KERALANEWSUncategorized

കോട്ടയം എക്സ്പ്രസ്സിലും സീസൺ പരിഗണിച്ചില്ല; നിരാശയിൽ മുങ്ങി യാത്രക്കാർ

കൊച്ചി: നീണ്ട കാത്തിരിപ്പിന് ശേഷമാണ് രാത്രി എട്ടുമണിക്ക് എറണാകുളത്ത് നിന്ന് കോട്ടയത്തേക്കുള്ള ട്രെയിൻ സർവീസ് പുനരാരംഭിച്ചത്. പക്ഷേ ഇതൊരു എട്ടിന്റെ പണിയായിപ്പോയെന്നാണ് യാത്രക്കാരുടെ അഭിപ്രായം. ട്രെയിനിൽ സീസൺ/കൗണ്ടർ ടിക്കറ്റുകൾ അനുവദിക്കാതിരുന്നതാണ് സ്ഥിരയാത്രക്കാർക്ക് അസംതൃപ്തിയ്ക്ക് കാരണമായത്. കോവിഡ് രൂക്ഷമായിരുന്ന സാഹചര്യത്തിൽ താരതമ്യേന തിരക്ക് കുറഞ്ഞ പുനലൂർ – ഗുരുവായൂർ എക്സ്പ്രസ്സിൽ സീസൺ/ കൗണ്ടർ ടിക്കറ്റ് അനുവദിച്ച റെയിൽവേ കൂടുതൽ ഇളവുകൾ നൽകേണ്ട നിലവിലെ സാഹചര്യത്തിൽ യാത്രക്കാരോട് കാണിക്കുന്നത് കടുത്ത അനീതിയാണിതെന്ന് യാത്രക്കാരുടെ കൂട്ടായ്മ ഫ്രണ്ട്‌സ് ഓൺ റെയിൽസ്.

ഒരുപാട് പ്രതീക്ഷയോടെ റെയിൽ യാത്രക്കാർ കാത്തിരുന്ന മന്ത്രി അബ്ദു റഹ്മാനും റെയിൽവേയും തമ്മിൽ ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയിലും യാത്രക്കാരോടുള്ള സമീപനത്തിൽ റെയിൽവേ അയവ് വരുത്തിയില്ലെന്നതിന് തെളിവാണിത്. വിശക്കുന്നവന്റെ മുന്നിൽ ചെറിയ ഒന്ന് രണ്ട് അപ്പകഷ്ണങ്ങൾ ഏറിഞ്ഞു നൽകിയതിന് തുല്യമാണ് ഇത്. കച്ചവടക്കാരും സ്വകാര്യ മേഖലയിലെ സാധാരണക്കാരും ഏറെ ആശ്രയിച്ചിരുന്ന ട്രെയിനായിരുന്നു നിലമ്പൂർ – കോട്ടയം പാസഞ്ചർ. എറണാകുളത്ത് നിന്ന് കോട്ടയത്തേക്കുള്ള അവസാന സർവീസ് ആയതിനാലും ഒരുപാട് യാത്രക്കാർക്ക് ആശ്വാസമായിരുന്ന ട്രെയിൻ ഇപ്പോൾ അനുവദിച്ചിരിക്കുന്നത് ഫുൾ റിസർവേഷൻ സ്പെഷ്യൽ എക്സ്പ്രസ്സായിട്ടാണ്.

പണ്ട് 15 രൂപ നിരക്കിൽ യാത്ര ചെയ്തുകൊണ്ടിരുന്നവർ ഇപ്പോൾ റിസർവേഷൻ ചാർജടക്കം അൻപതുരൂപ നൽകണം. ഓൺലൈനിൽ ടിക്കറ്റ് എടുത്താൽ IRCTC യ്ക്ക് നൽകേണ്ട 17.70 രൂപയും ചേർത്ത് 67.70 രൂപ നൽകണം. ഈ സാഹചര്യത്തിലും റെയിൽവേയുടെ ലക്ഷ്യം അമിതലാഭം മാത്രമാണെന്ന് വ്യക്തമാകുകയാണ്. സീസൺ ടിക്കറ്റ് അനുവദിച്ചിരുന്നെങ്കിൽ ഒരു മാസം അങ്ങോട്ടും ഇങ്ങോട്ടുമായി 270 രൂപ മാത്രമായി കുറഞ്ഞേനെ. അതുപോലെ അൺ റിസേർവ്ഡ്‌ കോച്ചുകൾ അനുവദിച്ചിരുന്നെങ്കിൽ ഒരു യാത്രയ്ക്ക് 35 രൂപയിൽ ഒതുങ്ങുമായിരുന്നു. സ്ഥിര യാത്രക്കാർക്ക് യാതൊരുവിധ പ്രയോജനവും ഇത്തരത്തിൽ സർവീസ് നടത്തിയാൽ ലഭിക്കുന്നില്ല. ടിക്കറ്റ് റിസർവേഷൻ ചെയ്യാൻ പോലും അറിയാത്ത തീരെ സാധാരണക്കാരുമുണ്ട് എന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്.

