KERALANEWSTrending

അച്ഛന്റെ മരണശേഷം കുടുംബഭാരം ചുമലിലേറ്റി; പ്രതിശ്രുതവരൻ സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും സഹോദരിയുടെ വിവാഹം നല്ലനിലയിൽ നടത്തണമെന്നായിരുന്നു ആഗ്രഹം; ലോൺ അനുവദിക്കാനാകില്ലെന്ന് ബാങ്ക് അറിയിച്ചപ്പോഴേയ്ക്കും ഏറെ വൈകി; ഒടുവിൽ ആ മനോവിഷമം വിപിനെ എത്തിച്ചത് ഇവിടെ

തൃശൂർ: തൃശൂർ ഗാന്ധിനഗർ കുണ്ടുവാറയിലെ വിപിന്റെ ആത്മഹത്യയുടെ വാർത്ത കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ആ നാട്. മരപ്പണിക്കാരനായിരുന്ന വിപിന്റെ അച്ഛൻ വാസു അഞ്ചു വർഷം മുൻപാണ് മരിച്ചത്. അന്ന് മുതൽ വിപിന്റെ ചുമലിലാണ് ആ കുടുംബത്തിന്റെ ഭാരം മുഴുവൻ. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു വിപിൻ. സാമ്പത്തികപ്രതിസന്ധി മൂലം അടുത്ത ആഴ്‌ച്ച നിശ്ചയിച്ചിരുന്ന സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയാണ് അവനെ മരണത്തിലേയ്ക്ക് തള്ളിവിട്ടത്.

അച്ഛൻ മരിച്ച ശേഷം വിപിൻ ഒരു സൂപ്പർമാർക്കറ്റിൽ ജോലിക്ക് പോയാണ് വിപിൻ കുടുംബം നോക്കിയിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടതോടെ കുടുംബത്തിന്റെ കാര്യമാകെ പ്രതിസന്ധിയിലായി. കോവിഡൊക്കെ ഒന്ന് ഒതുങ്ങി തുടങ്ങിയപ്പോൾ അടുത്തുള്ള ഒരു സർവീസ് സെന്ററിൽ വിപിൻ ജോലിക്ക് പോയി തുടങ്ങിയിരുന്നു. സഹോദരിയുടെ വിവാഹശേഷം അമ്മയേയും കൊണ്ട് തിരുവനന്തപുരത്തേയ്ക്ക് മാറണമെന്നും അവിടെ ഒരു ജോലി നോക്കണമെന്നും വിപിൻ പറഞ്ഞിരുന്നതായി വാർഡ് കൗൺസിലറായ രാജൻ പള്ളൻ ഓർക്കുന്നു.

അടുത്ത ആഴ്‌ച്ചയായിരുന്നു സഹോദരിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. ഗൾഫിൽ എസി ഓപ്പറേറ്ററായ സഹോദരിയുടെ പ്രതിശ്രുതവരൻ സ്ത്രീധനമൊന്നും വേണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും സഹോദരിയുടെ വിവാഹം നല്ലനിലയിൽ തന്നെ നടത്തണമെന്ന ആഗ്രഹം വിപിനുണ്ടായിരുന്നതായും അടുപ്പമുള്ളവർ പറയുന്നു. വീടും പുരയിടവും പണയം വെച്ച് കിട്ടുന്ന പണം കൊണ്ട് വിവാഹം നടത്താനായിരുന്നു വിപിന്റെ ഉദ്ദേശം. ലോണിന് വേണ്ടി വസ്തുവിന്റെ കരം ശരിയാക്കി കൊടുക്കുന്നതിന് വിപിൻ തന്നെ സമീപിച്ചിരുന്നതായി വാർഡ് കൗൺസിലറും പറയുന്നു.

കരമൊക്കെ അടച്ച് വസ്തുവിന്റെ രേഖകളൊക്കെ ശരിയാക്കിയെങ്കിലും വിപിന് തിരിച്ചടിയായത് ലോണെടുക്കാൻ മിനിമം മൂന്ന് സെന്റെങ്കിലും വേണമെന്ന നിബന്ധനയാണ്. ആകെ രണ്ട് സെന്റ് ഭൂമിയും വീടും മാത്രമായിരുന്നു ഇവരുടെ പേരിലുണ്ടായിരുന്നത്. അതും കഷ്ടിച്ച് ഒരു ബൈക്കിന് മാത്രം പോകാൻ കഴിയുന്ന വഴിയിലൂടെ വേണം വീട്ടിലെത്താൻ.

സഹോദരിയുടെ വിവാഹത്തിന് വേണ്ടി പല ബാങ്കുകളും കയറിയിറങ്ങിയെങ്കിലും ആരും ലോൺ നൽകാൻ തയ്യാറായിരുന്നില്ല. പലയിടത്ത് നിന്നും അപമാനിതനായി മനസ് മടുത്ത് നിൽക്കുമ്പോഴാണ് ഒരു ന്യൂ ജനറേഷൻ ബാങ്ക് ലോൺ നൽകാമെന്ന് സമ്മതിച്ചത്. മരുഭൂമിയിൽ മരുപച്ച കണ്ടതുപോലെ വിപിൻ പ്രതീക്ഷയുടെ തുരുത്തായിരുന്നു ബാങ്ക് അധികൃതരുടെ ആ വാഗ്ദാനം. ഡിസംബർ ആറാം തീയതി പണം നൽകാമെന്നായിരുന്നു ബാങ്കിന്റെ ഉറപ്പ്. അതിനാവശ്യമായ രേഖകളും വിപിൻ ബാങ്കിന് കൈമാറി.

ബാങ്കിൽ നിന്നും പണം ലഭിക്കുമെന്ന ഉറപ്പിൽ വിപിൻ കല്യാണത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. കല്യാണ മണ്ഡപത്തിനും കാറ്ററിങിനും ഉൾപ്പെടെ ഇന്നലെ അഡ്വാൻസ് നൽകാമെന്ന് വിപിൻ സമ്മതിച്ചിരുന്നു. ഇന്നലെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്വർണം വാങ്ങാനെത്തിയതും ലോൺ കിട്ടുമെന്ന ഉറപ്പിലായിരുന്നു. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിൻ ബാങ്കിലേയ്ക്ക് പോയി.

എന്നാൽ, ലോൺ അനുവദിക്കാനാകില്ലെന്ന് ബാങ്കിൽനിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ജൂവലറിയിൽ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയിൽ കണ്ടത്.

ബാങ്ക് ലോൺ നൽകാനാകില്ലെന്ന് പറഞ്ഞതോടെ അവസാന പിടിവള്ളിയും ഇല്ലാതായ വിപിൻ വിവാഹം മുടങ്ങുമോ എന്ന ആശങ്കയിൽ ജീവനൊടുക്കുകയായിരുന്നു. കുറച്ചുനാൾമുമ്പ് നിശ്ചയിച്ച വിവാഹമായിരുന്നു വിപിന്റെ സഹോദരിയുടേത്. കോവിഡ് മൂലം സാമ്പത്തികപ്രതിസന്ധി കനത്തതോടെ നീട്ടിവെച്ച കല്യാണം അടുത്ത ഞായറാഴ്ചയാണ് നടത്താൻ തീരുമാനിച്ചിരുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close