
കൊച്ചി : സർക്കാർ ഓഫിസുകളിലെ കൈക്കൂലി കഥകൾ ഒരുകുപാട് പറയാനുണ്ട് നമ്മുടെ സംസ്ഥാനത്തിന്. അത്തരത്തിൽ തന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു യുവതി. പ്രവാസികൾക്ക് കൈത്താങ്ങാകുമെന്ന് പല തവണ വീരവാദം മുഴക്കിയ സർക്കാരിന്റെ ചെയിത്ത് മൂലം പെരുവഴിയിലായി അവസ്ഥയാണ് പെരുമ്പടപ്പ് ബംഗ്ലാപറമ്പിൽ മിനി ജോസിക്ക്.
14 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കെത്തുമ്പോൾ വൃദ്ധരായ മാതാപിതാക്കൾക്ക് കൈത്താങ്ങാകാമെന്ന ഒറ്റ ലക്ഷ്യമായിരുന്നു മിനിക്കുണ്ടായിരുന്നത്. അതിനായി വീടിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ പൊടിപ്പ് മിൽ തുടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനായി കേന്ദ്ര സർക്കാരിന്റെ മുദ്രാ വായ്പയ്ക്ക് അപേക്ഷിക്കാനായാണ് രേഖകൾ തയ്യാറാക്കാൻ ഒന്നരമാസമായി ഓഫീസുകൾ തോറും കയറി ഇറങ്ങുകയാണ്. ആരോഗ്യ വിഭാഗത്തിൽ നിന്നും മലിനീകരണ ബോർഡിൽ നിന്നുമെല്ലാം അനുമതി ലഭിച്ചു. കോർപ്പറേഷൻ ഓഫീസിൽ ചെന്നപ്പോൾ ആദ്യത്തെ ഓഫിസിൽ ആവശ്യപ്പെട്ടത് 25,000 രൂപ. അഞ്ചു പേർക്ക് അയ്യായിരം രൂപ വീതം നൽകാനാണെന്നു പറഞ്ഞു
കെട്ടിടം വ്യാവസായിക ആവശ്യത്തിനുള്ളതാക്കി മാറ്റിയാൽ മാത്രമേ പദ്ധതി തുടങ്ങാനാകൂ. ഇതിനായി റവന്യു ഓഫീസിൽ അഞ്ചു പ്രാവശ്യമെങ്കിലും ചെന്നു. ഓരോ പ്രാവശ്യം ചെല്ലുമ്പോഴും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി വിടും. ഒടുവിൽ കെട്ടിടത്തിനു പുറത്തു വച്ചു ഓഫീസിലെ ജീവനക്കാരൻ പറഞ്ഞു ‘‘അതിനു ചില കാര്യങ്ങളൊക്കെ ഉണ്ട് കേട്ടോ’’ എന്ന് . ഇത് കൈക്കൂലി ലഭിക്കാനാണെന്ന് അപ്പോഴേ മനസിലായി. കൊച്ചി കോർപ്പറേഷന്റെ പള്ളുരുത്തി മേഖലാ കാര്യാലയത്തിലെ റവന്യൂ വകുപ്പു ജീവനക്കാരൻ കൈക്കൂലി ചോദിച്ചതോടെ എല്ലാം മതിയാക്കാനുള്ള തീരുമാനം . ഓഫീസിലെത്തി അപേക്ഷ നൽകിയപ്പോൾ 25 വർഷം മുമ്പുള്ള കെട്ടിട നമ്പരും , ഫോൺ നമ്പരും വേണമെന്നു പറഞ്ഞു. വർഷങ്ങളായി നികുതി അടയ്ക്കുന്ന കെട്ടിടത്തിന്റെ വിവരങ്ങൾ അവരുടെ അടുത്തില്ലെന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും . ഒടുവിൽ അവിടെ ജീവനക്കാരനോട് ‘‘നിനക്കും അയ്യായിരം രൂപ തരാം’’ എന്ന് പറഞ്ഞ് മിനിയുടെ അമ്മ ഫിലോമിന ദേഷ്യപ്പെട്ടു.
അപ്പോഴേയ്ക്കും ‘ഇറങ്ങിപ്പോടീ ഇവിടെ നിന്ന്.. നിനക്ക് ഇവിടെ നിന്ന് ഒന്നും കിട്ടുകില്ല..’’ എന്നു പറഞ്ഞു ജീവനക്കാരൻ ദേഷ്യപ്പെട്ടു. ഫിലോമിനയെ തള്ളി മാറ്റി അടിക്കാനായിഅവിടെ കിടന്ന കസേരയും ഉയർത്തി . വ്യവസായിക സൗഹാർദ്ദം എന്ന് അവകാശപ്പെടുന്ന ഇവിടെ ഇനി ഒന്നും നടക്കില്ലെന്ന നിരാശയിലാണ് അത്ര നാൾ 16,000 രൂപ മുടക്കി സമ്പാദിച്ച രേഖകളെല്ലാം കീറി ഉദ്യോഗസ്ഥരുടെ മുന്നിലേയ്ക്ക് ഇട്ടു കൊടുത്തത്.
ഓഫീസിൽ നേരിട്ട കാര്യങ്ങൾ വിജിലൻസിലും അറിയിച്ചു . തുടർന്ന് ഓഫീസിൽ നിന്ന് ഒത്തുതീർപ്പിനും ശ്രമമുണ്ടായി. ഇക്കാര്യം നാട്ടുകാരെ അറിയിക്കുന്നതിനാണ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റു ചെയ്തതെന്ന് മിനി പറഞ്ഞു. ആരും ജോലി കളഞ്ഞു നമ്മുടെ നാട്ടിൽ ഇനി ബിസിനസ് ചെയ്യാനായി ഇങ്ങോട്ട് കയറി വരരുത് എന്നും യുവതി പോസ്റ്റിൽ പറയുന്നുണ്ട്.