ആറ്റിങ്ങലിലെ കൂട്ട ആത്മഹത്യയിൽ ദുരൂഹത; കൂടുതൽ അന്വേഷണത്തിന് പൊലീസ്

ആറ്റിങ്ങൽ: ചാത്തമ്പാറയിൽ തട്ടുകടയുടമയുടെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. മണിക്കുട്ടന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെങ്കിലും അതൊക്കെ മറികടക്കാനുള്ള സാമ്പത്തിക ശ്രോതസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. തട്ടുകടക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ചുമത്തിയ പിഴ അയ്യായിരം രൂപ മാത്രവുമായിരുന്നു. എന്നിട്ടും എന്തിനാണ് കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തത് എന്നതിനാലാണ് പൊലീസ് കൂടുതൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്.
ചാത്തമ്പാറ കടയിൽവീട്ടിൽ മണിക്കുട്ടൻ (46), ഭാര്യ സന്ധ്യ (36), മക്കളായ അജീഷ് (15), അമേയ (13), മണിക്കുട്ടന്റെ അമ്മയുടെ സഹോദരി ദേവകി (75) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ബാഹ്യപ്രേരണകളുണ്ടായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മണിക്കുട്ടന്റെയും കുടുംബാംഗങ്ങളുടെയും മൊബൈൽഫോൺ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങുകയാണ് പോലീസ്.
വെള്ളിയാഴ്ച വൈകീട്ട് മണിക്കുട്ടനും ഭാര്യയും മക്കളും പുറത്തുപോയിരുന്നു. രാത്രി 9 മണിയോടെയാണ് ഇവർ വീട്ടിൽ മടങ്ങിയെത്തിയത്. ഇവർ വരുമ്പോൾ വാസന്തി ഉറക്കത്തിലായിരുന്നു. വിളിച്ചതിനെത്തുടർന്ന് എഴുന്നേറ്റുവന്ന് കതക് തുറന്നുകൊടുത്തു. വാസന്തി ഉടൻതന്നെ കിടന്നുറങ്ങുകയും ചെയ്തു. പിന്നീടെന്താണ് സംഭവിച്ചതെന്ന് ഇവർക്കറിയില്ലെന്നാണ് സൂചന. ശനിയാഴ്ച ഇവരുടെ മൊഴിയെടുക്കാൻ പോലീസിനായിട്ടില്ല.
മണിക്കുട്ടൻ തമിഴ്നാട്ടിൽ തോട്ടങ്ങൾ പാട്ടത്തിനെടുത്ത് കൃഷിചെയ്തിരുന്നതായി വിവരമുണ്ട്. പഴങ്ങളുത്പാദിപ്പിച്ച് നാട്ടിലെത്തിച്ച് കച്ചവടം ചെയ്യുകയായിരുന്നു രീതി. കോവിഡ് ബാധയെത്തുടർന്ന് കൃഷി നഷ്ടത്തിലാവുകയും 12 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായതായും ചിലരോടു പറഞ്ഞിരുന്നതായി സൂചനയുണ്ട്. അടുത്തിടെ തടിക്കച്ചവടത്തിലും ഏർപ്പെട്ടിരുന്നതായി പറയപ്പെടുന്നു. വാടകയ്ക്കെടുത്ത കടയിലാണ് മണിക്കുട്ടൻ തട്ടുകട നടത്തിയിരുന്നത്. കടയുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയും മണിക്കുട്ടനും തമ്മിൽ കോടതിയിൽ കേസ് നിലവിലുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചാത്തമ്പാറയിലുള്ള കുടുംബവീട്ടിലാണ് മണിക്കുട്ടനും കുടുംബവും താമസിക്കുന്നത്. അടുത്തിടെ ഇവിടെനിന്നും അല്പമകലെ ഒരു പഴയവീടും ഭൂമിയും വാങ്ങിയിരുന്നു. ഇത് നവീകരിച്ച് ഒരാഴ്ചമുമ്പ് പാലുകാച്ചൽ ചടങ്ങും നടത്തി. രണ്ടുദിവസം ഈ വീട്ടിൽ താമസിച്ചശേഷം കച്ചവടത്തിന്റെ സൗകര്യത്തിനായി കുടുംബവീട്ടിൽ തന്നെ താമസം തുടരുകയായിരുന്നുവെന്നാണ് ബന്ധുക്കൾ നല്കുന്ന വിവരം.
എന്തിനീ കടുംകൈ ചെയ്തു? ഉത്തരം കിട്ടാതെ നാട്
ആറ്റിങ്ങൽ: ‘കുട്ടനെന്തിനീ കടുംകൈ ചെയ്തു’-ചാത്തമ്പാറയിൽ തട്ടുകട നടത്തുന്ന മണിക്കുട്ടനും കുടുംബവും ആത്മഹത്യചെയ്തുവെന്ന വാർത്തയറിഞ്ഞവരെല്ലാം ചോദിച്ചത് ഇതായിരുന്നു. ഏറെക്കാലമായി ചാത്തമ്പാറയിൽ ദേശീയപാതയോരത്ത് തട്ടുകട നടത്തുന്നയാളാണ് മണിക്കുട്ടൻ. നാട്ടുകാർക്കും യാത്രക്കാർക്കും സുപരിചിതൻ. നല്ല കച്ചവടമുള്ള കടയാണിത്. ഉച്ചയോടെയാണ് കച്ചവടം ആരംഭിക്കുന്നത്. രാത്രി രണ്ടുമണിവരെയൊക്കെ കച്ചവടം നീളും. ഭക്ഷ്യവസ്തുക്കൾ വീട്ടിൽവെച്ച് പാചകം ചെയ്ത് കടയിലെത്തിച്ചും കച്ചവടം നടത്തിയിരുന്നു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയെത്തുടർന്ന് ചൊവ്വാഴ്ചയാണ് കട അടച്ചത്.
