KERALANEWSTop News

പിണക്കം മാറാതെ വി. എം സുധീരൻ; എഐസിസി അംഗത്വവും രാജി വെച്ചു

തിരുവനന്തപുരം: കെപിപിസിസി മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ വി. എം സുധീരൻ എഐസിസി അംഗത്വവും രാജി വെച്ചു. കേരളത്തിലെ നേതൃത്വത്തിനോടുള്ള അസംതൃപ്തിയാണ് രാജിക്ക് കാരണം. കഴിഞ്ഞ ദിവസം പാർട്ടി രാഷ്ട്രീയ കാര്യസമിതിയിൽ നിന്നും രാജി വെച്ചിരുന്നു. രാജി പിൻവലിക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാക്കളെല്ലാം സുധീരനെ സമീപിച്ചിരുന്നു. എന്നാൽ രാജിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. രാജിക്കത്ത് സോണിയ ഗാന്ധിക്ക് നേരത്തെ അയച്ചു.

മുതിർന്ന നേതാവ് വി എം സുധീരൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും രാജിവച്ചത് പാർട്ടിയിൽ അനുഭവിക്കുന്ന കടുത്ത അവ​ഗണനയിൽ മനംനൊന്ത്. കടുത്ത അതൃപ്തിയെ തുടർന്നാണ് രാജിയെന്ന് സുധീരൻ പ്രതികരിച്ചു. പാർട്ടിക്കുള്ളിൽ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് സുധീരൻ ഉയർത്തുന്ന പരാതി. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്. പാർട്ടിയിലെ മാറ്റങ്ങളിൽ ചർച്ച ഉണ്ടായില്ലെന്നും കെപിസിസി പുനഃ സംഘടനാ ചർച്ചകളിലും ഒഴിവാക്കിയെന്നും സുധീരൻ പരാതി ഉയർത്തുന്നു.

ഉ​ഗ്രപ്രതാപിയായ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയെവരെ നിശ്ചയിക്കുന്ന തരത്തിൽ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിൽ കരുത്തനും ആയിരുന്ന കെ കരുണാകരനോട് പോലും ഏറ്റുമുട്ടാൻ മടിച്ചിട്ടില്ലാത്ത വി.എം.സുധീരനാണ് ഇപ്പോൾ അ​വ​ഗണനകൾ ഏറ്റുവാങ്ങി സ്വയം നിശബ്ദനാകുന്നത്. ഉമ്മൻചാണ്ടിയേയും എ ഗ്രൂപ്പിനെയും എന്നും ഞെട്ടിക്കാൻ വി എം സുധീരന് കഴിഞ്ഞിരുന്നു. ചാരക്കേസിൽ ആരോപണവിധേയനായ കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ‘എ’ ഗ്രൂപ്പ് എം.എൽ.എമാർ കോൺഗ്രസ് ഹൈക്കമാൻഡിന് സമർപ്പിക്കാൻ നിവേദനം തയ്യാറാക്കിയപ്പോൾ ‘ഐ’ ഗ്രൂപ്പുകാരനല്ലാതെ അതിൽ ഒപ്പിടാതെ മാറിനിന്ന ഏക ആളാണ് സുധീരൻ. അപ്പോഴും ‘എ’ ഗ്രൂപ്പുകാരനായി അറിയപ്പെട്ടിരുന്ന സുധീരൻ സമാന ആവശ്യമുന്നയിച്ച് സ്വന്തം നിവേദനം ഹൈക്കമാൻഡിന് നൽകുകയായിരുന്നു. കരുണാകരന് പകരം മുഖ്യമന്ത്രിയാകാൻ കച്ചകെട്ടുകയായിരുന്ന ഉമ്മൻചാണ്ടിയെ ഞെട്ടിച്ചുകൊണ്ട് പ്രത്യേക വിമാനം പിടിച്ചെത്തിയ എ.കെ.ആന്റണി അധികാരമേറ്റു. ആ മന്ത്രിസഭയിൽ മന്ത്രിയാവണം എന്ന് ആന്റണിക്ക് നിർബന്ധമുണ്ടായിരുന്നത് സുധീരന്റെ കാര്യത്തിലാണ്. കാരണം, കരുണാകരൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ ‘എ’ ഗ്രൂപ്പിന്റെ മന്ത്രിപദത്തിന് നൽകിയ ലിസ്റ്റിൽ ഉമ്മൻചാണ്ടിയായിരുന്നു ആദ്യ പേരുകാരൻ, രണ്ടാമൻ വി.എം.സുധീരൻ. രണ്ടാമന്റെ പേരൊഴികെ ആരുടെ പേരു പറഞ്ഞാലും വഴങ്ങാമെന്ന കരുണാകരന്റെ കടുംപിടിത്തത്തിൽ ‘എ’ ഗ്രൂപ്പ് കീഴടങ്ങി പുതിയ പേര് സമർപ്പിച്ചതോടെ ഉമ്മൻചാണ്ടിയുമായുള്ള സുധീരന്റെ അകൽച്ച ആരംഭിക്കുകയായിരുന്നു.

