Breaking NewsINSIGHTNEWSTop News

കൊച്ചിയിൽ നിന്നും പറന്നെത്തി സെക്രട്ടറിയേറ്റും നിയമസഭയും ഉൾപ്പെടെ സന്ദർശിച്ചു; രണ്ടുദിവസത്തെ ഉല്ലാസ യാത്രക്ക് ചിലവായത് വെറും അയ്യായിരം രൂപ വീതം; സാധാരണക്കാരായ വനിതകളുമായി മഹിളാ സംഘം പ്രവർത്തകർ നടത്തിയ വിമാന യാത്രയുടെ കഥ

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ കുറച്ച് സ്ത്രീകൾക്ക് വിമാനത്തിൽ കയറാൻ മോഹം. ഇക്കഴിഞ്ഞ മാർച്ച് എട്ടിന് അവർ ആ​ഗ്രഹം പറഞ്ഞത് എറണാകുളം ജില്ലാ പഞ്ചായത്ത് അം​ഗവും കേരള മഹിളാ സംഘം നേതാവുമായ ശാരദ മോഹനോട്. ലാളിത്യത്തിന്റെയും ആദർശ ശുദ്ധിയുടെയും നിശ്ചയദാർഢ്യത്തിന്റെയും നേർരൂപമായിരുന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻ നായരുടെ മകളാണ് ശരദാ മോഹൻ. തന്റെ നാട്ടുകാരായ സ്ത്രീകളുടെ ആ​ഗ്രഹം കേട്ടപ്പോൾ അത് നടത്തിക്കൊടുത്തിട്ട് തന്നെ കാര്യം എന്ന് ശരദാ മോഹനും മഹിളാ സംഘം ജില്ലാ കമ്മിറ്റിഅം​ഗം ജയ അരുൺകുമാറും തീരുമാനിക്കുകയായിരുന്നു.

പെരുമ്പാവൂരിലെ മഹിളാ സംഘം നേതാക്കളുടെ തീരുമാനത്തിന് പിന്തുണയുമായി തിരുവനന്തപുരത്തെ മഹിളാ സംഘം നേതാവും ജില്ലാ പഞ്ചായത്ത് അം​ഗവും മാധ്യമപ്രവർത്തകയുമായ ​ഗീതാ നസീറും മന്ത്രി വി ശിവൻകുട്ടിയുടെ ഭാര്യ പാർവതിയും ഒപ്പം നിന്നപ്പോൾ ഇക്കഴിഞ്ഞ മെയ് പന്ത്രണ്ടിന് നെടുമ്പാശ്ശേരിയിൽ നിന്നും 14 സ്ത്രീകൾ ഇൻഡി​ഗോ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പറന്നു. സാമ്പത്തികമായി വലിയ നിലയിലല്ലാത്ത കൂലിപ്പണിക്കാരും മഹിളാ സംഘം പ്രവർത്തകരും വിദ്യാർത്ഥിനികളുമായ ആ വനിതകൾ നടത്തിയത് ഒരു ചരിത്ര യാത്ര കൂടിയാണ്. വെറും അയ്യായിരം രൂപക്ക് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് ഉല്ലാസ യാത്ര നടത്തിയ വനിതകളുടെ കഥയാണിത്.

പറക്കാൻ ആകാശമുണ്ട്, ചങ്ങലകൾ ഇല്ലാതിരുന്നാൽ മതി

സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള മഹിളകളാണ് വിമാന യാത്രാ സംഘത്തിൽ ഉണ്ടായിരുന്നത്. ശരദാ മോഹൻ, ജയ അരുൺ കുമാർ, തങ്ക കുഞ്ഞപ്പൻ, ഉഷ മോഹനൻ, അമ്പിളി, സിജി സാജു, ശാന്ത കുട്ടപ്പൻ, രജനി കൃഷ്ണൻകുട്ടി, ആശ, ലക്ഷ്മി മാധവൻ, കൗസല്യ, ശ്രീവള്ളി സോമൻ, ശ്രീലക്ഷ്മി ചന്ദ്രൻ, ശ്രീദേവി ചന്ദ്രൻ എന്നിവരങ്ങുന്ന സംഘമാണ് വിമാനയാത്ര നടത്തിയത്. സാധാരണ കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തുന്ന വീട്ടമ്മമാരും വിദ്യാർത്ഥിനികളുമാണ് ഇവരെല്ലാം. കുടുംബശ്രീ, ഹരിത കർമ്മ സേന, മഹിളാ സംഘം എന്നിവയുടെ സജീവ പ്രവർത്തകരും ഈ സംഘത്തിലുണ്ട്.

