CULTURALNEWS

വയനാട്ടിലെ മണ്ണിൽ നിന്നും സ്വർണം കൊയ്യാനെത്തിയത് വിദേശ കമ്പനികൾ; നിര്‍മല്‍ ബേബിയുടെ ഡോക്യുമെന്ററി പുരസ്കാര നിറവിൽ

കല്‍പറ്റ: സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തിലൂടെ വയനാട്ടിലെ തരിയോട് ഗ്രാമത്തെ വീണ്ടും പ്രശസ്തിയിലേക്കു ഉയര്‍ത്തി നിര്‍മല്‍ ബേബി വര്‍ഗീസിന്റെ ഡോക്യുമെന്ററി. തരിയോട് സ്വദേശിയായ നിര്‍മല്‍ ബേബി തരിയോട് എന്ന പേരില്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് മികച്ച എജ്യുക്കേഷന്‍ പ്രോഗ്രാമിനുള്ള 2020ലെ പുരസ്‌കാരം നേടിയത്. 1880 മുതല്‍ 1915 വരെ തരിയോടിലും മലബാറിന്റെ മറ്റുഭാഗങ്ങളിലും നടന്ന സ്വര്‍ണ ഖനനമാണ് 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ പ്രമേയം.

സ്വര്‍ണ ഖനനത്തിനായി വയനാട്ടിലും സമീപ ദേശമായ നീലഗിരിയിലും സ്വര്‍ണ ഖനനത്തിനു മുതല്‍ മുടക്കിയ വിദേശ കമ്പനികളുടെ എണ്ണം 30നു മുകളില്‍ വരും. വമ്പിച്ച നഷ്ടത്തിന്റ കണക്കുകളുമായാണ് ഈ കമ്പനികളെല്ലാംതന്നെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കമ്പനികള്‍ സ്വര്‍ണഖനനത്തിനു കൈവശപ്പെടുത്തിയ ഭൂമിയില്‍ ഏറെയും പില്‍ക്കാലത്തു പ്ലാന്റേഷനുകളായി മാറുകയായിരുന്നു. ഒരിക്കല്‍ സ്വര്‍ണ ഖനനം നടന്നതാണ് ബാണാസുര സാഗര്‍ അണക്കെട്ട് നിര്‍മാണത്തോടെ വെള്ളത്തിനടിയിലായ തരിയോടിന്റെ പല പ്രദേശങ്ങളും. വയനാട് ഗോള്‍ഡ് മൈന്‍സ് കമ്പനിയാണ് തരിയോടില്‍ സ്വര്‍ണ ഖനനത്തിനു പ്രധാനമായും നിക്ഷേപം നടത്തിയത്.

ഖനനത്തിനായുള്ള കമ്പനിയുടെ വരവ് പ്രദേശത്തു വികസനത്തിനും നഗരവത്കരണത്തിനും വഴിയൊരുക്കി. ഇതിലൂടെയെല്ലാം കടന്നുപോകുന്ന ഡോക്യുമെന്ററി സ്വര്‍ണ ഖനനത്തിന്റെ ഇപ്പോഴത്തെ സാധ്യതകളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ചരിത്രകാരന്‍മാരായ കെ.കെ.എന്‍.കുറപ്പ്, മുണ്ടക്കയം ഗോപി, ഒ.കെ.ജോണി എന്നിവരുമായുള്ള അഭിമുഖങ്ങളും ഈ ഹ്രസ്വ ചലച്ചിത്രത്തിന്റെ ഭാഗമാണ്.

കാസാ ബ്ലാങ്കോ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മല്‍ ബേബിയുടെ സഹോദരി ബേബി ചൈതന്യയാണ് ഡോക്യുമെന്ററി നിര്‍മിച്ചത്. 2018ല്‍ തുടങ്ങിയ ചിത്രീകരണം 2020ലാണ് പൂര്‍ത്തിയായത്. ഡോക്യുമെന്ററിയിലൂടെ ഇതിനകം നിരവധി പുരസ്‌കാരങ്ങള്‍ ബേബി വര്‍ഗീസിനു ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഹോളിവുഡ് ഇന്റര്‍നാഷണല്‍ ഗോള്‍ഡന്‍ ഏജ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുത്തത് തരിയോടിനെയാണ്. ആര്‍ട്ട് ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വ ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്്കാരം തരിയോടിലൂടെ നിര്‍മല്‍ വര്‍ഗീസിന്റെ കൈകളിലെത്തി. റീല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അവാര്‍ഡും തരിയോട് സ്വന്തമാക്കിയിരുന്നു. യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്‌സെ ഇന്റര്‍നാഷണല്‍ മന്ത്‌ലി ഫിലിം ഫെസ്റ്റിവല്‍, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ് വര്‍ക്ക് സെഷന്‍സ്, ലോസ് ആഞ്ചലസിലെ സ്റ്റാന്‍ഡാലോണ്‍ ഫിലിം ഫെസ്റ്റിവല്‍ ആന്‍ഡ് അവാര്‍ഡ്സ് തുടങ്ങിയ മേളയിലേക്കു ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

27കാരനായ നിര്‍മല്‍ വഴിയെ എന്ന പേരില്‍ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. കാസര്‍കോടും സമീപപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ ഡബ്ബിംഗ് അടക്കം ജോലികള്‍ നടന്നുവരികയാണ്. പുതുമുഖങ്ങളാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സ് സംഗീത സംവിധാനം നിര്‍വഹിച്ച ആദ്യ ഇന്ത്യന്‍ സിനിമയുമാണിത്.

തരിയോട്: ദി ലോസ്റ്റ് സിറ്റി എന്നു പേരിട്ട ബിഗ് ബജറ്റ് സിനിമയുടെ പണിപ്പുരയിലാണ് നിര്‍മല്‍ ബേബി. വിദേശ താരങ്ങളാണ് ഈ ചിത്രത്തില്‍ അഭിനേതാക്കളായി എത്തുന്നത്. ബില്‍ ഹച്ചന്‍സ്, ലുയിംഗ് ആന്‍ഡ്രൂസ്, അലക്‌സ് ഓ നെല്‍, അമേലി ലെറോയ്, കോര്‍ട്ട്‌നി സനെല്ലോ, ബ്രണ്ടന്‍ ബേണ്‍, റോജര്‍ വാര്‍ഡ് എന്നീ വിദേശ താരങ്ങള്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഡോക്യുമെന്ററിയുടെ സിനിമാറ്റിക് റീമേക്കാണ് തരിയോട്: ദി ലോസ്റ്റ് സിറ്റി. ഈ സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം തുടങ്ങുമെന്നു നിര്‍മല്‍ ബേബി പറഞ്ഞു. വിദേശ സ്റ്റുഡിയോകള്‍ ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാകുന്നതിനു താത്പര്യം അറിയിച്ചിട്ടുണ്ട്. തരിയോടു പുതുപറമ്പില്‍ ബേബി-ലില്ലി ദമ്പതികളുടെ മകനാണ് അവിവാഹിതനായ നിര്‍മല്‍ ബേബി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close