KERALANEWSTECHUncategorized

സിം കാര്‍ഡ് ഫോണില്‍ വേണ്ട; പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ഇ-സിം സൗകര്യം ലഭ്യമാക്കി വൊഡാഫോൺ ഐഡിയ

തിരുവനന്തപുരം: പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ഇ-സിം സൗകര്യം ലഭ്യമാക്കി രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റർ വി. ആപ്പിൾ, സാംസങ് മൊബൈൽഫോണുകളുടെ വിവിധ മോഡലുകൾ, ഗൂഗിൾ പിക്സൽ 3എ മുതലുള്ള മോഡലുകൾ, മോട്ടോറോള റേസർ തുടങ്ങിയവയിൽ ഈ സൗകര്യം ലഭ്യമാണ്. കേരളം, മുംബൈ, ഗുജറാത്ത്, ഡൽഹി, കർണാടക, പഞ്ചാബ്, യു.പി ഈസ്റ്റ്, കൊൽക്കത്ത, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ ഇപ്പോൾ വി ഇ-സിം സേവനം ലഭിക്കും.

ഇ-സിമ്മിന് അനുയോജ്യമായ ഫോണുകൾ ഉപയോഗിക്കുന്ന വിയുടെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് നെറ്റ്വർക്ക് ലഭിക്കുന്നതിന് ഇനി സാധാരണയായി ഉപയോഗിക്കുന്ന സിം കാർഡ് ഫോണിൽ ഇടേണ്ട ആവശ്യമില്ല. ഡിജിറ്റൽ സിം പിന്തുണയ്ക്കുന്ന എല്ലാ മൊബൈൽ നെറ്റ്വർക്ക് ഓപ്പറേറ്റർമാരുമായും പൊരുത്തപ്പെടുന്ന ഒരു സംയോജിത സിം ചിപ്പിന്റെ രൂപത്തിലാണ് ഇ-സിം വരുന്നത്. സാധാരണയുള്ള സിം കാർഡുകൾ മാറ്റാതെ തന്നെ ഉപഭോക്താവിന് കോളുകൾ, എസ്എംഎസ്, ഡാറ്റ തുടങ്ങിയവയും മറ്റും സൗകര്യങ്ങളും ഇ-സിം വഴി ഉപയോഗിക്കാനാവും.

കേരളത്തിലെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കായി ഇ-സിം സാങ്കേതികവിദ്യ അവതരിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും, ഇത് സൗകര്യപ്രദമായി ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ഉപഭോക്താക്കളെ സഹായിക്കുമെന്നും വോഡഫോൺ ഐഡിയ കേരള-തമിഴ്നാട് ക്ലസ്റ്റർ ബിസിനസ് ഹെഡ് എസ്. മുരളി പറഞ്ഞു. ഉപയോക്താക്കളെ അവരുടെ ഫോൺ ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുന്നതിനാൽ ഇ-സിം മെച്ചപ്പെട്ട അനുഭവം നൽകുമെന്ന് കമ്പനി വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലുള്ള ഉപഭോക്താക്കൾക്ക് ലളിതമായ പ്രക്രിയകളിലൂടെ ഇ-സിം സൗകര്യം നേടാം. ആദ്യം eSIM (സ്പേസ് വിട്ട ശേഷം) ഇമെയിൽ ഐഡി കൂടി ടൈപ് ചെയ്ത് 199ലേക്ക് എസ്എംഎസ് അയയ്ക്കണം (eSIM Email ID). മൊബൈൽ നമ്പറിൽ ഒരു ഇമെയിൽ ഐഡിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉപഭോക്താക്കൾ ഇമെയിൽ (സ്പേസ് വിട്ട ശേഷം) ഇമെയിൽ ഐഡി 199ലേക്ക് എസ്എംഎസ് അയക്കണം (Email Email ID to 199). ഇമെയിൽ നിലവിലുള്ളതാണെങ്കിൽ, ഉപഭോക്താക്കൾക്ക് 199 എന്ന നമ്പറിൽ നിന്ന് എസ്എംഎസ് ലഭിക്കും.

ഇ-സിം അഭ്യർഥന സ്ഥിരീകരിക്കുന്നതിന് ഈ മെസേജിന് ESIMYഎന്ന് മറുപടി നൽകണം. ഇതിന് ശേഷം ഫോൺ കോളിലുടെയുള്ള സ്ഥിരീകരണത്തിനായി സമ്മതം തേടി ഒരു എസ്എംഎസ് കൂടി ലഭിക്കും. ഫോൺ കോളിലൂടെ സമ്മതം നൽകിയ ശേഷം ഒരു ക്യൂആർ കോഡുള്ള ഇമെയിൽ, രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ ലഭിക്കും. ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് ഇ-സിം ആക്റ്റിവേറ്റ് ചെയ്യുന്നതിനുള്ള നിർദേശങ്ങൾ പിന്തുടരാം.

വിയുടെ പുതിയ ഉപഭോക്താക്കൾക്ക് ഇ-സിം ലഭിക്കുന്നതിന് തിരിച്ചറിയൽ കാർഡും ഫോട്ടോയും സഹിതം അടുത്തുള്ള വി സ്റ്റോർ സന്ദർശിക്കാം. ആക്ടിവേഷനുള്ള ക്യൂആർ കോഡ് സ്‌കാൻ ചെയ്യൽ വേഗത്തിലാക്കുമെന്നതിനാൽ ഹാൻഡ്സെറ്റ് കൂടെ കരുതുന്നത് അഭികാമ്യമായിരിക്കും. ഇമെയിൽ വഴി അയക്കുന്ന ക്യുആർ കോഡ്, സ്‌കാനിങിന് ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു. കോഡ് സ്‌കാൻ ചെയ്ത് രണ്ടു മണിക്കൂറിനകം ഇ-സിം പ്രവർത്തനസജ്ജമാവും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close