Breaking NewsKERALANEWSTop News

സിപിഎമ്മിനെ അനുനയിപ്പിക്കാൻ എൻ കെ പ്രേമചന്ദ്രൻ തന്നെ രം​ഗത്ത്; താൻ എല്‍ഡിഎഫിന്റെ വക്താവായി നിന്നിരുന്ന ഒരാളാണെന്ന് കൊല്ലം എംപി; സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും വ്യക്തിപരമായ വൈരാ​ഗ്യമില്ലെന്നും വിശദീകരണം; ഉചിതമായ സമയത്ത് മുന്നണി മാറ്റമെന്ന് അണികൾക്കും ഉറപ്പ്

കൊല്ലം: തത്ക്കാലം യുഡിഎഫിൽ തുടരാൻ തീരുമാനിച്ചെങ്കിലും ആർ എസ് പി നേതൃത്വം ശ്രമിക്കുന്നത് ഇടത് മുന്നണിയോട് അടുക്കാൻ. മുന്നണി മാറ്റം സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനം എന്ന സന്ദേശമാണ് നേതൃത്വം അണികൾക്ക് നൽകുന്നത്. പാർട്ടിയിലെ കൊഴിഞ്ഞു പോക്കിനെ നിയന്ത്രിക്കാനാകാതെ വന്നതോടെ സിപിഎമ്മിനെയും ഇടതുമുന്നണിയേയും അനുനയിപ്പിച്ച് എൽഡിഎഫിന്റെ ഭാ​ഗമാകാനാണ് ആർ എസ് പി ശ്രമിക്കുന്നത്. ഇതിന്റെ ഭാ​ഗമായി തനിക്ക് സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും വ്യക്തിപരമായ വൈരാ​ഗ്യമില്ലെന്ന് ആവർത്തിച്ച് എൻ കെ പ്രേമചന്ദ്രൻ വീണ്ടും രം​ഗത്തെത്തി. കൊല്ലം പ്രസ്ക്ലബില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രേമചന്ദ്രൻ സിപിഎമ്മിനോട് അനുഭാവ നിലപാട് പ്രകടിപ്പിച്ചത്. എല്‍ഡിഎഫിന്റെ വക്താവായി നിന്നിരുന്ന ഒരാളാണ് താന്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് തനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ലെന്ന് എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ ‘പരനാറി’ പ്രയോഗം ജനം വിലയിരുത്തട്ടെയെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പും താന്‍ പറഞ്ഞതെന്നും അതേ നിലപാടില്‍ തന്നെയാണ് അപ്പോഴും നില്‍ക്കുന്നതെന്നും എന്‍കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കുന്നു.

എല്ലാവരും പോയാലും ഞാന്‍ പോകില്ല എന്ന ധാരണ നേതാക്കള്‍ക്ക് ഉണ്ടായിരുന്നിരിക്കണം. എല്‍ഡിഎഫിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഞാന്‍ വരുമെന്നും കരുതിക്കാണില്ല. അതായിരിക്കാം പ്രകോപനപരമായ പ്രതികരണത്തിനു കാരണമായത്. പിണറായിയുടെ പരാമര്‍ശത്തോട് പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ല. അതു വീണ്ടും അദ്ദേഹം ആവര്‍ത്തിരുന്നു. മാറ്റേണ്ട കാര്യമില്ല എന്നിയിരിക്കും അദ്ദേഹത്തിന്റെ വിശ്വാസം. പക്ഷേ ജനങ്ങള്‍ എനിക്കാണ് വോട്ടു ചെയ്തത് എന്നും എന്‍ കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംഎ ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്ത് വന്നപ്പോഴായിരുന്നു എന്‍കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ പരനാറി പരാമര്‍ശം നടത്തിയത്. പ്രേമചന്ദ്രന്റെ യുഡിഎഫ് പ്രവേശനത്തെ വിമര്‍ശിച്ചായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം.

