തുറക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിക് ശേഷമാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തുക. അണക്കെട്ടിലെ 2 ഷട്ടറുകളാണ് ഉയർത്തുക. അണക്കെട്ടിൽ ജലനിരപ്പ് 983.50 ആയതിനെ തുടർന്നാണ് കക്കി ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. ആകെ നാല് ഷട്ടറുകളാണ് ഡാമിനുള്ളത്. ഡാം തുറക്കുന്നതോടെ പമ്പയാറിലും ജലനിരപ്പുയരും. ആറന്മുള, കോഴഞ്ചേരി ഭാഗത്തുള്ളവർക്ക് കനത്ത ജാഗ്രതയാണ് നൽകിയിരിക്കുന്നത്.

വൈദ്യുതി ബോർഡിന് നേരത്തെ മുതലേ ആശങ്ക ഉണ്ടായിരുന്നത് കക്കി ഡാമിന്റെ കാര്യത്തിലായിരുന്നു. കക്കി ഡാമിൽ ജലനിരപ്പ് 978 മീറ്റർ ഉള്ളപ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ അടിയന്തരമായി തുറക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു വൈദ്യുതി ബോർഡും സർക്കാരും. അതേസമയം പമ്പാ അണക്കെട്ടിൽ ഇന്നലെ രാത്രി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close