KERALANEWSTop News

ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ; കക്കി ഡാം ഇന്ന് തുറക്കും; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ഇടുക്കി: ഇടുക്കി അണക്കെട്ടിൽ രാവിലെ ഏഴ് മണി മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയത് കണത്തിലെടുത്താണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി 11 മണിക്ക് 2396.44 അടിയാണ് ഡാമിലെ ജലനിരപ്പ്.ഇത് 12 -ന് 2396.48 ലേയ്ക്കും ഇന്ന് പുലർച്ചെ 5-ന് 2396.76 ലേയ്ക്കും 6-ന് 2396.82 അടിയിലേയ്ക്കും ഉയർന്നു. ജലനിരപ്പ് ഇനിയും ഉയരുന്നമെന്നാണ് നിവിലെ സ്ഥിതിഗതികളിൽ നിന്നും വ്യക്തമാവുന്നത്.

2403 അടിയാണ് ഡാമിന്റെ പൂർണ സംഭരണ ശേഷി. ജലനിരപ്പ് ഉയർന്നുവരുന്നതിനാൽ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതായി ജില്ലാ കളക്ടർ അറിയിച്ചു. സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് ഇപ്പോൾ അണക്കെട്ടിൽ ഉള്ളത്.കേന്ദ്ര ജല കമ്മീഷന്‍റെ മാനദണ്ഡമനുസരിച്ച് 2397.85 അടിയിൽ എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക.

2397.86 അടിയിലെത്തുമ്പോഴാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക. അപ്പർ റൂൾ കർവായ 2398.86 അടിയിൽ ജലനിരപ്പെത്തിയാൽ അണക്കെട്ടിന്റെ ഷട്ടർ തുറന്ന് ജലമൊഴുക്കേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഓരോ അലർട്ടിനും മുമ്പും കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ സംവിധാനം ഒരുക്കിയിട്ടുണ്ട്. ജാഗ്രത നിർദ്ദേശം സമയാസമയങ്ങളിൽ ജനങ്ങളിലേയ്‌ക്കെത്തിക്കാൻ വിപുലമായ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഇടമലയാർ ഡാമിൽ ആശങ്കപ്പെടേണ്ട നിലയിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. 165 മീറ്ററാണ് രാത്രി 11 മണിക്ക് ഡാമിലെ ജലനിരപ്പ്. 169 മീറ്ററാണ് പൂർണ്ണ സംരണശേഷി.സംഭരണശേഷിയുടെ 88.65 ശതമാനം വെള്ളമാണ് നിലവിൽ ഡാമിലുള്ളത്. ഈ മേഖലയിൽ കാര്യമായ മഴയില്ല.അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. പെരിയാറിൽ നിലവിലെ ജലനിരപ്പും ആശങ്കപ്പെടേണ്ട് സാഹചര്യത്തിലേയ്ക്ക് ഉയർന്നിട്ടില്ല. മഴയുടെ ശക്തി കുറഞ്ഞുനിൽക്കുന്നതാണ് ഇപ്പോഴത്തെ ആശ്വാസം.

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2398.86 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ എപ്പോൾ വേണമെങ്കിലും ഷട്ടറുകൾ തുറക്കാം. വേണ്ടിവന്നാൽ ഷട്ടറുകൾ തുറക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായി. സർക്കാരിന്റെയും ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനം പൂർണതോതിലാക്കി. 5 ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. 3-ാം നമ്പർ ജനറേറ്ററിന്റെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും.

കമ്മിഷൻ ചെയ്തശേഷം 1981, 1992, 2018 വർഷങ്ങളിലാണ് ഇടുക്കിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയത്. നിലവിൽ തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം കൂട്ടിയിട്ടുണ്ട്. തുലാവർഷം ശക്തമായാൽ ഇത്തവണ ഡാം തുറക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. 2018ന് സമാനമായ സാഹചര്യം ഇതുണ്ടാക്കും. കക്കി ഡാം തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് ഇടുക്കിയിലും ജലനിരപ്പ് ഉയരുന്ന്. അത് ആശങ്ക കൂട്ടുന്നുണ്ട്. അതേസമയം, മുല്ലപ്പെരിയാർ ജലനിരപ്പ് 133 അടിയിലെത്തി.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതെയന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, അടക്കം 8 ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തി. 986.33 മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി. പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി.

കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും. പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്ന് തന്നെയാണ്. അതേസമയം മല്ലപ്പള്ളി മേഖലയിൽ വെള്ളമിറങ്ങി തുടങ്ങി. കക്കി അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ ആറന്മുള ചെങ്ങന്നൂർ കോഴഞ്ചേരി പ്രദേശത്തും കനത്ത ജാഗ്രതയാണ്.

കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി ബുധനാഴ്ച്ചയോടെ മഴ വീണ്ടും സജീവമാകും. മൂന്ന്-നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുലാവർഷം തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് കിഴക്കൻ കാറ്റ് ശക്തമാകുന്നത്. ഡിസംബർ വരെ ലഭിക്കേണ്ട തുലാവർഷ മഴയുടെ 84 ശതമാനവും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതായാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ കണക്ക്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close