പരനാറി പ്രയോഗം ഒരു രാഷ്ട്രീയ വിയോജിപ്പായിട്ട് മാത്രമാണ് താന്‍ കാണുന്നതെന്നും പിണറായി വിജയനുമായി അടുത്ത സൗഹൃദമാണെന്നും നേരത്തേയും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു. മനോരമക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നിലപാട് അറിയിച്ചത്. രണ്ട് പേരും പൊതുരംഗത്ത് നില്‍ക്കുന്നവരായതിനാല്‍ പലതവണ നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു.

യുഡിഎഫിൽ തുടരാൻ നേതൃത്വം തീരുമാനിച്ചതിന് പിന്നാലെ ആർ എസ് പി പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടാനൊരുങ്ങിയിരുന്നു. ഇടത് മുന്നണിയിലെ പ്രബല കക്ഷികളായ സിപിഎമ്മിലേക്കും സിപിഐയിലേക്കും ചേക്കേറുന്നതിന് പ്രാദേശിക തലത്തിൽ ചർച്ചകളും നടന്നു. കൊല്ലം ജില്ലയിലെ ചവറ, കുണ്ടറ, കരുനാ​ഗപ്പള്ളി, കുന്നത്തൂർ തുടങ്ങിയ പ്രദേശങ്ങളിലുള്ള ആർ എസ് പി പ്രവർത്തകരാണ് ഇടത് മുന്നണിയിലേക്ക് എത്തുന്നതിനുള്ള ചർച്ചകൾ നടത്തിയത്. ഇതോടെയാണ് ഉചിതമായ സമയത്ത് മുന്നണി മാറ്റം എന്ന സന്ദേശം നേതൃത്വം അണികൾക്ക് നൽകിയത്. ഇതിന് പിന്നാലെ സിപിഎമ്മുമായി എൻ കെ പ്രേമചന്ദ്രൻ അനുനയ നീക്കങ്ങളും ആരംഭിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെയാണ് ആർ എസ് പിയിൽ മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾക്ക് വഴിയൊരുങ്ങിയത്. ആർ എസ് പി സ്ഥാനാർത്ഥികളുടെ തോൽവി ഉറപ്പാക്കിയത് കോൺ​ഗ്രസുകാരായിരുന്നു എന്ന ആക്ഷേപം നേതാക്കൾ പോലും ഉയർത്തി. ഇതിന് പിന്നാലെ ചവറയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷിബു ബേബിജോണിന്റെ നേതൃത്വത്തിലാണ് ഒരു വിഭാ​ഗം ആർഎസ്പിക്കാർ യുഡിഎഫ് വിടണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ, എൻ കെ പ്രേമചന്ദ്രന്റെ തന്ത്രങ്ങളിൽ ആർ എസ് പി, യുഡിഎഫിൽ ഉറച്ചുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

ആർ എസ് പി പിളർത്തിയാണെങ്കിലും ഇടത് പാളയത്തിൽ എത്തണമെന്ന വികാരമാണ് ഭൂരിപക്ഷം പ്രവർത്തകർക്കുമുള്ളത്. എന്നാൽ, താൻ മുൻകൈ എടുത്ത് ഒരിക്കൽ പാർട്ടി പിളർത്തിയതിന്റെ തിരിച്ചടി പാർട്ടിക്കുണ്ടെന്നും ഒരു പിളർപ്പിനെ കൂടി പ്രസ്ഥാനം താങ്ങില്ലെന്നുമാണ് ഷിബു ബേബിജോണിന്റെ നിലപാട്. ഷിബു ബേബിജോൺ പൂർണമായും പാർട്ടിക്ക് വിധേയനായി നൽക്കാൻ തീരുമാനിച്ചതോടെയാണ് അദ്ദേഹത്തിനൊപ്പം നിന്നിരുന്ന അണികൾ പാർട്ടി വിടാൻ ഒരുങ്ങുന്നത്.

