KERALANEWSTop News

വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ വന്നാൽ പണി കിട്ടുക മുസ്ലീം ലീ​ഗിന്; മലബാറിലെ മുസ്ലീം സമുദായത്തിനിടയിലുള്ള ലീ​ഗ് ആധിപത്യത്തിന് അന്ത്യം കുറിക്കാനുറച്ച് സിപിഎം; കുഞ്ഞാപ്പക്കും കൂട്ടർക്കും ശനിദശ തന്നെ

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിടുന്നതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് കോൺ​ഗ്രസും മുസ്ലീം ലീ​ഗും കോപ്പുകൂട്ടുമ്പോൾ ഇടത് കേന്ദ്രങ്ങളിൽ നടക്കുന്നത് മുസ്ലീം ലീ​ഗിന്റെ അടിത്തറ ഇളക്കുന്ന തീരുമാനത്തിനായുള്ള നീക്കങ്ങൾ. വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയാൽ വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കാനാണ് സിപിഎം തീരുമാനം. വഖഫ് ബോർഡ് നോമിനേറ്റ് ചെയ്യുന്ന പ്രതിനിധികളും സർക്കാർ പ്രതിനിധികളും അടങ്ങുന്ന ബോർഡ് പി എസ് സി മാതൃകയിൽ സുതാര്യമായി പരീക്ഷ നടത്തി നിയമനം നൽകുന്ന സംവിധാനത്തെ കുറിച്ചാണ് കൂടിയാലോചനകൾ നടക്കുന്നത്.

സുതാര്യമായി നിയമനം നടത്തുന്ന വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ വന്നാൽ മലബാറിലെ മുസ്ലീങ്ങൾക്കിടയിലുള്ള മുസ്ലീം ലീ​ഗിന്റെ അപ്രമാദിത്വം അവസാനിക്കും എന്നാണ് സിപിഎം കരുതുന്നത്. മുൻ മന്ത്രിയും സിപിഎം സഹയാത്രികനുമായ കെ ടി ജലീൽ എംഎൽഎയാണ് ഇത്തരം നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. മുസ്ലീം സംഘടനകളെ കൂടി വിശ്വാസത്തിലെടുത്താകും റിക്രൂട്ട്മെന്റ് ബോർഡിന് രൂപം നൽകുക.

രാജ്യസഭാം​ഗങ്ങളുടെ രീതിയിൽ ഓരോ രണ്ടു വർഷത്തിലും മൂന്നിൽ രണ്ട് അം​ഗങ്ങൾ പിരിഞ്ഞുപോകുന്ന നിലയിൽ ആറു വർഷം കാലാവധിയിൽ വേണം റിക്രൂട്ട്മെന്റ് ബോർഡ് എന്നതാണ് സിപിഎം നിർദ്ദേശം. അങ്ങനെ വന്നാൽ, ഒരിക്കൽ പോലും യുഡിഎഫ് ഭൂരിപക്ഷമുള്ള റിക്രൂട്ട്മെന്റ് ബോർഡ് ഉണ്ടാകില്ലെന്ന തിരിച്ചറിവാണ് ഇതിന് പിന്നിൽ.

അതേസമയം, വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടുന്നത് സംബന്ധിച്ച വിവാദം രാഷ്ട്രീയവൽക്കരിക്കാനാണ് കോൺ​ഗ്രസ് ശ്രമം. ശബരിമല പ്രക്ഷോഭത്തിന് സമാനമായ രീതിയിൽ വഖഫ് ബോർഡ് പ്രശ്നവും സംസ്ഥാന സർക്കാരിനെതിരെ ആയുധമാക്കി നേട്ടം കൊയ്യാനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നത്. പള്ളികളിലെ സമരത്തിൽ നിന്നും മുസ്ലീം ലീ​ഗ് പിന്നോക്കം പോയതോടെ പ്രതിഷേധത്തിന്റെ നേതൃത്വം ഏറ്റെടുക്കാനാണ് കോൺ​ഗ്രസ് തീരുമാനം. വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ട സർക്കാർ തീരുമാനം അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.