കട തുറക്കാനുള്ള എല്ലാ ഒരുക്കങ്ങളും മണിക്കുട്ടൻ നടത്തിയിരുന്നതായാണ് വീട്ടിൽനിന്നു ലഭിക്കുന്ന സൂചന. വീട്ടുമുറ്റത്തെ ഷെഡ്ഡിനുള്ളിൽ സവാളയും മറ്റും ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ ഇവരുടെ വീട്ടിൽ വൈദ്യുതിയുണ്ടായിരുന്നില്ല. ഇതു കാരണം സന്ധ്യ തന്റെ മൊബൈൽഫോൺ ചാർജ് ചെയ്യാൻ അയൽപക്കത്തെ വീട്ടിൽ കൊണ്ടുവെച്ചിരുന്നു. രാത്രി 9 മണിക്കുശേഷമാണ് ഈ ഫോൺ സന്ധ്യ എടുത്തുകൊണ്ടുപോയത്. സന്ധ്യയുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ലെന്ന് അയൽവാസികൾ പറയുന്നു. വെള്ളിയാഴ്ച വൈകീട്ടും മണിക്കുട്ടനെ പലരും കണ്ടിരുന്നു.
രാത്രിയിൽ ഈ വീട്ടിൽനിന്ന് ഒച്ചയോ ബഹളമോ ഒന്നും അയൽക്കാരാരും കേട്ടിട്ടുമില്ല. ഈ വീട്ടിൽ ഒപ്പമുണ്ടായിരുന്നയാളാണ് മണിക്കുട്ടന്റെ അമ്മ വാസന്തി. മകനും കുടുംബത്തിനുമുണ്ടായ ദുരന്തം ശനിയാഴ്ച വൈകിയും വാസന്തി അറിഞ്ഞിട്ടില്ല. ഒരുപക്ഷേ, വാസന്തി നേരത്തേ ഉറങ്ങിപ്പോയതുകൊണ്ടാകാം മരണത്തിൽനിന്ന് രക്ഷപ്പെട്ടതെന്നാണ് പോലീസ് കരുതുന്നത്. ശനിയാഴ്ച രാത്രിയിൽ ഇവർ എപ്പോഴാണുറങ്ങിയതെന്നുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചാൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തതവരുത്താൻ കഴിയൂവെന്ന് പോലീസ് പറഞ്ഞു.
പിഴ ചുമത്തിയത് 5000 രൂപമാത്രം
ആറ്റിങ്ങൽ: മണിക്കുട്ടന്റെ തട്ടുകടയ്ക്കു ചുമത്തിയ പിഴ അയ്യായിരം രൂപ മാത്രമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പധികൃതർ. ജൂൺ 28-നാണ് മണിക്കുട്ടന്റെ കടയിൽ പരിശോധന നടത്തിയത്. കടയ്ക്ക് രജിസ്ട്രേഷനോ ലൈസൻസോ ഉണ്ടായിരുന്നില്ല. ഭക്ഷ്യസുരക്ഷാ കമ്മിഷണർ മുമ്പാകെ ഹാജരാകൻ നോട്ടീസ് നല്കി. 30-ന് ഗിരിജ എന്ന ആൾ കമ്മിഷണർ മുമ്പാകെ ഹാജരാവുകയും വാദം കേട്ടശേഷം കമ്മിഷണർ അയ്യായിരം രൂപ പിഴ ചുമത്തുകയും ചെയ്തു. പിഴയടയ്ക്കാൻ കൂടുതൽ സമയം ഉണ്ടായിട്ടും അന്നുതന്നെ തിരുവനന്തപുരം ട്രഷറിയിൽ ഇവർ പണമടച്ച് രസീത് ഹാജരാക്കി.
വീട്ടുവളപ്പിൽ സംസ്കരിച്ചു
ആറ്റിങ്ങൽ: ചാത്തമ്പാറയിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ അഞ്ചുപേരുടെയും മൃതദേഹങ്ങൾ മണിക്കുട്ടൻ പുതുതായി വാങ്ങിയ വീട്ടുവളപ്പിൽ സംസ്കരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പരിശോധനകൾക്കുശേഷം ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് മൃതദേഹങ്ങൾ ചാത്തമ്പാറയിലെ വീട്ടുവളപ്പിലെത്തിച്ചത്. അതേസമയം, സംഭവത്തിൽ പുറത്തുനിന്നുള്ള ഇടപെടലുകളൊന്നുമുണ്ടായതായി സൂചനകളില്ലെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ പോലീസ് മേധാവി ദിവ്യ വി.ഗോപിനാഥ് പറഞ്ഞു. ആത്മഹത്യാ കുറിപ്പുകളൊന്നും വീടിനുള്ളിൽനിന്ന് ലഭിച്ചിട്ടില്ലെന്ന് വർക്കല ഡിവൈ.എസ്.പി. പി.നിയാസ് പറഞ്ഞു.