കെ.കരുണാകരനും വി.എം.സുധീരനും വളരെ അടുപ്പക്കാരായിരുന്നു. അന്തിക്കാട്ടെ കമ്മ്യൂണിസ്റ്റ് മണ്ണിൽനിന്ന് കോൺഗ്രസിന്റെ പതാകയുമായെത്തിയ ചെറുപ്പക്കാരൻ തൃശൂർ എക്കാലവും തട്ടകമാക്കാൻ താല്പര്യപ്പെട്ട ലീഡർ ശ്രദ്ധിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. കണ്ടശ്ശാംകടവ് സ്‌കൂളിൽനിന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച്, കെ.എസ്.യു പ്രസിഡന്റായി 1971-73 കാലയളവിൽ പ്രവർത്തിക്കുമ്പോൾ കരുണാകരന്റെ ശക്തമായ പിന്തുണ ലഭിച്ചു. ഫീസ് ഏകീകരണവും കോളേജ് അദ്ധ്യാപകരുടെ ശമ്പളവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സി.അച്യുതമേനോൻ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി, മാനേജ്‌മെന്റുകളുടെ ശത്രുത സമ്പാദിക്കുമ്പോൾ സുധീരൻ എന്ന ചെറുപ്പക്കാരന്റെ ജനകീയത വളരുന്നത് ലീഡർ തിരിച്ചറിഞ്ഞു. 1975 -77 കാലയളവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി. കരുണാകരൻ അച്യുതമേനോൻ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രി ആയിരിക്കേ ഔദ്യോഗിക വസതിയിൽ സുധീരന് മുറി നൽകിയിരുന്നതായി അക്കാലത്തെ കോൺഗ്രസ് യുവനേതാവ് ചെറിയാൻഫിലിപ്പ് എഴുതിയിട്ടുണ്ട്. ആന്റണിപക്ഷത്തേക്കുള്ള സുധീരന്റെ ചെരിവ് കരുണാകരനെ ശത്രുവാക്കി.

അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ഇ.ബാലാനന്ദനെ നേരിടാൻ കോൺഗ്രസ് നിയോഗിച്ചത് സുധീരനെയായിരുന്നു. ആലപ്പുഴ കാത്തിരിക്കുന്നത് തീരദേശ റെയിൽ ആണെന്ന് തിരിച്ചറിഞ്ഞ് അത് താൻ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചായിരുന്നു ആ വിദ്യാർത്ഥി നേതാവിന്റെ തെരഞ്ഞെടുപ്പ് പടയോട്ടം. ഫലം വന്നപ്പോൾ ബാലാനന്ദനെന്ന മഹാമേരു നിലംപൊത്തിയത് അമ്പരപ്പോടെയാണ് സി.പി.എം നോക്കിനിന്നത്. ഇന്ത്യ മുഴുവൻ ആഞ്ഞടിച്ച കോൺഗ്രസ് വിരുദ്ധതരംഗത്തിൽ കേരളം കോൺഗ്രസിനൊപ്പമായിരുന്നു.

