Breaking NewsKERALANEWSTop News

അബുദാബിയിൽ ബാറും ഹോട്ടലും നടത്തുന്നത് കള്ളപ്പണം വെളുപ്പിക്കാൻ; കേരളത്തിലെ നിക്ഷേപങ്ങൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള മറയും; പോപ്പുലർ ഫ്രണ്ടിന് പൂട്ടിടാൻ എൻഐഎ എത്തുന്നു; ഇരവാദവുമായി നേതാക്കളും

കൊച്ചി: കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് വിദേശ സഹായധനം എത്തുന്നെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലിന് പിന്നാലെ അന്വേഷണത്തിന് എൻഐഎയുമെത്തും. വിദേശത്ത് നിന്നും നേതാക്കൾക്ക് പണം ലഭിച്ചതിന്റെയും വിദേശത്ത് വലിയ തോതിൽ ഇവർ നിക്ഷേപം നടത്തിയതിന്റെയും രേഖകൾ കഴിഞ്ഞ ബുധനാഴ്ച്ച നടത്തിയ റെയ്ഡുകളിൽ ഇഡി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമ​ഗ്രമായ അന്വേഷണത്തിന് കേസ് എൻഐഎയെ ഏൽപ്പിക്കാൻ ഇ ഡി ഒരുങ്ങുന്നത്.

കഴിഞ്ഞയാഴ്ച കേരളത്തിലെ നാലിടങ്ങളിലായി നടന്ന റെയ്ഡിലാണ് തെളിവുകൾ കണ്ടെത്തിയതായി ഇ.ഡി. വ്യക്തമാക്കുന്നത്. അബുദാബിയിൽ ബാർ, ഹോട്ടൽ എന്നിവ നടത്തുന്നതു കള്ളപ്പണം വെളുപ്പിക്കാനാണെന്ന നിഗമനത്തിലാണ് ഇഡി. വിദേശത്തു നേരിട്ട് അന്വേഷണം നടത്താനുള്ള അധികാരം ഇഡിക്കില്ല. അതേസമയം, എൻഐഎ, സിബിഐ എന്നിവർ വഴി ഇന്റർപോളിന്റെ സഹായം തേടാൻ കഴിയും. ഇതോടെയാണ് സംഭവത്തിൽ എൻഐഎ എത്തുന്നത്. അതിവേഗം എൻഐഎ അന്വേഷണം തുടങ്ങും.

പോപ്പുലർ ഫ്രണ്ട് നേതാക്കൾ വിദേശത്ത് വസ്തുവകകൾ ആർജിച്ചതിന്റെ രേഖകൾ കണ്ടെടുത്തതായി ഇ.ഡി വെളിപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന് സംശയിക്കാവുന്ന തെളിവുകളും കണ്ടെടുത്തുവെന്ന് അന്വേഷണസംഘം പറയുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത രേഖകൾ എൻഐഎക്കു കൈമാറും. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസന്വേഷിക്കുന്ന ഇഡി കണ്ടെത്തിയ വിദേശ നിക്ഷേപത്തിന്റെ വിവരങ്ങളടങ്ങിയ ഫയലുകളാണു തുടരന്വേഷണത്തിനു ശുപാർശ ചെയ്ത് എൻഐഎക്കു കൈമാറുന്നത്.

കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ, മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് കഴിഞ്ഞ ബുധനാഴ്ച റെയ്ഡ് നടന്നത്. ഇടുക്കി മാങ്കുളത്തെ ഒരു റിസോർട്ടിലും റെയ്ഡ് നടന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് നിക്ഷേപമുള്ളതാണീ റിസോർട്ട് എന്നാണ് ഇ.ഡി.യുടെ ആരോപണം. പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് അബുദാബിയിൽ റിസോർട്ട് ഉണ്ടെന്നതിനും തെളിവു ലഭിച്ചതായി ഇ.ഡി. വ്യക്തമാക്കുന്നു. കള്ളപ്പണം ദേശവിരുദ്ധ സ്വഭാവമുള്ള പ്രവർത്തനങ്ങൾക്കു വിനിയോഗിച്ചതിന്റെ തെളിവുകൾ ഇഡി കണ്ടെത്തിയതിനാൽ എൻഐഎക്കു നേരിട്ടു വിദേശത്തു പോയി അന്വേഷണം നടത്താൻ കഴിയും.

