NEWSSPORTS

ഏറ്റവും മികച്ച 5 ടി20 ലോകകപ്പ് താരങ്ങൾ; പൊള്ളാർഡിന്റെ പട്ടികയിൽ ഒരു ഇന്ത്യൻ താരവും

2021 ടി20 ലോകകപ്പ് ഈ മാസം 17-ന് തുടങ്ങുകയാണ്. അതിനു മുന്നോടിയായി വിൻഡീസ് നായകൻ കീറൺ പൊള്ളാർഡ് തന്റെ ഏറ്റവും മികച്ച 5 ടി20 താരങ്ങളെ ആരാധകർക്ക് മുൻപിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ഐസിസി അവരുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പൊള്ളാർഡിന്റെ വിഡിയോ അടങ്ങുന്ന പോസ്റ്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്. “വെസ്റ്റ് ഇൻഡീസിൽ നിന്നുള്ള മൂന്ന് പേർ, ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നും ഓരോ കളിക്കാരനും, തിളക്കമാർന്ന താരമായ കീറൺ പൊള്ളാർഡിന്റെ ടി20 ലോകകപ്പ് കിരീടങ്ങളും റെക്കോർഡുകളുമുള്ള മികച്ച അഞ്ച് കളിക്കാർ” എന്ന് എഴുതിയിരിക്കുന്നതാണ് ട്വീറ്റ്.

1.ക്രിസ് ഗെയ്ൽ

പൊള്ളാർഡിന്റെ ഒന്നാമത്തെ താരം വിൻഡീസ് ഇതിഹാസമായ ക്രിസ് ഗെയ്ൽ ആണ്. രണ്ട് തവണ ടി20 ലോകകപ്പ് ജേതാവായ ഗെയ്ൽ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്. “ഒന്നാമതായി, ക്രിസ്റ്റഫർ ഹെൻറി ഗെയ്ൽ, യൂണിവേഴ്സ് ബോസ്. ടി20 ക്രിക്കറ്റിൽ 22 സെഞ്ചുറികളുമായി പതിനാലായിരത്തിലധികം റൺസ്. തീർച്ചയായും നമ്പർ 1,” പൊള്ളാർഡ് പറഞ്ഞു. 446 മത്സരങ്ങളിൽ നിന്ന് 36.94 ബാറ്റിങ്ങ് ശരാശരിയിൽ നിന്ന് 14261 റൺസ് ഗെയ്ൽ നേടി. 145.87 ആണ് ടി20യിൽ ഗെയ്‌ലിന്റെ സ്ട്രൈക്ക് റേറ്റ്. 2013-ലെ ഐപിഎല്ലിൽ പൂനെ വാരിയേഴ്‌സ് ഇന്ത്യക്കെതിരെ പുറത്താകാതെ നേടിയ 175 റൺസാണ് ടി20യിലെ ഉയർന്ന സ്കോർ.

2.ലസിത് മലിംഗ

രണ്ടാമത്തെ താരം അടുത്തിടെ വിരമിച്ച ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗയാണ്. മലിംഗ മുംബൈ ഇന്ത്യൻസിൽ പൊള്ളാർഡിന്റെ സഹതാരം കൂടിയായിരുന്നു. 295 മത്സരങ്ങളിൽ നിന്ന് 20 ശരാശരിയിൽ നിന്ന് 390 വിക്കറ്റുകൾ മലിംഗ നേടിയിട്ടുണ്ട്. 2014-ൽ മലിംഗയുടെ നേതൃത്വത്തിൽ ശ്രീലങ്ക ടി20 ലോകകപ്പ് സ്വന്തമാക്കിയിരുന്നു. “”രണ്ടാമതായി, ലസിത് മലിംഗ. യോർകാറുകളുടെ രാജാവ്” പൊള്ളാർഡ് പറഞ്ഞു.

3.സുനിൽ നരൈൻ

പൊള്ളാർഡിന്റെ മൂന്നാമത്തെ താരം വിൻഡീസ് സ്പിൻ മാന്ത്രികൻ സുനിൽ നരൈൻ ആണ്. “സ്പിന്നർമാരെ നോക്കുകയാണെങ്കിൽ സുനിൽ നരൈൻ , സ്പിൻ രാജാവ്. പവർപ്ളേയിലും അവസാന ഓവറുകളിലും അതിശയകരമായി പന്തെറിയാൻ സാധിക്കും” പൊള്ളാർഡ് പറഞ്ഞു. 379 മത്സരങ്ങളിൽ നിന്ന് 20.77 ബൗളിങ്ങ് ശരാശരിയിൽ നിന്ന് 419 വിക്കറ്റുകൾ സ്വന്തമാക്കി.

4.എം. എസ്. ധോണി

പൊള്ളാർഡിന്റെ അടുത്ത താരം ഇന്ത്യൻ താരം എം. എസ്. ധോണിയാണ്. വിക്കറ്റ് കീപ്പിങ്ങും ബാറ്റിങ്ങ് പൊസിഷനും അനുസരിച്ച് എം എസ് ധോണിയെ തിരഞ്ഞെടുക്കുന്നുവെന്നും അദ്ദേഹം നല്ലൊരു ഫിനിഷർ ആണെന്നും നല്ല ഒരു ചിന്തകൻ ആണെന്നും പൊള്ളാർഡ് കൂട്ടിച്ചേർത്തു.
344 മത്സരങ്ങളിൽ നിന്ന് 38.36 ബാറ്റിങ്ങ് ശരാശരിയിൽ നിന്ന് 6905 റൺസ് നേടി. ടി20യിൽ നിന്ന് 196 ക്യാച്ചുകളും 84 സ്റ്റമ്പിങ്ങുകളും ധോണി സ്വന്തമാക്കി.

5.കീറൺ പൊള്ളാർഡ്

പൊള്ളാർഡിന്റെ അവസാന താരം പൊള്ളാർഡ് തന്നെയാണ്. “നമ്പർ 5, അത് എന്റെ ലോക ഇലവൻ ടി20 ആണെങ്കിൽ, ഞാൻ അവിടെ ഉണ്ടായിരിക്കണം, എനിക്ക് കളിക്കണം. ഞാൻ നമ്പർ 5 ആകും, ടി20 ക്രിക്കറ്റിന്റെ കാര്യത്തിൽ എന്റെ റെക്കോർഡ് സ്വയം സംസാരിക്കും,” പൊള്ളാർഡ് പറഞ്ഞു. 567 മത്സരങ്ങളിൽ നിന്ന് 11223 റൺസും 300 വിക്കറ്റുകളും പൊള്ളാർഡ് സ്വന്തമാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close