KERALANEWSTop News

വിസ്മയയുടെ സഹോദരന് വധഭീഷണി; കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിക്കത്ത്; സംഭവം കേസിൽ കുറ്റപ്പത്രം സമർപ്പിച്ചതിനുപിന്നാലെ

ശാസ്താംകോട്ട : കൊല്ലം ശാസ്താംകോട്ടയിൽ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ കുടുംബത്തിലേക്ക് ഭീഷണിക്കത്ത്. കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ സഹോദരനെ വധിക്കുമെന്നാണ് കത്തിൽ പറയുന്നത്. വിസ്മയയുടെ മരണം സ്ത്രീധനപീഡനത്തെ തുടർന്നുള്ള ആത്മഹത്യ ആണെന്ന് പറയുന്ന കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് ഭീഷണി കത്ത് വന്നത്. കത്ത് വിസ്മയയുടെ കുടുംബം പൊലീസിന് കൈമാറി.

കേസിൽ നിന്ന് പിന്മാറിയാൽ ആവശ്യപ്പെടുന്ന പണം നൽകാമെന്നാണ് കത്തിൽ പറയുന്നത്. പത്തനംതിട്ടയിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വിസ്മയയുടെ വിധി തന്നെ സഹോദരൻ വിജിത്തിന് ഉണ്ടാകുമെന്നാണ് കത്തിൽ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. തുടർ നടപടികൾക്കായി ചടയമംഗലം പൊലീസ് കത്ത് കോടതിയിൽ സമർപ്പിച്ചു. എന്നാൽ ഇത് കേസിൻ്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണോ എന്ന് പൊലീസിന് സംശയമുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച 500 പേജുള്ള കുറ്റപത്രമാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ 102 സാക്ഷികളും 92 രേഖകളും 56 തൊണ്ടി മുതലുകളും ഉണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ നന്നായി വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി രാജ്കുമാര്‍ പറഞ്ഞു. കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിനെതിരെ ആത്മഹത്യാ പ്രേരണ അടക്കം ഒമ്പതു വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

കേസില്‍ അറസ്റ്റിലായ കിരണ്‍ കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 20ന് 90 ദിവസം പൂര്‍ത്തിയാകും. കിരണ്‍കുമാര്‍ ജാമ്യത്തിലിറങ്ങുന്നത് തടയുക ലക്ഷ്യമിട്ടാണ് പോലീസ് ഇതിനു മുമ്പായി കുറ്റപത്രം സമര്‍പ്പിച്ചത്. സ്ത്രീധന പീഡന മരണം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകളാണു അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍ കുമാറിനെതിരെ ചുമത്തിയത്.

സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും വിസ്മയ അയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തില്‍ കിരണിന് എതിരായ മുഖ്യ തെളിവ് ആവുക. വിസ്മയ കടുത്ത മാനസ്സിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കേസിലെ പ്രതിയും ഭര്‍ത്താവുമായ എസ് കിരണ്‍ കുമാറിന്റെ പോരുവഴി ശാസ്താംനടയിലെ വീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21നു പുലര്‍ച്ചെയാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിനെ തുടര്‍ന്ന് കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close