കൊല്ലത്തെ പരമ്പരാഗത തൊഴിലാളിമേഖലകളിലാണ് ആർ.എസ്.പിയുടെ കരുത്തും വീര്യവും. ആ മേഖലയിലിപ്പോൾ കടുത്ത നിരാശയാണ്. ഇടതുചേരിയാണ് ആർ.എസ്.പിക്ക് പഥ്യമെന്ന് ചിന്തിക്കുന്നവരേറെയാണ്. മാനസികമായി യു.ഡി.എഫിനോട് പൊരുത്തപ്പെടാനാവാത്തവരാണ് മുന്നണിമാറ്റം ആഗ്രഹിക്കുന്നത്.ഇടതുചേരിയിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരേറെയാണ് ആ പാർട്ടിയിൽ. സി.പി.എമ്മിന്റെ അവഗണനയുണ്ടായാൽ പോലും തിരഞ്ഞെടുപ്പിലും മറ്റും മത്സരിക്കുമ്പോൾ ഇടതുപ്രവർത്തകർ വർദ്ധിതവീര്യത്തോടെ ഒരുമിച്ച് നിൽക്കുമായിരുന്നു. കോൺഗ്രസിന്റെ അവസ്ഥ അതല്ല. തദ്ദേശഭരണ തിരഞ്ഞെടുപ്പിലും മറ്റും മുന്നണിസ്ഥാനാർത്ഥികളായി ആർ.എസ്.പി പ്രവർത്തകർ ഔദ്യോഗികപരിവേഷത്തിൽ നിൽക്കുമ്പോൾ വിമതരായി കോൺഗ്രസുകാരുണ്ടാകും. ഒരു ഘട്ടമെത്തുമ്പോൾ അവർ കൈപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിച്ച് ഔദ്യോഗികസ്ഥാനാർത്ഥികളായി മാറും.ഇത്തരമൊരു പോക്കിൽ നഷ്ടക്കച്ചവടം മാത്രമായ യു.ഡി.എഫ് ബാന്ധവം തുടരുന്നതെന്തിനെന്ന ചോദ്യമാണ് ആർ.എസ്.പിയുടെ ഇക്കഴിഞ്ഞ സംസ്ഥാനകമ്മിറ്റി യോഗത്തിലുമുയർന്നുകേട്ടത്.

തൊണ്ണൂറുകളുടെ ഒടുക്കം വരെയും കേരളത്തിലെ പ്രബല രാഷ്ട്രീയ പാർട്ടിയായിരുന്നു ആർ.എസ്.പി. ഇടതുമുന്നണിയിൽ സി.പി.എമ്മും സി.പി.ഐയും കഴിഞ്ഞാൽ പ്രബലകക്ഷി ആർ.എസ്.പിയായിരുന്നു. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അധികാരം പിടിക്കുന്നതിന് തൊട്ടുമുമ്പ് വരെയും സി.പി.എം കഴിഞ്ഞാൽ കരുത്ത് ആർ.എസ്.പിക്കായിരുന്നു. കേരളത്തിൽ ബേബി ജോണിനെയും ശ്രീകണ്ഠൻ നായരെയും ടി കെ ദിവാകരനെയും കെ. പങ്കജാക്ഷനെയും പോലുള്ള കരുത്തന്മാർ ആർ.എസ്.പിയുടെ മുതൽക്കൂട്ടായിരുന്നു.