ദൂരവ്യാപകമായ ഭവിഷ്യത്തുകൾക്ക് വഴിവെയ്ക്കുന്ന വീണ്ടുവിചാരമില്ലാത്ത നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. മതസൗഹാർദത്തെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ സർക്കാർ കൂടുതൽ അവധാനത കാട്ടണം.നിയമനം പിഎസ് സിക്ക് വിട്ടതുവഴി തുല്യ നീതി,അവസര സമത്വം തുടങ്ങിയ വാദഗതികൾ ഉയർത്തി വഖഫ് ബോർഡിലെ നിയമനങ്ങളിൽ മറ്റ് ഇതരവിഭാഗങ്ങൾ അവകാശവാദം ഉന്നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.ഇത് മനപൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ സംഘപരിവാറിന് കളമൊരുക്കുമെന്നും സുധാകരൻ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ വിപ്ലവകരമായ തീരുമാനത്തെ അതിന്റെ ​ഗുണഭോക്താക്കളാകേണ്ടവരെ കൊണ്ടു തന്നെ എതിർക്കാൻ കഴിയും എന്നതാണ് കോൺ​ഗ്രസും മുസ്ലീം ലീ​ഗും മുസ്ലീം സംഘടനകളും ലക്ഷ്യം വെക്കുന്നത്. വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടാൽ വഖഫ് ബോർഡിൽ നിയമനം ലഭിക്കുക പഠിപ്പം അറിവുമുള്ള മുസ്ലീം ചെറുപ്പക്കാർക്കാകും. ഇപ്പോൾ ജോലി ലഭിക്കുന്നതാകട്ടെ സ്വാധീനവും രാഷ്ട്രീയ ബന്ധവുമുള്ള ആളുകൾക്കും. മുസ്ലീം സമുദായത്തിലെ ചെറു ന്യൂനപക്ഷം ഇത്തരം അവസരങ്ങൾ പങ്കിട്ടെടുക്കുമ്പോൾ സമുദായത്തിലെ അഭ്യസ്ത വിദ്യരും പാവപ്പെട്ടവരുമായ ചെറുപ്പക്കാർ തഴയപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ, ഇതേ ചെറുപ്പക്കാരെ അണിനിരത്തി സർക്കാരിനെ നേരിടാം എന്നാണ് കോൺ​ഗ്രസും മുസ്ലീം ലീ​ഗും കരുതുന്നത്.

ശബരിമലയിൽ എൻഎസ്എശും സംഘപരിവാറും പയറ്റിയ അതേ തന്ത്രമാണ് കോൺ​ഗ്രസ് പയറ്റാനൊരുങ്ങുന്നത്. ശബരിമലയിൽ സംഘപരിവാർ കൂടി എത്തിയത് ​ഗുണഫലം പങ്കിട്ടുപോകുന്നതിന് ഇടയാക്കിയെങ്കിൽ വഖഫ് ബോർഡ് പ്രശ്നത്തിൽ മുസ്ലീം സംഘടനകളെയും കൂടെ കൂട്ടി സമരം ചെയ്ത് ​ഗുണഫലം അനുഭവിക്കാം എന്നാണ് കോൺ​ഗ്രസ് കണക്കൂകൂട്ടുന്നത്. മലപ്പുറം ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ ശക്തി മുസ്ലീം വിഭാ​ഗത്തിനിടയിൽ സ്വാധീനം വർധിപ്പിക്കാൻ ഇതുവഴി സാധിക്കും എന്നാണ് കോൺ​ഗ്രസ് കണക്കുകൂട്ടുന്നത്.

മുസ്ലീം സംഘടനകൾ ഉയർത്തിയ ആശങ്കകൾ കണക്കിലെടുക്കാതെ വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിട്ട നടപടി പ്രതിഷേധാർഹമാണെന്നാണ് കോൺ​ഗ്രസ് നിലപാട്. മുസ്ലിം സമുദായത്തിന് ലഭിക്കുന്ന പരിരക്ഷ നഷ്ടപ്പെടാൻ ഇടയാക്കുന്നതാണ് സർക്കാർ തീരുമാനമെന്നും കെ സുധാകരൻ പറഞ്ഞുവെക്കുന്നു. വഖഫ് ബോർഡ് നിയമനം സുതാര്യവും കാര്യക്ഷമവുമാക്കാൻ പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കണമെന്ന മുസ്ലീം സമുദായ സംഘടനാ നേതാക്കളുടെ ബദൽ നിർദ്ദേശം പൂർണ്ണമായി അവഗണിച്ച സർക്കാർ നടപടി അപലപനീയമാണ്.വഖഫ് നിയമനം പിഎസ് സിക്ക് വിടുക വഴി സിപിഎം വിവേചനമാണ് കാട്ടിയത്. മുസ്ലീം സമുദായങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ഈ നടപടി പുനപരിശോധിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കോൺഗ്രസ് കടക്കുമെന്നും സുധാകരൻ പറഞ്ഞു.

മതം എന്നു പറയുന്നത് ഒരു സ്വകാര്യ പ്രസ്ഥാനമാണ്.എല്ലാ മതങ്ങൾക്കും ഭരണഘടനാ പ്രകാരം അനുവദനീയമായ അവകാശങ്ങളുണ്ട്. അതിൽ പ്രധാനം ഒരു മതത്തെ നിയന്ത്രിക്കുന്നത് ആ മതവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവരാകണമെന്നതാണ്. അങ്ങനെയുള്ളതാണ് വഖഫ് ബോർഡ്.അതിൽ സർക്കാരിന് നിയന്ത്രണമില്ലെന്നത് വസ്തുതയാണ്. മുസ്ലീം സമുദായ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഭരണഘടനാ അധികാരമുള്ള സമിതിയാണ് വഖഫ് ബോർഡ്. ഇങ്ങനെ പ്രവർത്തിക്കുന്ന വഖഫ് ബോർഡിൽ പിഎസ് സി വഴി ആളുകളെ നിയമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close