KERALANEWSTrending

ഉത്സവ പറമ്പിലെ തർക്കം ഒരു പെൺകുട്ടിയെ കളിയാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു; പോലീസ് ഇടപെട്ട് വിഷയം അവിടെ തന്നെ തീർത്തു; ദിവസങ്ങൾക്ക് ശേഷം ഏട്ടൻ ഇന്നലയാണ് കടലിൽ പോയത്; ഹരിദാസ് വധത്തിന് സാക്ഷിയായ സഹോദരന്റെ വാക്കുകൾ ഇങ്ങനെ

തലശ്ശേരി: സിപിഎം പ്രവർത്തകൻ ഹരിദാസി​ന്റെ കൊലപാതകത്തിലേക്ക് നയിച്ച പ്രശ്നം നിസാരമായിരുന്നെന്ന് സഹോദരൻ സുരേന്ദ്രൻ. വെട്ടി കൊലപ്പെടുത്തിയ സംഘത്തിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. കൊലപാതകി സംഘത്തിലുള്ള പരിസരവാസികളായ രണ്ടുപേരെ തിരിച്ചറിഞ്ഞതായും സുരേന്ദ്രൻ പറയുന്നുണ്ട്.

കടലിൽ പോയ ഏട്ടൻ വരുന്നത് കാണാഞ്ഞിട്ട് ഏട്ടന്റെ ഭാര്യയാണ് വിളിച്ചത്. ഞാൻ വീട്ടിലുണ്ടായിരുന്നു. ഒന്നേകാലോടെയാണ് സംഭവം നടക്കുന്നത്. പിടിയുംവലിയും കേട്ട് ഓടിയെത്തിയപ്പോൾ ഏട്ടനെ വെട്ടിയ അവര് വാള് വീശി അവർ എന്നെയും ഓടിച്ചതായും സുരേന്ദ്രൻ പറയുന്നു. വെട്ടേറ്റ് രക്തം വാർന്നു കിടന്ന ഏട്ടനെ സുഹൃത്തിനെ വിളിച്ചു വരുത്തി ആ വണ്ടിയിലാണ് ആശുപത്രിയിൽ കൊണ്ടുപോയത്.

കൊലപാതകത്തിലേക്ക് നയിച്ച ക്ഷേത്രോത്സവത്തിലെ തർക്കം നിസ്സാരമായിരുന്നു. ഒരു പെൺകുട്ടിയെ കളിയാക്കിയതുമായി ബന്ധപ്പെട്ടതായിരുന്നു വിഷയം. എന്നാൽ ആ തർക്കം പോലീസ് ഇടപെട്ട് അവിടെ തന്നെ തീർത്തതാണ്. പിന്നീട് വീട്ടിലേക്ക് വരുന്നതിനിടെ ഹരിദാസനെ അവർ തടഞ്ഞു നിർത്തി അടിച്ചതായും അതിൽ ഇരുവിഭാഗത്തിന്റെയും പരാതിയിൽ പൊലീസ് കേസെടുത്തിരുന്നതായും സുരേന്ദ്രൻ പറയുന്നുണ്ട്.

‘സംഭവത്തിന് ശേഷം ഭീഷണിയുള്ളതിനാൽ പണിക്ക് പോകാൻ പേടിയായിരുന്നു. പൊലീസിനോട് പറഞ്ഞപ്പോ സൂക്ഷിച്ചും ശ്രദ്ധിച്ചും നിൽക്കാൻ പറഞ്ഞു. കുറേ ദിവസായി പണിക്ക് പോയിട്ട്. ഇന്നലെ ഏഴുമണിക്കാണ് ഏട്ടൻ കടലിൽ പോയത്’ -സുരേന്ദ്രൻ പറഞ്ഞു.

പുന്നോലിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ഹരിദാസിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഇരുപതിൽ അധികം തവണ ഹരിദാസിന് വെട്ടേറ്റെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരേ വെട്ടിൽ തന്നെ വീണ്ടും വെട്ടിയുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം ശരീരം വികൃതമാക്കി. ഇടതുകാൽ മുട്ടിന് താഴെ മുറിച്ചു മാറ്റി. വലതുകാൽ മുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അരക്ക് താഴെയാണ് മുറിവുകൾ അധികവും ഉള്ളത്.

തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സിപിഎം പ്രവർത്തകനായ കൊരമ്പയിൽ താഴെകുനിയിൽ ഹരിദാസനെ ബിജെപി, ആർ.എസ്.എസ് സംഘം വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയായ ഹരിദാസൻ കടലിൽ പോയി വരുമ്പോൾ വീടിന് സമീപം പതിയിരുന്ന സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. അക്രമികൾ ഒരുകാൽ വെട്ടിമാറ്റിയിരുന്നു.

മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ഇവിടെ നിന്ന് വിലാപയാത്രയായി സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് എത്തിക്കും. പുന്നോലിലെ വീട്ടുവളപ്പിൽ വൈകീട്ട് അഞ്ചുമണിയോടെ സംസ്‌കരികും. കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിലും ന്യൂമാഹിയിലും സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close