1999ൽ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമന്ത്രിസഭയിൽ ജലസേചന മന്ത്രിയായിരിക്കെ ബേബി ജോൺ അപ്രതീക്ഷിതമായി അസുഖബാധിതനായതകോടെയാണ് ആർ എസ്പിക്ക് കഷ്ടകാലം ആരംഭിക്കുന്നത്. കേരള കിസിഞ്ചർ എന്നറിയപ്പെട്ട ബേബി ജോണിന്റെ കരുത്തിന്റെ ബലത്തിലാണ് പാർട്ടിക്കകത്തെ അന്തച്ഛിദ്രങ്ങളെ അടക്കിനിറുത്തിയിരുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങൾ. ബേബി ജോണിന്റെ വീഴ്ച പാർട്ടിയിൽ അടക്കിനിറുത്തപ്പെട്ടിരുന്ന അന്തച്ഛിദ്രങ്ങളെ മറനീക്കി പുറത്തെത്തിച്ചു. സംസ്ഥാനസെക്രട്ടറിയായിരുന്ന കെ. പങ്കജാക്ഷൻ പാർട്ടിയുടെ അഖിലേന്ത്യാ ജനറൽസെക്രട്ടറിയാവുന്നത് ആയിടയ്ക്കാണ്. അദ്ദേഹം സംസ്ഥാനസെക്രട്ടറി പദമൊഴിഞ്ഞു. പുതിയ സെക്രട്ടറിയെ നിയോഗിക്കാൻ സംസ്ഥാനകമ്മിറ്റി ചേർന്നപ്പോൾ നേതാക്കൾ ചേരി തിരിഞ്ഞു. കെ.സി. വാമദേവനും പ്രൊഫ.ടി.ജെ. ചന്ദ്രചൂഡനും പരസ്പരം മത്സരിച്ചു. സിറ്റിംഗ് എം.എൽ.എമാരായ പ്രൊഫ.എ.വി. താമരാക്ഷനും ബാബു ദിവാകരനും ടി. നാണുമാസ്റ്ററുമടക്കം വാമദേവനായി നിലകൊണ്ടു. ഔദ്യോഗികചേരി ചന്ദ്രചൂഡനൊപ്പവും.

പിന്നീട് പാർട്ടി കൊല്ലം സമ്മേളനത്തിൽ ചന്ദ്രചൂഡനെ തോല്പിച്ച് വി.പി. രാമകൃഷ്ണപിള്ള പാർട്ടി സെക്രട്ടറിയായി. അപ്പോഴേക്കും ഭരണമാറ്റം സംഭവിച്ചിരുന്നു.ബേബിജോൺ കിടപ്പിലായപ്പോൾ പകരം മന്ത്രിസ്ഥാനത്തേക്ക് നാണുമാസ്റ്റർക്കും വി.പി. രാമകൃഷ്ണപിള്ളയ്ക്കും വേണ്ടി വടംവലികളുണ്ടായി. രാമകൃഷ്ണപിള്ളയ്ക്കാണ് നറുക്കുവീണത്. അതിലേറ്റ ക്ഷീണം മറികടക്കാനാണ് സെക്രട്ടറി തിരഞ്ഞെടുപ്പിൽ മറുചേരി ശ്രമിച്ചത്. രൂക്ഷമായ ചേരിപ്പോരിനൊടുവിൽ പാർട്ടി പിളർന്നു. ഒരു പക്ഷേ ബേബി ജോൺ അബോധാവസ്ഥയിലല്ലായിന്നെങ്കിൽ ആ പിളർപ്പ് സംഭവിക്കില്ലായിരുന്നെന്ന് കരുതുന്നവരാണ് പാർട്ടിയിലേറെയും. പിളർന്നുപോയവർ ആർ.എസ്.പി- ബോൾഷെവിക് രൂപീകരിച്ചു. കിടപ്പിലായിപ്പോയ ബേബി ജോണിനെ അവർ നേതാവാക്കി ഉയർത്തിക്കാട്ടി.

