KERALANEWSTop News

കടൽ കയറിയപ്പോൾ ഭക്ഷണം പോലും കൊടുക്കാൻ സമ്മതിക്കാതെ മാർക്സിസ്റ്റ് ധാർഷ്ട്യം; തങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന ആവശ്യവുമായി ജനങ്ങൾ; ചെല്ലാനം പഞ്ചായത്ത് ട്വന്റി 20 ഭരിക്കാനൊരുങ്ങുന്നത് ജനവികാരം കണക്കിലെടുത്ത്

ചെല്ലാനം: എറണാകുളം ചെല്ലാനം പഞ്ചായത്തിൽ യുഡിഎഫുമായി സഖ്യം ചേരാനൊരുങ്ങി ട്വന്റി-20. സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ ഭരണം പിടിച്ചെടുക്കാനാണ് ട്വന്റി-20 യും കോൺഗ്രസ്സും കൈകോർക്കുന്നത്. ഇതിനെ കുറിച്ച് ചർച്ച ചെയ്യാൻ ട്വന്റി-20 നേതാക്കൾ ഡിസിസി ഓഫീസിലെത്തി. അടുത്തയാഴ്ച പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ.

തിരഞ്ഞെടുപ്പ് സമയത്ത് മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായും സഹകരിക്കില്ലെന്നും ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും ട്വന്റി-20 വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് പാർട്ടി കാഴ്ച്ചവെച്ചതും. എന്നാൽ, ആരുടെയും പിന്തുണ വേണ്ടെന്നും ആരെയും പിന്തുണക്കുന്നില്ലെന്നുമുള്ള മുൻ നിലപാടിൽ ട്വന്റി് 20 ഉറച്ചു നിന്നതോടെയാണ് പഞ്ചായത്ത് ഭരണസമിതിയിലെ ന്യൂനപക്ഷമായ സിപിഎം അധികാരത്തിലേറിയത്.

ചെല്ലാനത്തെ ഏറ്റവും വലിയ പ്രശ്നം ആയ കടൽക്ഷോഭം നേരിടുന്നതിൽ നാളിതുവരെയായിട്ടും യാതൊരുവിധ നടപടികളും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ജനകീയകൂട്ടായ്മ രൂപമെടുക്കുന്നത്. കിഴക്കമ്പലത്തെ പോലെ പിന്തുണയ്ക്കാൻ വൻകിടകമ്പനികളോ കോർപ്പറേറ്റുകളോ ഉണ്ടായില്ല. മത്സ്യത്തൊഴിലാളികളും ദിവസക്കൂലി ക്കാരായ തൊഴിലാളികളും വിദ്യാർത്ഥികളും വീട്ടമ്മമാരും ചേരുന്ന ജനത ഈ കൂട്ടായ്മയിൽ പങ്കാളികളായി .സാമൂഹ്യ പ്രവർത്തകനായ പവിഴം ബിജുവാണ് കൂട്ടായ്മയുടെ പ്രസിഡൻറ് . ഒപ്പം പിന്തുണയ്ക്കാൻ നിരവധി പേരും എത്തി .

ഓരോ വാർഡുകൾ കേന്ദ്രീകരിച്ചും വാട്ട്സപ്പ് കൂട്ടായ്മകൾ തുടങ്ങുകയും ഈ കൂട്ടായ്മയോട് അവരുടെ ജനകീയ വിഷയങ്ങൾ മുന്നോട്ടു വയ്ക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു . തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തന്നെയായിരുന്നു പ്രവർത്തനം . ഓരോ വാർഡിലും മത്സരിക്കുവാൻ അഞ്ചുപേരുടെ പട്ടിക തയ്യാറാക്കുകയും അവരിൽനിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ വാർഡിലുള്ളവരെ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. തികച്ചും ജനാധിപത്യപരമായി തന്നെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കൽ പൂർത്തിയാക്കി . ഇതു തന്നെയായിരുന്നു ചെല്ലാനത്തെ വിജയത്തിൻറെ രഹസ്യവും . ഇടത് വലത് മുന്നണികളെ എട്ടു സീറ്റുകളിൽ തറപറ്റിക്കാൻ ട്വൻറി 20 കഴിഞ്ഞു. അത്രയും സീറ്റുകളിൽ തന്നെ മികച്ച പ്രകടനവുമായി രണ്ടാമത് എത്തുകയും ചെയ്തു. അക്ഷരാർത്ഥത്തിൽ വലിയ വിജയമാണ് ഈ കൂട്ടായ്മ പഞ്ചായത്തിൽ ഒന്നാകെ നേടിയെടുത്തത്.

