INDIANEWSTop News

13 പേർ കൊല്ലപ്പെട്ട അപകടത്തെ അതിജീവിച്ച ഒരേയൊരാൾ ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ്; രക്ഷപെട്ടത് ധീരതയ്ക്കുള്ള ശൗര്യചക്ര ഏറ്റുവാങ്ങിയ സൈനികൻ; ജീവൻ അപകടപ്പെടുന്ന സാഹചര്യത്തിലും നിയന്ത്രണം വിട്ട തേജസ് വിമാനം ധൈര്യത്തോടെ താഴെയിറക്കിയ ധീരൻ

ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ പതിമൂന്ന് പേർ കൊല്ലപ്പെട്ട അപകടത്തെ അതിജീവിച്ചത് ഒരേയൊരാൾ മാത്രം, ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്. രക്ഷപ്പെട്ടെങ്കിലും സാരമായ പരിക്കുകൾ അദ്ദേഹത്തിന് ഏറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ധീരതയ്ക്കുള്ള ശൗര്യചക്ര ഏറ്റുവാങ്ങിയ ശീരനായ സൈനികനാണ് വരുൺ സിങ്. അപകടം നടന്നതിന് സമീപത്തുള്ള വെല്ലിങ്ടൺ സൈനിക ആശുപത്രിയിലാണ് ഇദ്ദേഹം ഇപ്പോൾ ചികിത്സയിലുള്ളത്.

2020 ഒക്ടോബർ 12ന് വ്യോമസേനയിൽ വിങ് കമാൻഡറായ വരുൺ സിങ് തേജസ് യുദ്ധവിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസ്സാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് ശൗര്യചക്രക്ക് അർഹനായത്. വിമാനത്തിന്‍റെ നിയന്ത്രണ സംവിധാനത്തിനും കോക്പിറ്റിനകത്തെ വായുസമ്മർദ സംവിധാനത്തിനുമാണ് അന്ന് തകരാർ നേരിട്ടത്. ഉയർന്ന വിതാനത്തിൽ പറക്കുന്നതിനിടെയുണ്ടായ പ്രതികൂല സാഹചര്യത്തെ ക്യാപ്റ്റൻ വരുൺ സിങ് മനോധൈര്യത്തോടെ നേരിടുകയായിരുന്നു.

വിമാനം ഉയരത്തിൽ പറക്കവേ നിയന്ത്രണം നഷ്ടമാകുകയും അതിവേഗം താഴേക്ക് പതിക്കുകയുമായിരുന്നു. പിന്നീട് വളരെ അപകടകരമായ വിധത്തിൽ മുകളിലേക്കും താഴേക്കും പറന്നു. അങ്ങേയറ്റം ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യത്തിൽ കടുത്ത ശാരീരികവും മാനസികവുമായ സമ്മർദ്ദത്തിലായിരുന്നിട്ടും, വരുൺ സിങ് മനോധൈര്യം കൈവിട്ടില്ല. എന്നാൽ നിയന്ത്രണത്തിലായെന്ന് കരുതവേ, 10,000 അടി ഉയരത്തിൽ വെച്ച് വിമാനത്തിന്‍റെ നിയന്ത്രണം വീണ്ടും പൂർണമായി നഷ്ടപ്പെട്ടു.

യുദ്ധവിമാനം നിയന്ത്രണവിധേയമാക്കാനാകാത്ത സാഹചര്യങ്ങളിൽ അറ്റകൈയെന്ന നിലയിൽ പൈലറ്റിന് വിമാനം ഉപേക്ഷിച്ച് പുറത്തുകടക്കാനുള്ള സ്വാതന്ത്രമുണ്ട്. എന്നാൽ, പ്രതിസന്ധിഘട്ടത്തെ അഭിമുഖീകരിക്കാൻ തയാറായ ക്യാപ്റ്റൻ വരുൺ സിങ് സ്വന്തം ജീവൻ പോലും അവഗണിച്ച് വിമാനത്തെ നിയന്ത്രണത്തിലാക്കുകയായിരുന്നു. ഒടുവിൽ സുരക്ഷിതമായി വിമാനത്തെ ലാൻഡ് ചെയ്യിക്കാനും അദ്ദേഹത്തിന് സാധിച്ചു.