അടുത്ത തെരഞ്ഞെടുപ്പിൽ സുധീരൻ ഇടതുമുന്നണിക്കൊപ്പമെത്തി. ദേവരാജ് അരശ് നേതൃത്വം നൽകിയ കോൺഗ്രസ് (യു) ഇടത് മുന്നണിയോടൊപ്പം ചേരുകയായിരുന്നു. 1980 ൽ പാർട്ടി മണലൂരിലാണ് സുധീരനെ നിയമസഭാ സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചത്. ഗുരുനാഥൻമാരിലൊരാളായ സിറ്റിംഗ് എം,എൽ.എ എൻ.ഐ ദേവസ്സിക്കുട്ടിയാണ് ശിഷ്യന്റെ മുന്നിൽ കടപുഴകിയത്. ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസുകാർ ഐ കോൺഗ്രസിൽ ലയിച്ചു. അതോടെ, ആദ്യ ഇ.കെ.നായനാർ സർക്കാർ വീണു. അന്ന് ആന്റണി കോൺഗ്രസിനൊപ്പം എൽ.ഡി.എഫ് വിട്ട പാർട്ടി മാണി കേരളാ കോൺഗ്രസ് ആയിരുന്നു. പുതിയ സർക്കാരിൽ സുധീരന്റെ ശല്യം ഒഴിവാക്കാൻ ലീഡർ പ്രയോഗിച്ച ബുദ്ധി തിരിച്ചടിച്ചു. പിഴച്ചത് സ്പീക്കറായാൽ പ്രശ്‌നമാവില്ലെന്ന കണക്കുകൂട്ടൽ. സ്പീക്കർ സർക്കാരിന്റെ റബർ സ്റ്റാമ്പല്ലെന്ന് ആഞ്ഞടിച്ച സുധീരൻ നിയമസഭ ചേരാൻ മടിച്ച് ഓർഡിനൻസ് രാജ് നടപ്പാക്കുന്നതിനെ അതിനിശിതമായി വിമർശിച്ചു. അതുവരെ മുഖ്യമന്ത്രിയായിരുന്നു നിയമസഭാ പ്രിവിലേജസ് കമ്മിറ്റി അദ്ധ്യക്ഷൻ. കരുണാകരനെ ആ ചുമതലയിൽനിന്ന് മാറ്റി ഡെപ്യുട്ടി സ്പീക്കർ ഹംസക്കുഞ്ഞിനെ നിയോഗിച്ചു. കരുണാകരൻ ഇരിക്കാൻ പറഞ്ഞാൽ കിടക്കുമായിരുന്ന ലീഗിന്റെ നോമിനിയായിരുന്നു ഹംസക്കുഞ്ഞ്. കുഞ്ഞിനെ ഡെപ്യുട്ടി സ്പീക്കർ സ്ഥാനം രാജിവയ്പിച്ച് കൊരമ്പയിൽ അഹമ്മദ്ഹാജിയെ ആ ചുമതല ഏൽപ്പിച്ചു. അങ്ങനെ തോറ്റുകൊടുക്കാൻ സുധീരനും തയ്യാറായില്ല. എ.സി.ജോസിനെ പ്രിവിലേജസ് കമ്മിറ്റി അദ്ധ്യക്ഷനായി സ്പീക്കർ നാമനിർദ്ദേശം ചെയ്തു തിരിച്ചടിച്ചു.

എ.കെ.ആന്റണി മുഖ്യമന്ത്രിയായപ്പോൾ സുധീരൻ ആരോഗ്യമന്ത്രിയായി. ഒരു വർഷം ആരോഗ്യവകുപ്പിന്റെ സുവർണ്ണകാലമായിരുന്നു. കേരളത്തിലെ ഏറ്റവും മികച്ച ആരോഗ്യമന്ത്രി സുധീരൻ എന്ന് ഇപ്പോഴും പറയാവുന്ന പ്രവർത്തനമാണ് അക്കാലത്തുണ്ടായത്. ഒരു വർഷത്തിനുശേഷം ആന്റണി ചേർത്തലയിൽ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ മത്സരിക്കാനെത്തിയപ്പോൾ അതോടൊപ്പം തെരഞ്ഞെടുപ്പുനടക്കുന്ന ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ സുധീരൻ വേണമെന്ന് വാശിപിടിച്ചത് മുഖ്യമന്ത്രിതന്നെ. 1977ൽ ജയിച്ച് പാർലമെന്റിൽ പോയ സുധീരൻ അവിടെ അനശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് ആലപ്പുഴ തീരദേശ പാത പ്രധാനമന്ത്രി മൊറാർജി ദേശായി പ്രഖ്യാപിച്ചു. അന്ന് രാജ്യസഭാംഗവും പിന്നീട് സംസ്ഥാന ധനമന്ത്രിയുമായ വി.വിശ്വനാഥമേനോൻ ഉൾപ്പെടെയുള്ളവരുടെ സമ്മർദ്ദവും ഉണ്ടായതോടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനായതിന്റെ തൃപ്തി സുധീരന് സ്വന്തമായി.

