KERALANEWSTrending

കേന്ദ്ര സർക്കാരിനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ് നേതാവ്; പാലക്കാട് നിന്ന് പാർലമെന്റിലേക്ക് വിഷ്ണുവിന്റെ സൈക്കിൾ യാത്ര; യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറിയുടെ സൻസദ് യാത്രക്ക് ഇന്ന് തുടക്കം

പാലക്കാട്: ഭരണകൂട നിലപാടുകൾക്കെതിരെ ആഞ്ഞു ചവിട്ടാനൊരുങ്ങി കോൺഗ്രസ് നേതാവ്. പ്രതിഷേധങ്ങൾ അനവധി കണ്ടിട്ടുണ്ടെങ്കിലും പാലക്കാടും പാർലമെന്റും ഇനി കാണാൻ പോകുന്നത് വ്യത്യസ്തമായ പ്രതിഷേധം. സൻസദ് യാത്രയെന്ന പേരിൽ പാർലമെന്റിലേക് ഒരു ഒറ്റയാൾ സൈക്കിൾ യാത്ര നടത്താൻ ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി സി. വിഷ്ണു. വെറുതെ വിനോദത്തിനായി നടത്തുന്നതല്ല പകരം ഇന്ധന വിലയും തൊഴിലില്ലായ്മയുമടക്കം ഇന്ന് രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉയർത്തികാട്ടുകയാണ് ഈ യുവാവിന്റെ ലക്ഷ്യം.

ഇന്ന് വൈകീട്ട് പാലക്കാട് കോട്ടമൈതാനിയിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും വിഷ്ണു സൈക്കിളിൽ യാത്ര പുറപ്പെടും. ഇന്ത്യൻ പാർലമെന്റിലേക്കുള്ള ഏകദേശം 2700 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഡൽഹിയിലേക്ക് വിഷ്ണു പോകും. കഴിഞ്ഞ 40 വർഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും രൂക്ഷമായ തൊഴിൽ പ്രതിസന്ധിയാണ് വിഷ്ണുവിനെ ഡൽഹിയിലേക്ക് സൈക്കിൾ ചവിട്ടാൻ പ്രേരിപ്പിച്ച പ്രധാനഘടകം. സാധാരണക്കാരെ വല്ലാതെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന രാജ്യത്തെ പെട്രോൾ ഡീസൽ വില വർധനയാണ് വിഷ്ണു ഉയർത്തുന്ന മറ്റൊരു വിഷയം. ഇന്ധനത്തിന് നികുതി കൊള്ളയാണ് ഇവിടെ സർക്കാരുകൾ നടത്തുന്നതെന്ന് വിഷ്ണു പറയും. ഇന്ത്യയിൽ നിന്നും ഇന്ധനം കയറ്റുമതി ചെയ്യുന്ന നേപ്പാളിലെ വിലയുമായി താരതമ്യം ചെയ്യുന്ന കണക്കും നിരത്തും.

പ്രക്ഷോഭം തുടരുന്ന രാജ്യത്തെ കർഷകർക്ക് ഐക്യദാർഡ്യം അറിയിക്കലാണ് വിഷ്ണുവിന്റെ മറ്റൊരു ഉദ്ദേശം. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ വി വി ശ്രീനിവാസന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ തലത്തിൽ നടക്കുന്ന പ്രക്ഷോഭത്തിനും ഐക്യദാർഡ്യം അറിയിക്കാനാണ് ഇത്രയധികം ദൂരം നീളുന്ന ഒരു പ്രതിഷേധ സൈക്കിൾ യാത്ര തെരഞ്ഞെടുത്തിട്ടുള്ളത്.

ദിവസം 60-70 കിലോമീറ്റർ സഞ്ചരിക്കാനാണ് ഉദ്ദേശിക്കുന്നത്. 30-35 ദിവസം കൊണ്ട് ഡൽഹിയിലെത്തിച്ചേരും. വിഷ്ണു മാത്രമല്ല സൈക്കിളിൽ ഡൽഹി ലക്ഷ്യമാക്കി തിരിക്കുന്നത്. സമാന പ്രക്ഷോഭ മനസുമായി കൊല്ലത്തുനിന്നും യൂത്ത് കോൺഗ്രസ് നേതാവ് റാഫി കൊല്ലം വ്യാഴാഴ്ച സൈക്കിളിൽ പുറപ്പെട്ട് കഴിഞ്ഞു. ഞായറാഴ്ച വൈകീട്ട് റാഫി തൃശൂരിലെത്തും. വിഷ്ണുവും പാലക്കാട് നിന്നും നേരെ തൃശൂരിലെത്തി ഇരുവരും ചേർന്നാണ് തുടർയാത്ര നിശ്ചയിച്ചിട്ടുള്ളത്.

ഇന്ന് വൈകീട്ട് 5 മണിക്ക് ചരിത്രമുറങ്ങുന്ന പാലക്കാട് കോട്ടമൈതാനിയിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് വിഷ്ണു യാത്ര ആരംഭിക്കുക. നേരെ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിലെത്തും. അവിടെവെച്ച് വി.കെ. ശ്രീകണ്ഠൻ എം.പി. വിഷ്ണുവിന്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close