തങ്ങളുടെ കുടുംബ പ്രാരാബ്ധങ്ങൾക്കിടയിലും വ്യക്തമായ സാമൂഹിക പ്രതിബദ്ധതയും കൃത്യമായ രാഷ്ട്രീയവും കാത്തുസൂക്ഷിക്കുന്ന ഈ വനിതകൾ നടത്തിയത് വെറുമൊരു വിമാന യാത്രയല്ല. മറിച്ച്, സ്വന്തം കാലിൽ നിൽക്കാനും സ്വന്തമായി യാത്ര ചെയ്യാനും അതിരുകളില്ലാതെ സൗഹൃദങ്ങളെ സൃഷ്ടിക്കാനും അധികാര കേന്ദ്രങ്ങൾ സന്ദർശിക്കാനും സ്ത്രീകൾക്ക് കഴിയുമെന്ന പ്രഖ്യാപനം കൂടിയാകുകയാണ് ഈ യാത്ര.

വിമാനയാത്ര എന്ന ആശയം ജനിക്കുന്നു

ഇക്കഴിഞ്ഞ മാർച്ച് എട്ടിനാണ് പെരുമ്പാവൂരിലെ ഹരിത കർമ്മസേനയിലെയും കുടുംബശ്രീയിലെയും അം​ഗങ്ങൾ വിമാനയാത്ര എന്ന ആശയം ഉയർത്തുന്നത്. ഞങ്ങളിതുവരെ വിമാനത്തിൽ കയറിയിട്ടില്ല ചേച്ചീ, ഞങ്ങളെ വിമാനത്തിൽ എങ്ങോട്ടെങ്കിലും ഒന്ന് കൊണ്ടുപോകുമോ എന്നായിരുന്നു ദിവസ വേതനത്തിന് തൊഴിലെടുത്ത് കുടുംബം പുലർത്തുന്ന സ്ത്രീകളുടെ ചോദ്യം. ചോദ്യം കേട്ട ജയ അരുൺകുമാർ ഞെട്ടി. പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു – അതിനൊക്കെ ഒരുപാട് പണം വേണ്ടേ? ബോട്ടിൽ പോയാൽ മതിയോ? പക്ഷേ അവരുടെ ആ​ഗ്രഹങ്ങളെ അങ്ങനെയങ്ങ് കളയാൻ ജയക്കും ശാരദാ മോഹനും മനസുവന്നില്ല.

ചേച്ചീ, ഇവരെ നമുക്ക് വിമാനത്തിൽ എങ്ങോട്ടെങ്കിലും ഒന്ന് കൊണ്ടുപോകണമല്ലോ എന്തുവേണം എന്നായി ശരദാ മോഹനോട് ജയയുടെ ചോദ്യം. തിരുവനന്തപുരമല്ലേ നല്ലത് നമുക്ക് അങ്ങോട്ട് പോകാം എന്നായി ശരദാ മോഹൻ. ഏറ്റവും കുറഞ്ഞ പണത്തിൽ എങ്ങോട്ടേക്കാണ് വിമാനയാത്ര നടത്താനാകുക എന്ന അന്വേഷണത്തിലായി ഇരുവരും. അങ്ങനെയാണ് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയോളം മുടക്കിയാൽ വിമാനത്തിൽ പോകാം എന്ന് അറിയുന്നത്. പൈസയൊക്കെ ഞങ്ങൾ സംഘടിപ്പിച്ച് തരാം എന്നായിം സംഘത്തിലെ സ്ത്രീകൾ. പണം സ്വരൂപിക്കാം, പക്ഷേ ഞങ്ങളെ വിമാനത്തിൽ കൊണ്ടുപോകാൻ ആരുമില്ല എന്നായിരുന്നു സ്ത്രീകൾ പറഞ്ഞത്. ഭൂരിപക്ഷം ആളുകളും സ്വന്തമായി കുടുംബം നോക്കുന്നവർ.