വലിയ അപകടത്തിലേക്കും ദുരന്തത്തിലേക്കും വഴിവെക്കുമായിരുന്ന സാഹചര്യത്തെ സധൈര്യം നേരിട്ടതിന് രാജ്യം ക്യാപ്റ്റൻ വരുൺ സിങ്ങിന് ശൗര്യചക്ര സമ്മാനിക്കുകയായിരുന്നു. സ്വന്തം ജീവനും തേജസ് യുദ്ധവിമാനവും മാത്രമല്ല വരുൺ സിങ് സംരക്ഷിച്ചതെന്ന് ശൗര്യചക്ര പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. അപകടം വഴി പൊതുജനങ്ങൾക്കും സൈന്യത്തിനുമുണ്ടാകുന്ന കനത്ത നഷ്ടങ്ങൾ ഒഴിവാക്കാനും ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്‍റെ മനസാന്നിധ്യവും നിർണായക തീരുമാനമെടുക്കാനുള്ള ശേഷിയും പരിചയസമ്പന്നതയും വഴി സാധിച്ചു.

ഊട്ടിക്ക് സമീപം ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടം. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ഹെലികോപ്റ്റർ താഴെ വീഴുന്നതിന് മുൻപ്, ആകാശത്ത് വെച്ചുതന്നെ തീഗോളമായി മാറിക്കഴിഞ്ഞിരുന്നു.

ശബ്ദം കേട്ട ഭാഗത്തേക്ക് ആദ്യം ഓടിയെത്തിയത് അവിടുത്തെ നാട്ടുകാരായിരുന്നു. എന്നാൽ ലോഹം കത്തുന്ന ചൂടിൽ അവർക്ക് അടുക്കാൻ പോലുമായിരുന്നില്ല. കുടത്തിൽ വെള്ളം കോരിയൊഴിച്ചും കിട്ടാവുന്ന കമ്പിളികളെല്ലാം ഉപയോഗിച്ചുമാണ് അവർ രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ അപകടത്തിൽ പെട്ടവരെ പുറത്തെടുക്കുമ്പോൾ ആകെ രണ്ട് പേർക്കാണ് ജീവന്റെ തുടിപ്പ് അവശേഷിച്ചിരുന്നത്.

ആദ്യം 4 പേർ മരിച്ചെന്നായിരുന്നു സ്ഥിരീകരിച്ചത്. എന്നാൽ രാജ്യത്തിന്റെ ആദ്യത്ത സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരും ദാരുണമായി കൊല്ലപ്പെടുകയിരുന്നു. ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് അപകടത്തിൽ പെട്ടവരിൽ ആകെ രക്ഷപെട്ടത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

ഊട്ടിക്ക് അടുത്ത് കൂനൂരിലാണ് ഹെലികോപ്ടർ തകർന്നു വീണത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.

വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റര്‍ ആണ് അപകടത്തിൽപ്പെട്ടത്. സൂളൂർ എയർ സ്റ്റേഷനിൽ നിന്ന് നിന്ന് വെല്ലിംഗ്ടൺ സൈനിക കോളേജിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. വെല്ലിംഗ്ടണിൽ ഒരു സെമിനാറിൽ സംസാരിക്കാൻ വേണ്ടി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹവും കുടുംബവും സ്റ്റാഫംഗങ്ങളും. ഹെലിപാഡിന് 10 കിലോമീറ്റർ ദൂരത്താണ് ദുരന്തം സംഭവിച്ചത്. സൂളൂരിൽ നിന്ന് ഹെലികോപ്റ്റർ പറന്നുയർന്നത്. സൂളൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് അധികം ദൂരമില്ല. ഹെലികോപ്റ്റർ പറന്നുയർന്ന് അൽപസമയത്തിനകം തന്നെ ദുരന്തമുണ്ടായി.

രാജ്യത്ത ഏറ്റവും അധികം സുരക്ഷയുള്ള ഉറപ്പ് നൽകുന്ന സംയുക്ത സൈനിക മേധാവിയുടെ ഹെലികോപ്ടർ എങ്ങനെ അപകടത്തിൽ പെട്ടുവെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. സംഭവത്തിൽ വ്യോമസേന വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ടു. ആദ്യം സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത് ഓടിയെത്തിയത് നാട്ടുകാരായിരുന്നു. അപകടം നടക്കുമ്പോൾ സ്ഥലത്ത് കനത്ത മൂടൽ മഞ്ഞുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam\

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close