കഴിഞ്ഞ തവണയുണ്ടായ കടൽക്ഷോഭത്തിൽ വീണ്ടും ചെല്ലാനം വെള്ളത്തിൽ മുങ്ങിയപ്പോൾ ട്വന്റി 20 പ്രവർത്തകർ ജനങ്ങൾക്ക് ഭക്ഷവും വസ്ത്രവുമായി എത്തിയിരുന്നു. എന്നാൽ, ഇവ വിതരണം ചെയ്യാൻ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് അനുവദിച്ചില്ല. ഇത് വലിയ വിവാദമായിരുന്നു. സിപിഎം അനുകൂലികളായ ആളുകൾ പോലും ഇതിനെതിരെ രം​ഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്ത് ഭരണം ട്വന്റി 20 ഏറ്റെടുക്കണം എന്ന വികാരം ജനങ്ങൾ തന്നെ പ്രകടിപ്പിച്ചത്. ഇതേ തുടർന്നാണ് പാർട്ടി മുൻ നിലപാടിൽ നിന്നും പിന്നോട്ട് പോകുന്നത്.

എട്ട് കൗൺസിലർമാരാണ് ചെല്ലാനം പഞ്ചായത്തിൽ ട്വന്റി-20 ക്കുള്ളത്. 9 കൗൺസിലർമാർ ഉള്ള എൽഡിഎഫാണ് ഭരണം പിടിച്ചത്. യുഡിഎഫിന് നാല് കൗൺസിലർ ഉണ്ടെങ്കിലും അന്ന് വിട്ടുനിന്നതിനാലാണ് ഭൂരിപക്ഷം നേടിയ എൽഡിഎഫ് ഭരണം നേടിയത്. അവിശ്വാസ പ്രമേയം അവതരിപ്പിച്ച് നിലവിലെ സിപിഎം ഭരണം മാറ്റി പകരം ട്വന്റി-20 ഭരണത്തിലേറാനാണ് ശ്രമിക്കുന്നത്. പ്രസിഡന്റ് സ്ഥാനം ട്വന്റി-20 ക്കും വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനും എന്ന ഉപാധിയിലാണ് ധാരണയായത്.

ചെല്ലാനത്ത്കാരുടെ ദുരിതം ആയ കടൽക്ഷോഭത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കാനുള്ള നടപടികൾ നേടിയെടുക്കുക എന്ന ഒറ്റ ലക്ഷ്യമാണ് കൂട്ടായ്മയ്ക്ക് മുന്നിലുള്ളത് . അത് തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് ആണ് തീരദേശത്തെ ജനങ്ങൾ ഒന്നടങ്കം ട്വൻറി20 ക്ക് പിന്തുണ പ്രഖ്യാപിച്ചതും.

എന്താണ് ട്വന്റി 20?

2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെട്ട കിഴക്കമ്പലം പഞ്ചായത്തിൽ ഭരണത്തിലേറിയ സംഘടനയാണ് ട്വന്റി 20. 19 വാർഡിൽ 17 ലും ജയിച്ച് അധികാരത്തിൽ വന്ന ട്വന്റി 20 അഞ്ചു വർഷംകൊണ്ടു പഞ്ചായത്തിനെയാകെ മാറ്റിമറിച്ചു. റോഡുകൾ, പാലങ്ങൾ, ഭരണരീതികൾ, ക്ഷേമ പ്രവർത്തനങ്ങൾ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ. 2020ലെ തിരഞ്ഞെടുപ്പിൽ കിഴക്കമ്പലത്തിനു പുറമെ വേറെ 3 പഞ്ചായത്തുകളിൽ കൂടി ഭരണം പിടിച്ചു. അതും പ്രതിപക്ഷത്തിനു നാമമാത്രമായ അംഗങ്ങളെ മാത്രം നൽകിക്കൊണ്ട്. വേറൊരു പഞ്ചായത്തിൽ പ്രധാന പ്രതിപക്ഷമായി. ഈ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക്, ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലും ജയിച്ചു. കിഴക്കമ്പലം മോഡൽ ആയിരുന്നു ഈ വിജയത്തിന്റെ അടിസ്ഥാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close