NEWSSPORTSTop News

ഫുട്ബോള്‍ പ്രേമികളുടെ മൈതാനത്തെ ദൈവം; കാൽപന്ത് കളിയുടെ ഇതിഹാസം ഡിയേഗോ മറഡോണ ഓർമയായിട്ട് ഇന്ന് ഒരു വർഷം

ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ വിടപറഞ്ഞിട്ട് ഇന്ന് ഒരുവര്‍ഷം. ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി നിലകൊണ്ട ആ കാല്‍പന്ത് കളിയുടെ ദൈവം ത​ന്റെ അറുപതാം വയസില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്തരിച്ചത്. ലോകത്തിലെ നഗരങ്ങളിലും ​ഗ്രാമങ്ങളിലുമുള്ള കോടിക്കണക്കിന് ജനതയെ കാല്‍പന്തുകളിയുടെ ലോകത്തേക്ക് കൂടുതൽ അടിപ്പിച്ച മറഡോണയുടെ അതുല്യ നിമിഷങ്ങൾ ഏതൊരു കായിക പ്രേമിയുടെ മനസ്സിലും തിളക്കം മങ്ങാതെ കിടക്കും.

മറ‍ഡോണ ഇന്ന് ഭൂമിയിലില്ലെങ്കിലും കോടിക്കണക്കിന് കാൽപന്ത് പ്രേമികളുടെ ഹൃദയമൈതാനങ്ങളില്‍ ഇന്നും മറഡോണ കാല്‍പ്പന്തുതട്ടുന്നുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം അര്‍ജന്റീനയുടെ നെറുകിൽ ചൂടിയപ്പോൾ ആദ്യം മറഡോണയെ സ്മരിച്ചതും മറ‍ഡോണയെ തന്നെയാണ്. കളിക്കളത്തില്‍ അയാള്‍ മാന്ത്രികനായിരുന്നു. വശ്യമായ ചുവടുകളും വിട്ടുപിരിയാത്ത പന്തുമായി മുന്നേറിയ അയാള്‍ക്ക് മുന്നില്‍ മൈതാനങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെട്ടു, ഫുട്ബോള്‍ മനസുകള്‍ കീഴടങ്ങി.ഡീഗോ മാറഡോണ കളിക്കളത്തില്‍ തീര്‍ത്തത് പ്രതിഭയുടെ ഒടുങ്ങാത്ത ഉന്‍മാദമായിരുന്നു. പന്ത് കിട്ടുമ്പോഴെല്ലാം വെട്ടിപ്പിടിക്കാനും ആനന്ദിപ്പിക്കാനും ഒരുപോലെ കഴിഞ്ഞു.

പന്തുമായി എതിരാളിയെ മറികടക്കുന്നതിന് തെറ്റിപോകാത്ത താളമുണ്ടായിരുന്നു, പിഴക്കാത്ത കണക്കുണ്ടായിരുന്നു. പന്തില്‍ നിറച്ച കാറ്റായിരുന്നു ജീവവായു. ദാഹിച്ചതെല്ലാം ഗോളുകള്‍ക്ക് വേണ്ടിയായിരുന്നു.കളിക്കളത്തില്‍ അയാളുടെ ലോകം പന്തിലേക്ക് ചുരുങ്ങി. കളിക്കുമ്പോള്‍ കാണികളെ ഉന്‍മാദികളാക്കിയെങ്കില്‍ കളത്തിന് പുറത്ത് അയാള്‍ ജീവിതം ആഘോഷിക്കുന്നതിന്റെ കളര്‍ചിത്രങ്ങളും വിഷാദത്തിലാഴ്ന്നുപോകുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളും ഒരുപോലെ ആരാധകര്‍ക്ക് നല്‍കികൊണ്ടിരുന്നു. പക്ഷേ അയാളുടെ എല്ലാ തെറ്റുകളും പൊറുക്കപ്പെട്ടുകൊണ്ടിരുന്നു. അല്ലെങ്കില്‍ പന്തുകൊണ്ട് ജീവിതത്തിലെ കുത്തിവരകള്‍ മായ്ച്ചുകളയുന്ന കുട്ടിയായി എപ്പോഴും മാറി.

കളിക്കളത്തില്‍ ഡീഗോ നിരന്തരം വീഴ്ത്തപ്പെട്ടുകൊണ്ടിരുന്നെങ്കില്‍ പുറത്ത് അയാള്‍ സ്വയം വീഴുകയായിരുന്നു. മദ്യവും മയക്കുമരുന്നും വിവാദങ്ങളും നിഴല്‍പോലെ പിന്തുടര്‍ന്നു. തെറ്റി വീണുപോകുന്ന വാക്കുകളാല്‍ പലരും മുറിവേറ്റു. 1986 ല്‍ അര്‍ജന്റീന എന്ന ദരിദ്രരാജ്യത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മറഡോണ കീഴടക്കിയത് ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ മനസ്സിനെയുമാണ്. ”ആകാശം തൊട്ടവനാണ് ഡിയേഗോ, പക്ഷേ, എന്നും മണ്ണിൽ ചവിട്ടി നിന്നു” മറഡോണയുടെ മരണ സമയത്ത് അര്‍ജന്റീനയുടെ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസിന്റെ വാക്കുകളാണിവ. എന്തുകൊണ്ട് മറഡോണ മനുഷ്യഹൃദയങ്ങളെ കീഴടക്കിയെന്നതിന്റെ ഉത്തരം ഈ വാക്കുകളിലുണ്ട്.

വീരനായകനായി വാഴ്ത്തപ്പെടുമ്പോള്‍ തന്നെ പലകുറി വില്ലനായി അപഹസിക്കപ്പെട്ടു മറഡോണ… പക്ഷേ, ഓരോ വീഴ്ചകളിൽനിന്നും ഉയർത്തെഴുന്നേറ്റ് മറ്റൊരു വേഷത്തിൽ ആ മനുഷ്യന്‍ വീണ്ടും ലോകത്തെ ആത്മവിശ്വാസത്തോടെ നേരിട്ടു. ഫുട്ബോള്‍ ആവേശത്തിന്റെ മനോഹരകാലമാണ് അവസാനിച്ചത്. പക്ഷേ മൈതാനത്ത് പന്തുരുളുന്ന കാലത്തോളം മനസുകളില്‍ മരിക്കാതെ തന്നെയുണ്ടാകും ഈ ഇതിഹാസം. കളിക്കളത്തിലെ മാന്ത്രിക ചലനങ്ങൾ കൊണ്ടു ഫുട്ബോളിൽ സംഗീതം തീര്‍ത്ത പ്രിയ മറ‍ഡോണയ്ക്ക് പ്രണാമം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close