NEWSWORLD

പക്ഷിയെ വേട്ടയാടിപിടിച്ച് തിന്നുന്ന ആമ; അത്ഭുതവും ഭീതിയുമുണർത്തുന്ന ദൃശ്യങ്ങൾ; ഞെട്ടൽ മാറാതെ ശാസ്ത്രജ്ഞർ

പൊതുവെ സസ്യാഹാരിയായാണ് ആമകളെ കണക്കാക്കുന്നത്. എന്നാൽ ഒരു പക്ഷിയെ വേട്ടയാടി കൊന്നു തിന്നുന്ന ആമയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ശാസ്ത്രലോകം. ഇന്ത്യൻ മഹാസമുദ്രത്തിൽ സീഷെൽസിലെ ഒരു സ്വകാര്യ ദ്വീപായ ഫ്രഗേറ്റ് ദ്വീപിൽ വെച്ചാണ് ഗവേഷകർ സംഭവത്തിന് സാക്ഷ്യം വഹിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടു.

പൊതുവെ സസ്യഭുക്കായി കണക്കാക്കുന്ന ഒരു തരം ആമയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മരത്തിൽ നിന്ന് താഴെ വീണ പക്ഷികുഞ്ഞിന്റെ അടുത്ത് നടന്ന് ചെല്ലുന്ന ആമ അതിന്റെ തല കടിച്ചെടുത്ത് കൊല്ലുന്നതും മുഴുവനായി വിഴുങ്ങുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.

ഇലകളും പഴങ്ങളും പോലുള്ള സസ്യാഹാരങ്ങളാണ് ആമയുടെ പ്രധാന ഭക്ഷണം. അപൂർവ്വമായി ചിലപ്പോഴൊക്കെ ചത്ത മൃഗങ്ങളുടെ മാംസമോ കാൽസ്യത്തിനായി ഒച്ച് പോലുള്ള ചെറുജീവികളെയും കഴിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ വേട്ടയാടുന്ന ആമകൾ ഉണ്ടെന്നത് ശാസ്ത്രലോകത്തിന് അത്ഭുതമായി മാറിയിരിക്കുകയാണ്. ഗാലപ്പഗോസിലെയും സീഷെൽസിലെയും ഏറ്റവും വല്യ സസ്യഭുക്കുകൾ ഈ ഭീമാകാരൻ ആമകളാണ്. ഇവിടുത്തെ വൻ സസ്യസമ്പത്തിൽ പതിനൊന്ന് ശതമാനവും ഭക്ഷിക്കുന്നതും ഇവർ തന്നെയാണ്.

ഇക്കോടൂറിസത്തിനായി ഈ സ്വകാര്യ ദ്വീപിൽ വലിയ തോതിൽ മാറ്റങ്ങൾ വരുത്തിയത് ആവാസവ്യവസ്ഥയിൽ വ്യതിയാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത് മൂലം ഇവിടെ കടൽ പക്ഷികൾ വൻതോതിൽ പെരുകി. നിലവിൽ ദ്വീപിൽ ഏകദേശം 2,65,000 ഓളം കടല്പക്ഷികളുണ്ടെന്നാണ് കണക്ക്. മരത്തിന്റെ മുകളിലെ കൂടുകളിൽ നിന്ന് താഴെ വീഴുന്ന പക്ഷികുഞ്ഞുങ്ങളെ ഈ ആമകൾ ആഹാരമാക്കുന്നു. കറന്റ് ബയോളജി എന്ന ജേർണലിലാണ് ഈ പഠനം ഗവേഷകർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കേംബ്രിഡ്ജിലെ പീറ്റർഹൗസിലെ ഡയറക്ടർ ഓഫ് സ്റ്റഡീസും കേംബ്രിഡ്ജ് സർവകലാശാലയിലെ സുവോളജി മ്യൂസിയത്തിലെ അഫിലിയേറ്റഡ് ഗവേഷകനുമായ ഡോ. ജസ്റ്റിൻ ജെർലാച്ചാണ് പഠനത്തിന് നേതൃത്വം നൽകിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close