അങ്ങനെ തിരുവനന്തപുരത്തേക്ക് വിമാനയാത്ര എന്ന് മഹിളകളുടെ 14 അം​ഗ സംഘം തീരുമാനിക്കുന്നു. ഏറ്റവും കുറഞ്ഞ വിമാന നിരക്കുള്ള ദിവസം ഏതെന്ന അന്വേഷണത്തിലായി പിന്നീട്. അങ്ങനെയാണ് മാർച്ച് 12ന് 2,300 രൂപ മാത്രമാണ് തിരുവനന്തപുരത്തേക്കുള്ള വിമാനടിക്കറ്റ് ചാർജ്ജ് എന്നറിയുന്നത്. എന്തൊക്കെ സംഭവിച്ചാലും അന്നുതന്നെ തിരുവനന്തപുരത്തേക്ക് ഉല്ലാസയാത്ര പോകാൻ സംഘം തീരുമാനിച്ചു. മറ്റെന്ത് തിരക്കുകൾ വന്നാലും അതെല്ലാം മാറ്റിവെച്ച് വിമാന യാത്ര നടത്തുക തന്നെ – സംഘം ഉറപ്പിച്ചു. അങ്ങനെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ ചെന്നപ്പോളാണ് അടുത്ത പ്രശ്നം.

14 പേരുടെയും ടിക്കറ്റ് ഒരുമിച്ച് ബുക്ക് ചെയ്യാൻ ഒരു ഏജന്റിനെയാണ് ശരദാ മോഹനും ജയ അരുൺ കുമാറും സമീപിച്ചത്. ആദ്യത്തെ ടിക്കറ്റ് 2,300ന് കിട്ടിയെങ്കിലും പിന്നീട് എടുക്കുന്ന ടിക്കറ്റുകൾക്ക് കൂടുതൽ പണം നൽകേണ്ട അവസ്ഥയായി. ഇതോടെ ഒരുമിച്ച് ടിക്കറ്റെടുക്കാതെ പലർ ടിക്കറ്റ് എടുക്കാം എന്നായി തീരുമാനം. അങ്ങനെ ശരദാ മോഹന്റെ മകൾ ശരദയുടെ ടിക്കറ്റും ജയയുടെ മകൻ ജയയുടെ ടിക്കറ്റും ബുക്ക് ചെയ്തു. അപ്പോഴും ടിക്കറ്റിന് പല ചാർജ്ജ് തന്നെ.

പലർ പല സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ചാർജ്ജ് കൂടുന്ന അവസ്ഥയായി. ഒടുവിൽ നേരിട്ട് എയർപോർട്ടിൽ പോയി ഇൻഡി​ഗോയുടെ ഓഫീസിൽ നിന്നും ടിക്കറ്റെടുക്കാൻ പറ്റുമോ എന്നായി അന്വേഷണം. അങ്ങനെ എയർപോർട്ടിൽ‌ ചെന്ന് കാര്യം പറഞ്ഞതോടെ പരമാവധി കുറഞ്ഞ റേറ്റിൽ ചെയ്ത് തരാം എന്നായി അവർ. അങ്ങനെ 10 പേരുടെ ടിക്കറ്റ് ഒന്നിച്ചെടുക്കാൻ തീരുമാനിച്ചു. എന്നിട്ടും നാലായിരം രൂപയിലധികം ടിക്കറ്റിന് നൽകേണ്ടി വന്നു.

തിരുവനന്തപുരത്തെ സ്വാഗത സംഘം

പെരുമ്പാവൂരിൽ നിന്നും വിമാനമേറി എത്തുന്ന മഹിളകളുടെ സംഘത്തെ സ്വീകരിക്കാൻ തിരുവനന്തപുരത്തും മറ്റൊരു സംഘം തയ്യാറായിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അം​ഗവും മാധ്യമ പ്രവർത്തകയുമായ ​ഗീതാ നസീറും പി എസ് സി അം​ഗം പാർവതിയും തങ്ങളുടെ സുഹൃത്തുക്കളെ സ്വീകരിക്കാൻ തയ്യാറായി. മന്ത്രി വി ശിവൻകുട്ടിയുടെ ഭാര്യയാണ് പികെവിയുടെ ഭാര്യാ സഹോദരനായ പി ​ഗോവിന്ദപ്പിള്ളയുടെ മകളായ പാർവതി. സിപിഐ നേതാവായിരുന്ന എൻ ഇ ബാലറാമിന്റെ മകളും സിപിഎം നേതാവായിരുന്ന പി ​ഗോവിന്ദപ്പിള്ളയുടെ മകളും മഹിളാ സംഘം നേതാവായ ഇന്ദിരാ രവീന്ദ്രനും ചേർന്ന് സംഘത്തെ സ്വീകരിച്ചു.സംഘത്തിന് കാണേണ്ട സ്ഥലങ്ങളും സഞ്ചരിക്കാനുള്ള വാഹനവും തിരുവനന്തപുരത്തെ സംഘം ഏർപ്പാട് ചെയ്തിരുന്നു.

