Breaking NewsKERALANEWS

ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങിമരിച്ച നിലയിൽ; റിസ്വാനയുടെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കോഴിക്കോട്: ഭർതൃ വീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. വടകര അഴിയൂർ സ്വദേശിനി റിസ്വാനയുടെ ദുരൂഹ മരണം ഇനി ജില്ലാ ക്രൈംബ്രാഞ്ചാകും അന്വേഷിക്കുക. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. ഹരിദാസിനാണ് അന്വേഷണച്ചുമതല. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള കുടുംബത്തിന്റെ പരാതി പരിഗണിച്ചാണ് വടകര റൂറൽ എസ്.പി. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

മേയ് ആദ്യവാരമാണ് വടകര അഴിയൂർ സ്വദേശി റഫീഖിന്റെ മകൾ റിസ്വാനയെ കൈനാട്ടിയിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ അലമാരയിൽ റിസ്വാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു നാട്ടുകാർ കുടുംബത്തെ അറിയിച്ചത്. അതേസമയം, റിസ്വാനയുടെ മരണവിവരം ഭർതൃവീട്ടുകാർ അറിയിക്കാതിരുന്നതിലും ആശുപത്രിയിൽ ഭർതൃവീട്ടുകാരെ കാണാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവർഷമായിട്ടും റിസ്വാന ഭർതൃവീട്ടിൽ നിരന്തരം പീഡനത്തിനിരയായെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം. ഭർത്താവ് ഷംനാസ്, ഭർതൃപിതാവ്, ഭർതൃസഹോദരി എന്നിവർ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് മകൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതെന്നും മകൾ ഒരിക്കലും തൂങ്ങിമരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

റിസ്വാന മരിച്ചവിവരം പോലീസിൽ അറിയിക്കുന്നതിലും മൃതദേഹം ആശുപത്രിയിൽ എത്തിക്കുന്നതിലും കാലതാമസമുണ്ടായെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. റിസ്വാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെന്ന് ഭർതൃവീട്ടുകാർ പറഞ്ഞവിവരം മാത്രമാണുള്ളത്. മറ്റുള്ളവരാരും യുവതി തൂങ്ങിമരിച്ചത് കണ്ടിട്ടില്ല. ഇത് സംശയമുണ്ടാക്കുന്നതാണെന്നും ബന്ധുക്കൾ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close