റെയ്ഡിനെത്തിയപ്പോൾ വലിയ പ്രതിഷേധമായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഭാ​ഗത്ത് നിന്നും ഉണ്ടായത്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളുടെ പ്രവർത്തകരുടെ ഭാഗത്തുനിന്നും പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ സിആർപിഎഫിന്റെ സുരക്ഷാവലയത്തിലായിരുന്നു പരിശോധന. മൂവാറ്റുപുഴയിലാണ് അന്വേഷണ സംഘം ഏറ്റവും അധികം ഭീഷണി നേരിട്ടത്. പരിശോധനയിൽ കണ്ടെത്തിയ രേഖകളുടെ നിജസ്ഥിതി പരിശോധിച്ച ശേഷം വേണ്ടിവന്നാൽ അന്വേഷണം വിദേശത്തേക്കും വ്യാപിപ്പിക്കാനാണു ഇഡിയുടെ നീക്കം.

കഴിഞ്ഞ എട്ടിനായിരുന്നു പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയത്. കണ്ണൂർ പെരിങ്ങത്തൂരിലെ പോപുലർഫ്രണ്ട്, എസ്.ഡി.പി.ഐ അംഗമായ ഷഫീഖ് പായെത്ത്, പോപുലർ ഫ്രണ്ട് മലപ്പുറം പെരുമ്പടപ്പ് ഡിവിഷനൽ പ്രസിഡന്റ് അബ്ദുൽ റസാഖ്, മൂവാറ്റുപുഴയിലെ പോപുലർഫ്രണ്ട് നേതാവ് എം.കെ. അഷ്‌റഫ് എന്നിവരുടെ വീടുകളിലും മൂന്നാറിലെ വില്ല വിസ്റ്റ പ്രോജക്ട് ഓഫിസിലുമായിരുന്നു റെയ്ഡ്.

നേതാക്കളുടെ ഉടമസ്ഥതയിലുള്ള മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പദ്ധതിയടക്കം കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉപയോഗിക്കുകയാണെന്നും ഇഡി പറയുന്നു. അബുദബിയിലെ ബാർ റസ്റ്റാറന്റ് എന്നിവ ഉൾപ്പെടെയുള്ള വിദേശ സ്വത്തുക്കൾ പോപുലർ ഫ്രണ്ട് നേതാക്കൾ സമ്പാദിച്ചത് എങ്ങനെയാണെന്ന് അന്വേഷിക്കുകയാണ്. സംഘടനക്ക് ലഭിക്കുന്ന വിദേശ ധനസഹായം, വിദേശത്തെ സ്വത്തുവകകൾ എന്നിവയെക്കുറിച്ചുള്ള രേഖകളും വിവരങ്ങളും തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഇഡി പറയുന്നു.

അതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേരളത്തിൽ റെയ്ഡുകൾ നടത്തി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള മൂന്ന് പേർക്കെതിരെ മൊഴി നൽകിയത് പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നാണ് ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് ആരോപിക്കുന്നത്. ഇ.ഡി നടത്തിയ റെയ്ഡുകളും പിന്നീട് പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ അവകാശവാദങ്ങളും അടിസ്ഥാനരഹിതവും അധാർമ്മികവും ദുരുദ്ദേശ്യപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. വൻകിട ബിസിനസ് തട്ടിപ്പുകളെല്ലാം തഴച്ചുവളരാൻ അനുവദിക്കുമ്പോൾ തന്നെ ചെറുതും വലുതുമായ സത്യസന്ധരായ മുസ്ലിം ബിസിനസുകാരെ വേട്ടയാടാൻ ഇ.ഡിയെ വിന്യസിക്കുന്നത് വ്യക്തമായും സംഘപരിവാറിന്റെ വർഗീയ അജണ്ടയാണ്. കേരളത്തിലെ ബിജെപി നേതാക്കളുടെ 400 കോടിയുടെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കാൻ താൽപ്പര്യമില്ലാത്ത ഇ.ഡിയാണ് ഇപ്പോൾ നിയമാനുസൃതമായി പ്രവർത്തിക്കുന്ന മുസ്ലിം ബിസിനസുകൾക്ക് പിന്നാലെ പോകുന്നത്.