തിരുവനന്തപുരത്ത് സംഘത്തിന് കാഴ്ച്ചകൾ കാണാനായി ഒരു ട്രാവലർ ഏർപ്പെട് ചെയ്തിരുന്നു. സംഘം നേരേ പോയത് മന്ത്രി വി ശിവൻകുട്ടിയുടെ ഔദ്യോ​ഗിക വസതിയിലേക്ക്. അവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷം ആദ്യ ദിവസത്തിൽ കോവളവും ആഴിമലയും കണ്ടു. പി ​ഗോവിന്ദപ്പിള്ളയുടെ വീട്ടിലായിരുന്നു സംഘത്തിന് രാത്രി താമസം ഏർപ്പാട് ചെയ്തിരുന്നത്. രാത്രിയിലെ ഭക്ഷണം സ്പോൺസർ ചെയ്തത് സഖി വിമൻ വിം​ഗിന്റെ സെക്രട്ടറിയായ മേഴ്സി അലക്സാണ്ടറും. രാവിലെ റോസ് ഹൗസിലെത്തുമ്പോൾ മന്ത്രി വി ശിവൻകുട്ടി വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് പെരുന്താന്നിയിലുള്ള വീട്ടിലെത്തി ശിവൻകുട്ടി യാത്രാസംഘത്തെ കണ്ടു.

രണ്ടാം ദിവസം രാവിലെ ഏഴുമണിക്ക് തന്നെ സംഘം തയ്യാറായി. ആറ്റുകാൽ ക്ഷേത്രവും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവും സന്ദർശിച്ച ശേഷം റവന്യുമന്ത്രി കെ രാജന്റെ ഓഫീസിലേക്കാണ് സ്ത്രീകളുടെ സംഘം പോയത്. സെക്രട്ടറിയേറ്റിലെ സന്ദർശനത്തിന് ശേഷം സ്ത്രീ സംഘം പോയത് നിയമസഭയിലേക്കായിരുന്നു. നിയമസഭയിൽ സംഘത്തിന് എല്ലാ കര്യങ്ങളും പറഞ്ഞുകൊടുക്കുന്നതിനായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ എല്ലാ ഏർപ്പാടുകളും ചെയ്തിരുന്നു. നിയമസഭയിലെ മ്യൂസിയവും സന്ദർശക ​ഗ്യാലറിയുമെല്ലാം ചുറ്റിനടന്ന് കണ്ട സംഘത്തിന് നിയമസഭയുടെ ചരിത്രവും പ്രവർത്തനവുമെല്ലാം ​ഗൈഡ് വിശദീകരിച്ചു. പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇപ്പോഴത്തെ നിയമസഭാ മന്ദിരത്തിന് തറക്കല്ലിട്ടതെന്ന് ​ഗൈഡ് പറഞ്ഞപ്പോൾ സംഘത്തിന് ഇരട്ടി സന്തോഷം.

നിയമസഭ കണ്ടിറങ്ങുമ്പോൾ ഉച്ചക്ക് പന്ത്രണ്ടര. മ്യൂസിയം സംഘത്തിന്റെ ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും സമയപരിമിതി മൂലം മ്യൂസിയം സന്ദർശനം ഒഴിവാക്കി. നേരേ സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസായ എം എൻ സ്മാരകത്തിലേക്ക്.

അവിടെയെത്തി നേതാക്കളായ പന്ന്യൻ രവീന്ദ്രനെയും കെ ആർ ചന്ദ്രമോഹനെയും കണ്ടു സംസാരിക്കവെ റോസ് ഹൗസിൽ നിന്നും ഉച്ചഭക്ഷണമെത്തി. മുൻ റവന്യൂ മന്ത്രി കെ പി രാജേന്ദ്രനും എംഎൻ സ്മരകത്തിലെത്തിയ മഹിളകളുമായി കൂടിക്കാഴ്ച്ച നടത്തി.

ഉച്ചഭക്ഷണവും കഴിച്ച് നേരേ റെയിൽവെ സ്റ്റേഷനിലേക്ക്. മൂന്നു മണിയുടെ ചെന്നൈ മെയിലിൽ മഹിളകളുടെ സംഘം ആലുവക്ക് തിരികെപോയി. രാത്രി ഒമ്പത് മണിയോടെ എല്ലാവരും അവരവരുടെ വീടുകളിലെത്തി.

രണ്ടു ദിവസത്തെ ഉല്ലാസ യാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ സംഘത്തിലെ ഓരോ അം​ഗത്തിനും ചിലവായത് അയ്യായിരം രൂപയോളം മാത്രമാണ് എന്നതാണ് ഈ യാത്രയുടെ എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close