ആലപ്പുഴയിൽ ടി.ജെ.ആഞ്ചലോസിനെ അട്ടിമറിച്ചാണ് സുധീരൻ വീണ്ടും ലോക്‌സഭയിലേക്ക് പോയത്. അപ്പോഴേക്കും വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി കണിച്ചുകുളങ്ങരയിൽ ആസനസ്ഥനായിക്കഴിഞ്ഞിരുന്നു. സുധീരൻ വെള്ളാപ്പള്ളിക്ക് വഴങ്ങാൻ തയ്യാറായില്ല. അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് ആലപ്പുഴയിൽ വി.എം.സുധീരനെതിരെ പരസ്യസമ്മേളനവും പ്രവർത്തനവും നടത്തി എസ്.എൻ.ഡി.പിയോഗവും വെള്ളാപ്പള്ളിയും രംഗത്തിറങ്ങിയതോടെ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിലായിരുന്നു സുധീരജയം. അടുത്ത തെരഞ്ഞെടുപ്പിൽ നടൻ മുരളിയും തോൽവിയുടെ രുചി അറിഞ്ഞു. ഡോ.മനോജ് കുരിശിങ്കൽ എന്ന ലത്തീൻ കത്തോലിക്കാ സമുദായ യുവജന പ്രവർത്തകനെ പാർട്ടി ചിഹ്നത്തിൽ സി.പി.എം മത്സരിപ്പിച്ചപ്പോൾ 1009 വോട്ടിന് സുധീരൻ കീഴടങ്ങി. പക്ഷെ, ‘ഷട്ടിൽകോക്ക്’ അടയാളത്തിൽ മത്സരിച്ച മറ്റൊരു വി.എസ്.സുധീരൻ നേടിയത് 8282 വോട്ടുകൾ! ഇനി തെരഞ്ഞെടുപ്പുപോരാട്ടത്തിനില്ലെന്ന് സുധീരൻ പ്രഖ്യാപിക്കുകയും ചെയ്തു.

ഒരു ദശകത്തിലേറെയായി, സ്ഥാനമാനങ്ങളില്ലാതെ കേരളീയ സമൂഹത്തിൽ പൊതുപ്രശ്‌നങ്ങളിൽ ഇടപെട്ട് ജനകീയതയുടെ നാവായി സുധീരൻ ഉയർന്നുവന്നു. ‘കോൺഗ്രസിലെ വി.എസ്. അച്യുതാനന്ദൻ’ എന്നുപോലും സ്വന്തം പാർട്ടിയുടെ നേതാക്കളാൽ പരിഹസിക്കപ്പെട്ടു.കോൺഗ്രസ് ഗ്രൂപ്പുപോരിൽ അങ്കംവെട്ടൽ ശക്തമായപ്പോൾ ഹൈക്കമാൻഡിന്റെ പ്രതിനിധിയായി വി.എം.സുധീരൻ കെ.പി.സി.സി പ്രസിഡന്റായി നിയമിതനായപ്പോൾ എ,ഐ ഗ്രൂപ്പുകൾ ഒരുപോലെ ഞെട്ടി. 2014 മുതൽ മൂന്നുവർഷം പ്രസിഡന്റായശേഷം ഗ്രൂപ്പ് മാനേജർമാരുടെ സമ്മർദ്ദം കാരണമാണ് രാജിവച്ചതെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. കരിമണൽ ഖനനപ്രശ്‌നം, ആറൻമുള വിമാനത്താവളം മുതൽ ടി.പി.ചന്ദ്രശേഖരൻ വധം മുതൽ ബാർകോഴ വരെയുള്ള പ്രശ്‌നങ്ങളിൽ സുധീരന്റെ നിലപാടുകൾ സുതാര്യമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close