അടിസ്ഥാന മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് ഇ.ഡി ഉദ്യോഗസ്ഥർ വീടുകളിൽ കയറിയത്. വനിതാ ഉദ്യോഗസ്ഥയില്ലാതെയാണ് സ്ത്രീകൾ മാത്രമുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഈ നിയമ ലംഘനങ്ങൾ മറച്ചുവെക്കാനാണ് നിരപരാധികൾക്കെതിരെ കള്ളപ്പണത്തിന്റെ വിചിത്രമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ റെയ്ഡുകളും അവരുടെ ബിസിനസ്സിനെ സംഘടനയുമായി ബന്ധിപ്പിക്കുന്നതും അവരെ പീഡിപ്പിക്കാനും വേട്ടയാടാനും ലക്ഷ്യം വെച്ചുള്ളതാണെന്നും പോപ്പുലർ ഫ്രണ്ട് ആരോപിച്ചു.

റെയ്ഡിനിടെ ഭീഷണി മുദ്രാവാക്യങ്ങളും

പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അം​ഗം എം കെ അഷ്റഫിന്റെ വീട്ടിൽ ഇഡി റെയ്ഡിനെത്തിയപ്പോൾ പ്രവർത്തകർ മുഴക്കിയത് ഭീഷണി മുദ്രാവാക്യങ്ങളായിരുന്നു. ഈഡി ​ഗോബാക്ക് എന്ന മുദ്രാവാക്യം വിളിച്ചെത്തിയവർ പിന്നീട് ഇത്തരം പ്രവർത്തനങ്ങളെ മരണം കൊണ്ടും രക്തം കൊണ്ടും നേരിടുമെന്നും ഭീഷണി മുഴക്കി. അഷ്റഫിന്റെ വീടിനുള്ളിൽ ഇഡി പരിശോധന നടത്തുമ്പോഴെല്ലാം മുദ്രാവാക്യം മുഴക്കി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പുറത്ത് കാത്തുനിൽക്കുകയായിരുന്നു.

​ഗോബാക്ക് ​ഗോബാക്ക് ഇഡി ​ഗോബാക്ക് ആർഎസ്എസിൻ ചെരുപ്പ് നക്കി ഇഡി ​ഗോബാക്ക് എന്ന് വിളിച്ച് തുടങ്ങിയ പ്രതിഷേധം ഒരു മണിക്കൂർ പിന്നിട്ടതോടെ ഭാവവും ഭാഷയും മാറി. ഇത്തരം പ്രവർത്തനങ്ങളെ മരണം കൊണ്ടും രക്തം കൊണ്ടും നേരിടുമെന്നായി പിന്നീടുള്ള മുദ്രാവാക്യങ്ങൾ. മോഡിയല്ല, ഈഡിയല്ല ആരൊക്കെ വന്നാലും എന്തൊക്കെ ചെയ്താലും മരണംവരെയും പോരാടും എന്നും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.

