NEWSSPORTS

ബ്രണ്ടൻ മക്കല്ലത്തിന് ഇന്ന് 40-ാം ജന്മദിനം

2008 ഏപ്രിൽ 18 കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയം. ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടുന്നു. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ ബൗളിങ് നിരയിൽ സഹീർ ഖാൻ, പ്രവീൺകുമാർ, ജാക്ക് കാലിസ് തുടങ്ങിയ മികവുറ്റ ബൗളിംഗ് നിരക്കെതിരെ തലങ്ങും വിലങ്ങും ബൗണ്ടറികളും സിക്സറുകളും പായിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ സെഞ്ച്വറി നേടി അയാൾ നടന്നു കയറിയത് ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്കാണ്. വേറെയാരുമല്ല അത്, മുൻ ന്യൂസിലാൻഡ് ക്രിക്കറ്റ് ക്യാപ്റ്റനും അവരുടെ എക്കാലത്തെയും മികച്ച താരവുമായ ബ്രണ്ടൻ ബാരീ മക്കല്ലം എന്ന ബ്രണ്ടൻ മക്കല്ലമാണ് ആ താരം. ആ ഒരൊറ്റ മത്സരം കൊണ്ട് മക്കല്ലം ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് ചേക്കേറുകയായിരുന്നു.

1981 സെപ്റ്റംബർ 27ന് ന്യൂസിലൻഡിലെ ഡുണൈഡിനിൽ ആണ് മക്കല്ലം ജനിച്ചത്. അച്ഛൻ സ്റ്റുവർട്ട് മക്കല്ലം മുൻ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റർ ആയിരുന്നു. സ്വാഭാവികമായി ബ്രണ്ടനും ആ വഴി തന്നെ തിരഞ്ഞെടുത്തു. സഹോദരൻ നതാൻ മക്കല്ലവും മുൻ ന്യൂസിലൻഡ് ക്രിക്കറ്റർ ആണ്. ടി20യിൽ മക്കല്ലം ഒരു സൂപ്പർസ്റ്റാർ ആയിരുന്നു. പേരുകേട്ട ഒരുപാട് ബൗളർമാരുടെ പേടിസ്വപ്നമായിരുന്നു അദ്ദേഹം. ആദം ഗിൽക്രിസ്റ്റിനു ശേഷം ഏറ്റവും അപകടകാരിയായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ മക്കല്ലം പ്രശസ്തനാണ്. ന്യൂസിലൻഡിനു വേണ്ടി ഒന്നുമുതൽ ഒമ്പതാം സ്ഥാനങ്ങളിൽ വരെ ബാറ്റ് ചെയ്തിട്ടുള്ള ഒരേയൊരു വ്യക്തിയാണ് അദ്ദേഹം. ടെസ്റ്റിൽ തൻ്റെ അരങ്ങേറ്റം മുതൽ ഒരു മത്സരം പോലും മുടങ്ങാതെ 100 മത്സരം കളിച്ച ആദ്യ താരമാണ് ബ്രണ്ടൻ മക്കല്ലം.

2015 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡ് ടീമിനെ ഫൈനലിൽ എത്തിക്കാൻ ഇദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ആ ലോകകപ്പിലെ ഏറ്റവും മികച്ച ക്യാപ്റ്റനായും ഇദ്ദേഹത്തെ തിരഞ്ഞെടുത്തു. ഏകദിനം, ടെസ്റ്റ്, ടി20 ഇവയിലെല്ലാം തന്നെ മക്കല്ലം ഒരേ രീതിയിൽ കളിച്ചു എന്നതാണ് വാസ്തവം. തൻ്റെ അവസാന ടെസ്റ്റ് മത്സരത്തിൽ ഓസീസിനെതിരെ വെറും 54 പന്തിൽ സെഞ്ച്വറി നേടി മക്കല്ലം ടെസ്റ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിക്കുള്ള ലോക റെക്കോർഡ് നേടിയാണ് കളിക്കളത്തിനോട് വിടപറഞ്ഞത്. വിരമിക്കുന്ന സമയത്ത് ടി20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ മക്കല്ലം ആയിരുന്നു. 2010-ൽ അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാൻ ആയി മാറി മക്കല്ലം. അതുപോലെ തന്നെ 2014-ൽ 2000 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാനും മക്കല്ലമായി. ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ വളരെ മികച്ച പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്.

260 ഏകദിനങ്ങളിൽ നിന്ന് 30.41 ബാറ്റിങ്ങ് ശരാശരിയിൽ നിന്ന് 6083 റൺസ് നേടി. ഇതിൽ 5 സെഞ്ചുറികളും 32 അർദ്ധ സെഞ്ചുറികളും ഉൾപ്പെടും. 2008ൽ അയർലൻഡിനെതിരെ നേടിയ 166 റൺസാണ് ഏകദിനത്തിലെ ഉയർന്ന വ്യക്തിഗത സ്കോർ. ടി20 യിൽ 71 മത്സരങ്ങളിൽ നിന്ന് 2 സെഞ്ചുറികളും 13 അർദ്ധ സെഞ്ചുറികളുമടക്കം മക്കല്ലം 2140 റൺസ് നേടി. 2012 ലെ ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ നേടിയ 123 റൺസാണ് ടി20 യിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. 101 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 12 സെഞ്ചുറികളും 31 അർദ്ധ സെഞ്ചുറികളുമടക്കം 6453 റൺസ് നേടി. 2014ൽ ഇന്ത്യക്കെതിരെ നേടിയ 302 റൺസാണ് ടെസ്റ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ. ഈ മത്സരത്തോടെ ന്യൂസിലൻഡിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ട്രിപ്പിൾ സെഞ്ച്വറി നേടിയ ഒരേയൊരു ബാറ്റ്സ്മാനായും മക്കല്ലം മാറി.

ഇന്ത്യൻ പ്രീമിയർ ലീഗ് ഉൾപ്പെടെ പല വിദേശ പ്രീമിയർ ലീഗിലും മക്കല്ലം സജീവസാന്നിധ്യമായിരുന്നു. ന്യൂസിലൻഡ് സൂപ്പർ സ്മാഷ്, ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗ്, കരീബിയൻ പ്രീമിയർ ലീഗ്, ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റ്, പാകിസ്ഥാൻ സൂപ്പർ ലീഗ്, ബംഗ്ലാദേശ് പ്രീമിയർ ലീഗ് തുടങ്ങിയവയിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായി പ്രവർത്തിക്കുന്നു. 2014-ൽ രണ്ട് ഡബിൾ സെഞ്ച്വറിയും ഒരു ട്രിപ്പിൾ സെഞ്ച്വറിയും നേടി ഒരു കലണ്ടർ വർഷത്തിൽ മൂന്നോ അതിലധികമോ ഡബിൾ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ കളിക്കാരനായി മാറി മക്കല്ലം. അദ്ദേഹത്തിന്റെ സേവനങ്ങൾ അംഗീകരിച്ചുകൊണ്ട് 2015-ലെ ക്വീൻസ് ജന്മദിന ബഹുമതികളിൽ അദ്ദേഹത്തെ ന്യൂസിലാൻഡ് ഓർഡർ ഒഫ് മെറിറ്റ് ഓഫീസറായി നിയമിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close