KERALANEWS

കൊക്കെയ്നുമായി പിടിയിലായ രണ്ട് നൈജീരിയൻ വനിതകൾ റിമാൻഡിൽ; പിടിയിലായവർ മുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്‍റെ ഭാഗമെന്ന് കണ്ടെത്തൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്തവാളത്തിൽ കൊക്കെയ്നുമായി പിടിയിലായ രണ്ട് നൈജീരിയൻ വനിതകൾ റിമാൻഡിൽ. അഞ്ചരക്കോടി രൂപയുടെ കൊക്കെയ്നുമായാണ് ഇവർ പിടിയിലായത്. മുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്‍റെ ഭാഗമാണ് പിടിയിലായവർ എന്നാണ് ഡിആർഐ കണ്ടെത്തൽ. ഇവർ ആഫ്രിക്കയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കെത്തി അവിടെനിന്നാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഇവർ ലഹരി ഇടപാടുകൾ നടത്തിയിരുന്നത്.

കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരാണ് എൻസിബിയുടെ പിടിയിലായത്. ദോഹ വഴിയുള്ള വിമാനത്തിലെത്തിയ കാനേ സിം പേയുടെ ബാഗിൽ നിന്നുമാണ് 580 ഗ്രാം കൊക്കെയ്ൻ പിടികൂടിയത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ അഞ്ചരക്കോടി വിലമതിക്കും. ഇവരെ ചോദ്യം ചെയ്തപ്പോഴാണ്‌ നെടുമ്പാശേരിയിലെ ഹോട്ടലിൽ തങ്ങുകയായിരുന്ന സിവി ഒലോത്തി ജൂലിയറ്റിനെ കൂടി പിടികൂടാനായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ ബാഗ് ഡിആർഐ പരിശോധിച്ചത്. നാല് വർഷമായി മുംബൈ കേന്ദ്രീകരിച്ചാണ് സിവി ഒ ലോത്തിയുടെ പ്രവർത്തനങ്ങൾ.

സംശയം തോന്നാതിരിക്കാൻ നൈജീരിയയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് എത്തി അവിടെ നിന്ന് ഇന്ത്യയിലെ വിവിധ എയർപോർട്ടിൽ വെച്ചായിരുന്നു ലഹരിമരുന്ന് ഇവർ കൈമാറിയിരുന്നത്. മുബൈ ഡിആർഐ യിൽ നിന്ന് ലഹരിഇടപാടിന്‍റെ വിവരങ്ങൾ ശേഖരിച്ച ശേഷം ഇരുവരെയും കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യാനാണ് ഡിആർഐ തീരുമാനം. റിമാൻഡിലായ യുവതികളെ കാക്കനാട് ജയിലിലേക്ക് മാറ്റി.

കഴിഞ്ഞ ഓഗസ്റ്റിലാണ് കൊച്ചിയിൽ വലിയ ലഹരിവേട്ട നടന്നത്. കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്ന് എക്സൈസ്, കസ്റ്റംസ് സംയുക്ത ഓപ്പറേഷനിലായിരുന്നു അഞ്ചംഗ സംഘം പിടിയിലായത്. പ്രതികളുടെ കാറിലും താമസ സ്ഥലത്തും രണ്ട് തവണയായി നടത്തിയ റെയ്ഡിൽ ഒന്നേകാൽ കിലോ എംഡിഎംഎ-യും കണ്ടെത്തിയിരുന്നു. ചെന്നൈയിൽ നിന്നെത്തിച്ച മയക്കുമാരുന്നായിരുന്നു പിടിച്ചെടുത്തത്. പരിശോധന മറികടക്കാൻ സംഘം വിദേശയിനം നായ്ക്കളെയും കൊണ്ടായിരുന്നു എത്തിയത്.

കേരളത്തിൽ വൻതോതിൽ എംഡിഎംഎ എത്തിച്ച സംഘമാണ് പിടിയിലായതെന്ന് എക്സൈസ് വ്യക്തമാക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷം ആദ്യമായാണ് കൊച്ചിയിൽ വലിയ ലഹരിവേട്ട നടക്കുന്നത്. റിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പൂണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close