ഞങ്ങടെ നേരേ പോരിന് വന്നാൽ.. ഇല്ലാ ഇല്ലാ നടക്കില്ല! ഇക്കളിയിയിവിടെ നടക്കില്ല.. ആർഎസ്എസിൻ വാലാട്ടി ഇഡി ഇവിടെ നടക്കില്ല. ആർഎസ്എസിൻ തിട്ടൂരത്തിന് കേന്ദ്രഭരണം കൈമുതലാക്കി ഞങ്ങടെ നേരേ പോരിന് വന്നാൽ പ്രതിരോധിക്കും കട്ടായം തുടങ്ങിയ മുദ്രാവാക്യങ്ങളും വിളിച്ചാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിരോധം തീർത്തത്. ഇഡിയെന്ന ഏജൻസി തങ്ങൾക്കെതിരെ തിരിയാനാണേൽ ഇപ്പണിയിവിടെ നടക്കില്ലെന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ആർഎസ്എസിൻ തറവാട്ടിൽ ആണായൊന്ന് പിറന്നിട്ടില്ല എന്നായിരുന്നു മറ്റൊരു മുദ്രാവാക്യം. അങ്ങനെയൊന്ന് പിഴച്ചുണ്ടായാൽ ഞങ്ങൾക്കറിയാം പിഴച്ച വിത്തിൻ തലനോക്കി, പിഴച്ച വിത്തിൻ കൂമ്പുനോക്കി ഒടിച്ചെടുക്കാൻ ഞങ്ങൾക്കറിയാം എന്നും മുദ്രാവാക്യം നീണ്ടു.

എം കെ അഷ്റഫിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനെത്തിയതിന് തൊട്ടുപിന്നാലെ തടിച്ചുകൂടിയത് നൂറുകണക്കിന് പോപ്പുവർ ഫ്രണ്ട് പ്രവർത്തകരാണ്. ഇവർ പ്രദേശത്ത് പ്രതിഷേധിക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു. ഇഡി റെയ്ഡിനെത്തുമ്പോൾ എം കെ അഷ്റഫ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ നിമിഷങ്ങൾക്കകം നൂറു കണക്കിന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്ഥലത്തേക്ക് ഇരച്ചെത്തുകയായിരുന്നു. ഇവർ തൊടുപുഴ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് വേട്ടയാടുകയാണ് എന്നാണ് പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നത്.

തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് രാജ്യവിരുദ്ധ ശക്തികളുടെ സാമ്പത്തിക സഹായം ലഭിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തൊടുപുഴയിലും ഇഡി റെയ്ഡിനെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ ഏതാണ്ട് ഒരേ സമയത്തായിരുന്നു ഇഡി റെയ്ഡിനെത്തിയത്. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ നൂറുകണക്കിന് പ്രവർത്തകരെ സംഘടിപ്പിച്ച് പ്രതിഷേധിക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്റെ സംഘടനാ സംവിധാനം കണ്ട് ഉദ്യോ​ഗസ്ഥരും ഞെട്ടി.

തങ്ങൾക്ക് സ്വന്തമായി രഹസ്യാന്വേഷണ സംവിധാനങ്ങൾ ഉണ്ടെന്നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അവകാശ വാദം ഉന്നയിക്കുന്നത്. ഇത് ശരിവെക്കുന്നതാണ് കരുനാ​ഗപ്പള്ളിയിലെ പോപ്പുലർ ഫ്രണ്ട് ദക്ഷിണ മേഖലാ ഓഫീസിൽ പൊലീസ് റെയ്ഡ് നടത്താൻ എത്തിയപ്പോഴും ഇപ്പോൾ തൊടുപുഴയിലും പോപ്പുൽ ഫ്രണ്ട് പ്രവർത്തകർ പ്രതിരോധിക്കാൻ എത്തിയതിലൂടെ കാണാനാകുന്നത്.

തൊടുപുഴയിൽ മത തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ ശക്തമാകുന്നു എന്ന റിപ്പോർട്ടുകൾ വളരെ മുന്നേ പുറത്തുവന്നിരുന്നു. മുമ്പ് കോളജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയതും കഴിഞ്ഞ ദിവസം മതനിന്ദ ആരോപിച്ച് കെഎസ്ആർടിസി ജീവനക്കാരനെ വധിക്കാൻ ശ്രമിച്ചതും ഈ പ്രദേശത്താണ്. ആലുവ ഡിപ്പോയിലെ ഡ്രൈവറായ വണ്ണപ്പുറം മുള്ളരിങ്ങാട് താന്നിക്കൽ മനുസൂധനെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിച്ചത്. മക്കളുടെ മുന്നിലിട്ടാണ് ആ​ദിവാസി വിഭാ​ഗത്തിൽ പെട്ട യുവാവിനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close