KERALANEWSTop News

തിരുവനന്തപുരത്ത് കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് രൂക്ഷം; രാത്രിയിലും ശക്തമായ മഴ തുടരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുകയാണ്. തലസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. വിതുര,പാലോട്, നെടുമങ്ങാട് മേഖലകളിൽ അഞ്ച് മണിക്കൂറായി കനത്ത മഴ പെയ്യുകയാണ്. വാമനപുരം, നെയ്യാർ നദികളിൽ ജലനിരപ്പുയർന്നു.

വിതുര പൊന്നാം ചുണ്ട് പാലത്തിലും, സൂര്യകാന്തി പാലത്തിലും വെള്ളം കയറി. ആറ്റിങ്ങൽ സ്വകാര്യ ബസ്റ്റാൻഡ് പരിസരത്തെ റോഡിൽ വെള്ളം കയറി. ഇവിടെ ശക്തമായ ഒഴുക്കുമുണ്ട്. ഇരുചക്രവാഹന ഗതാഗതം തടസ്സപ്പെട്ട അവസ്ഥയാണ്.

വെള്ളറടയിൽ ഉരുൾപൊട്ടലിന് സമാനമായ മലവെള്ളപാച്ചിൽ ഉണ്ടായി. 15 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ചുണ്ടിക്കൻ നെല്ലിശേരി, കുരിശുമലയുടെ അടിഭാഗം എന്നിവിടങ്ങളിലാണ് ശക്തമായി മലവെള്ളം ഒലിച്ചിറങ്ങിയത്. ഉരുൾപൊട്ടലിന് സമാനമായ രീതിയിൽ പാറ കഷണങ്ങളും ഒഴുകി വന്നു.

അതേസമയം തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലും രണ്ട് മണിക്കൂറായി നല്ല മഴയുണ്ട്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എം സി റോഡിൽ നിലമേൽ ഭാഗത്ത് വെള്ളം കയറി. ഗതാഗതം തടസപ്പെട്ട അവസ്ഥയാണ്. വാഹനങ്ങൾ മറ്റ് ഇടറോഡുകൾ വഴി തിരിച്ചു വിടുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

രാത്രിയോടെ മഴ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍-മദ്ധ്യ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒഴികെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അര്‍ദ്ധരാത്രിയോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇന്ന് രാത്രി മുതല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.

നിലവില്‍ കോമോറിന്‍ ഭാഗത്തുള്ള ചക്രവാതച്ചുഴി നാളെയോടെ അറബിക്കടലിലേക്ക് എത്തും. നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദവും രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിച്ച് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദത്തിന്റെയും പ്രഭാവത്തില്‍ കിഴക്കന്‍ കാറ്റ് സജീവമാകുന്നതിനാല്‍ മൂന്ന് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ കേരളത്തില്‍ തുടരും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close