പണ്ട് എറണാകുളം ജംഗ്ഷനിൽ നിന്ന് ആരംഭിച്ചിരുന്ന എറണാകുളം – കോട്ടയം പാസഞ്ചർ പിന്നീട് നിലമ്പൂർ – കോട്ടയമാക്കി മാറ്റുകയായിരുന്നു. നിലമ്പൂർ – എറണാകുളം പാസഞ്ചറിന്റെ റാക്കുകൾ ഉപയോഗിച്ചായിരുന്നായിരുന്നു എറണാകുളം – കോട്ടയം പാസഞ്ചർ ഓടിച്ചിരുന്നത്. നിലമ്പൂർ – എറണാകുളം തീവണ്ടി വൈകി ഓടുന്ന ദിവസം കോട്ടയം പാസഞ്ചറും വൈകിയിരുന്നു. ഇത് സ്റ്റേഷനിൽ വലിയ പ്രതിഷേധങ്ങൾക്ക് സാഹചര്യമൊരുക്കിയിരുന്നു. അതിന് ശേഷമാണ് സമയത്തിൽ ചെറിയ മാറ്റം വരുത്തിക്കൊണ്ട് രണ്ട് പാസഞ്ചറും ചേർത്ത് ഒറ്റ സർവീസാക്കി മാറ്റിയത്. ഇതാണ് ഒക്ടോബർ 7 മുതൽ എക്സ്പ്രസ്സ്‌ ശ്രേണിയിലേക്ക് മാറുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇരട്ടി വിലയ്ക്ക് വിൽക്കുക മാത്രമാണ് റെയിൽവേ ചെയ്തത്.

കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണക്കാരന് ഇതൊരു പ്രഹരമാണ്. വാണിജ്യമേഖലയിൽ വൻപ്രതിസന്ധി നേരിടുമ്പോൾ സർക്കാർ ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ ശ്രമിക്കുന്നതിന് പകരം പിടിച്ചുപറി നടത്തുകയാണെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് കോട്ടയം യൂണിറ്റ് ആരോപിച്ചു. ഒക്ടോബർ രണ്ടാം വാരത്തിൽ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി സീസൺ നേടിയെടുക്കാമെന്നുള്ള പ്രതീക്ഷയിലാണ് യാത്രക്കാർ. അതിനായി പാസഞ്ചർ അസോസിയേഷനുകൾ മുഖാന്തരം റെയിൽവേ ഡിവിഷനിലും ജനപ്രതിനിധികൾക്കിടയിലും ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

കറന്റ് റിസർവേഷൻ കൗണ്ടർ വഴി പ്രധാന സ്റ്റേഷനുകളിൽ അരമണിക്കൂർ മുമ്പ് വരെ ടിക്കറ്റ് ചില ട്രെയിനുകൾക്ക് നൽകി വരുന്നുണ്ട്, കോട്ടയം എക്സ്പ്രസ്സിനെ അതിനുപോലും പരിഗണിക്കാത്തത്തിൽ കടുത്ത നിരാശയിലാണ് യാത്രക്കാർ. പുനലൂർ – ഗുരുവായൂർ എക്സ്പ്രസ്സിന് നൽകാമെങ്കിൽ വാക്സിനേഷനും കോവിഡ് പ്രതിരോധവും മികച്ചുനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ പുതുതായി അനുവദിക്കുന്ന അന്തർ സംസ്ഥാന ട്രെയിനുകളിൽ സീസൺ തടഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് യാത്രക്കാർ ചോദിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close