KERALANEWSTop News

ജോജു ജോർജിന്റെ വാഹനം തകർത്ത കേസ്; ടോണി അടക്കമുള്ള പ്രതികൾ 14 ദിവസത്തേയ്ക്ക് റിമാന്‍ഡില്‍; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരി​ഗണിക്കും

ഇന്ധനവില വർദ്ധനയ്ക്കെതിരെ നടത്തിയ വഴി തടയൽ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹന തകർത്ത കേസിൽ അറസ്റ്റിലായ ടോണി ചമ്മിണി അടക്കമുള്ള നാല് കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ. എറണാകുളം ജെഎഫ്എം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഇന്ന് വൈകുന്നേരമാണ് ടോണിയും സംഘവും മരട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ടോണിക്ക് പുറമെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കൽ എന്നിവരാണ് കീഴടങ്ങിയത്.

കോൺഗ്രസ് പ്രവർത്തകരായ പി.ജി ജോസഫിനെയും ഷരീഫ് വാഴക്കാലയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജോജുവിനെതിരെ രൂക്ഷവിമർശനങ്ങളാണ് കീഴടങ്ങും മുൻപ് ടോണി നടത്തിയത്.”ജോജു സമരത്തെ അലങ്കോലപ്പെടുത്താനാണ് ശ്രമിച്ചത്. കോൺഗ്രസിന്റെ സമരമാണെന്ന് അറിഞ്ഞതോടെയാണ് ജോജു പ്രതികരിച്ചത്. സിപിഐഎം ഓശാരം വാങ്ങിയാണോ ജോജു പ്രവർത്തിച്ചത്. അദ്ദേഹം സിപിഐഎമ്മിന്റെ ചട്ടുകമായി മാറി.

ജോജുവിനെ സിപിഐഎം കരുവാക്കുകയായിരുന്നു. അതിൽ ഖേദമുണ്ട്. കേസ് ഒത്തുതീർക്കാൻ ശ്രമമുണ്ടായിരുന്നു. എന്നാൽ സിപിഐഎം നേതാക്കൾ അത് അട്ടിമറിക്കുകയായിരുന്നു. ബി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എന്താണെന്ന് വ്യക്തമായി അറിയാം. ഉണ്ണികൃഷ്ണൻ സിപിഐഎം കുഴലൂത്തുകാരനായി മാറിയെന്നും ടോണ് പറഞ്ഞു.

സമരത്തെ തുടർന്ന് ഉണ്ടായ ഗതാഗതക്കുരുക്കുകളെ ടുടർന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഇതിൽ പ്രതിഷേധിച്ച് ജോജു ജോർജ് രംഗത്തെത്തിയതോടെ കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ നടന്റെ വാഹനത്തിന്റെ ചില്ല് അടിച്ച് തകർക്കുകയും ചെയ്തു.

പിന്നാലെ ജോജു മദ്യപിച്ചിട്ടുണ്ടെന്നും വനിതാ പ്രവർത്തകരെ അപമാനിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ആരോപണം ഉയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കാണിച്ച് ജോജുവിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close