2001ലെ തിരഞ്ഞെടുപ്പാവുമ്പോഴേക്കും ആർ.എസ്.പി-ബി യു.ഡി.എഫിനൊപ്പമായി. ഇരവിപുരത്ത് വിജയിച്ച ബാബു ദിവാകരൻ അന്ന് മന്ത്രിയായി. ബാബു ദിവാകരൻ, പാർട്ടിയുടെ സ്ഥാപകനേതാവും പ്രഗല്‌ഭനുമായ പരേതനായ ടി.കെ. ദിവാകരന്റെ മകനാണ്. ബേബിജോണിന്റെ മകനായ ഷിബു രാഷ്ട്രീയത്തിൽ അച്ഛന്റെ പിൻഗാമിയായി സജീവമായിത്തുടങ്ങിയിരുന്നു. ഷിബു ബോൾഷെവിക് പക്ഷത്തായതിനാലാണ് ബേബിജോൺ അവരുടെ നേതാവായി അവരോധിക്കപ്പെട്ടതും. 2006ലെ തിരഞ്ഞെടുപ്പിൽ ചവറയിൽ ഷിബു ബേബിജോണിനെ മലർത്തിയടിച്ച് ഔദ്യോഗിക ആർ.എസ്.പിയുടെ കരുത്തായത് ബേബിജോണിന്റെ പ്രിയശിഷ്യൻ എൻ.കെ. പ്രേമചന്ദ്രനായിരുന്നു. പ്രേമചന്ദ്രൻ മന്ത്രിയുമായി.ഇതിനിടയിൽ ആർ.എസ്.പിയുടെ കരുത്ത് വലിയ തോതിൽ ചോർന്നുപോയിരുന്നു.

ഒരു ദശകം മുമ്പുവരെയും ഏഴ് സീറ്റുകളിൽ വരെ മത്സരിക്കുകയും നാലും അഞ്ചും എം.എൽ.എമാരെ വരെ വിജയിപ്പിച്ചെടുക്കുകയും ചെയ്ത ആർ.എസ്.പി നിയമസഭയിൽ രണ്ട് പേരിലേക്ക് ഒതുങ്ങി. ഇടതുമുന്നണിയിൽ ലഭിച്ചുവന്നിരുന്ന കൊല്ലം ലോക്‌സഭാ സീറ്റ് കൈവിടേണ്ടി വന്നു. 2014ലെ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ നിലനില്പ് പോലും അപകടത്തിലാവുന്ന ഘട്ടത്തിലാണ് മുമ്പ് കൈവിട്ട കൊല്ലം ലോക്‌സഭാ സീറ്റ് ആർ.എസ്.പി തിരിച്ചുചോദിച്ചത്. ഉഭയകക്ഷി ചർച്ച നടക്കും മുമ്പേ എം.എ. ബേബിയെ കൊല്ലത്ത് സ്ഥാനാർത്ഥിയായി സി.പി.എം നിശ്ചയിച്ചു. അത് ആർ.എസ്.പിയുടെ ആത്മാഭിമാനത്തെ വല്ലാതെ മുറിവേല്പിച്ചു. ഇടതുമുന്നണി വിടുകയെന്ന കടുത്ത തീരുമാനത്തിലേക്ക് ആ പാർട്ടിയെ എത്തിച്ചു. തക്കസമയത്ത് ഇടപെട്ട് ആർ.എസ്.പിക്ക് യു.ഡി.എഫിലേക്കുള്ള പരവതാനി ഒരുക്കിയത് അന്ന് ആർ.എസ്.പി-ബിയുടെ മന്ത്രിയായിരുന്ന ഷിബു ബേബിജോൺ ആണ്.

ക്രമേണ ആർ.എസ്.പി-ബി, ഔദ്യോഗിക ആർ.എസ്.പിയിൽ ലയിച്ചു. എം.എൽ.എ ആയിരുന്ന കോവൂർ കുഞ്ഞുമോൻ ഔദ്യോഗിക ആർ.എസ്.പി വിട്ട് ആർ.എസ്.പി-ലെനിനിസ്റ്റ് ഉണ്ടാക്കി സ്വതന്ത്രനായി. പിന്നീട് നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആർ.എസ്.പിക്ക് നഷ്ടം മാത്രമാണുണ്ടായത്. 2016ലും 2021ലും അഞ്ചിടത്ത് വീതം യു.ഡി.എഫിന്റെ ഭാഗമായി മത്സരിച്ച അവർക്ക് ഒരു സീറ്റിലും വിജയിക്കാനായില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close