Breaking NewsKERALANEWS

ബിരിയാണി കിട്ടിയില്ലെന്ന് പരാതി പറഞ്ഞ വിദ്യാർത്ഥി സമരത്തിനും പോയില്ല; ബിരിയാണി വാ​ഗ്ദാനം ചെയ്ത് എസ്എഫ്ഐ സമരത്തിന് കൊണ്ടുപോയെന്ന വിവാദത്തിൽ വമ്പൻ ട്വിസ്റ്റ്

പാലക്കാട്: പാത്തിരിപ്പാല സ്‌കൂളിലെ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ഉയർന്ന ബിരിയാണി കഥ അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി
സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ്. മാധ്യമങ്ങൾക്ക് പ്രതികരണം നൽകിയ പത്താം ക്ലാസ് വിദ്യാർഥി എസ്എഫ്‌ഐ സമരത്തിന് പോയിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. കുട്ടി സമരത്തിന് പോയില്ലെന്ന വിവരം പുറത്ത് പറഞ്ഞത് സഹപാഠികൾ തന്നെയാണെന്നും എൻഎൻ കൃഷ്ണദാസ് പറഞ്ഞു.

കോൺഗ്രസ്-എസ്ഡിപിഐ-ബിജെപി നേതാക്കൾ സൃഷ്ടിച്ചതാണ് ബിരിയാണി കഥയെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ്, എസ്ഡിപിഐ, ബിജെപി നേതാക്കളുടെ വീട്ടിലെ കുട്ടികൾ വിദ്യാലയങ്ങളിൽ എത്തിയാൽ എസ്എഫ്‌ഐയുടെ ഭാഗമാവുകയാണ്. അതിന്റെ മനോവിഷമമാണ് ഇത്തരം അപവാദങ്ങളായി പുറത്തുവരുന്നതെന്നും എൻഎൻ കൃഷ്ണദാസ് പറഞ്ഞു.

എൻഎൻ കൃഷ്ണദാസ് പറഞ്ഞത്: അങ്ങനെ ആ നുണയും പൊളിഞ്ഞു. SFI നേതൃത്തിൽ ജില്ലാ കളക്ടറേറ്റിലേക്ക് ഇക്കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുടെ മാർച്ച് സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥിനി വിദ്യാർഥികൾ അതിൽ പങ്കെടുത്തിരുന്നു. അതിന്റെ പിറ്റേ ദിവസം പത്തിരിപ്പാല സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ രക്ഷിതാക്കളുടെ വേഷത്തിൽ ചില കോൺഗ്രസ്സ് SDPI ബിജെപി നേതാക്കൾ പ്രത്യക്ഷപ്പെടുകയും അവരുടെ അനുമതിയില്ലാതെ അവരുടെ വീട്ടിലെ കുട്ടികളെ SFI ക്കാർ ‘തട്ടിക്കൊണ്ടു പോയി’ സമരത്തിൽ പങ്കെടുപ്പിച്ചതായി വലിയ ആക്ഷേപങ്ങൾ ഉന്നയിക്കുകയും ചെയ്തു. അധികം വൈകാതെ ചില വലത് പക്ഷ ചാനലുകൾ അതേറ്റു പിടിച്ചു.

കഥ ഒന്ന് കൂടി കൊഴുപ്പിക്കാൻ കുട്ടികളെ സമരത്തിൽ പങ്കെടുപ്പിക്കാൻ ‘ബിരിയാണി’ വാഗ്ദാനം ചെയ്‌തെന്നും, അത് കൊടുക്കാതെ പറ്റിച്ചെന്നും ചില വലത് പക്ഷ ചാനലുകൾ പ്രചരണം നടത്തി. ‘സ്‌പെഷ്യൽ എഫക്റ്റ്’ ഉണ്ടാക്കാൻ സ്‌കൂളിലെ പത്താം ക്ലാസ്സ് കാരനായ ഒരു വിദ്യാർഥിയുടെ ബൈറ്റും കൊടുത്തു. എന്നാൽ വലത് ചാനലുകാർ അവതരിപ്പിച്ച ആ ‘ ആൺ കുട്ടി’ സമരത്തിന് പോയിരുന്നില്ല. സ്‌കൂളിൽ തന്നെ ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ സഹപാഠികൾ ഇത് പുറത്തറിയിച്ചു. അപ്പോൾ ആ കുട്ടി സത്യം തുറന്ന് പറഞ്ഞു. എന്നെക്കൊണ്ട് ചില ‘ബാഹ്യ ശക്തി’കൾ ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുകയായിരുന്നു എന്ന്. ആ ‘ബാഹ്യ ശക്തി’കൾ കോൺഗ്രസ്സ് SDPI ബിജെപി പ്രാദേശിക നേതാക്കളാണെന്നും വ്യക്തമായി. ഇതോടെ ആ കഥയും പൊളിഞ്ഞു.

സമരത്തിന് പോകാത്ത കുട്ടിയെ അപവാദം പറയാൻ സാക്ഷിയാക്കി ഇറക്കിയ വലത് ചാനലുകൾക്ക് സ്വതവേ ലജ്ജയില്ലാത്തവരായത് കൊണ്ട് അവർ പിന്നെ നിശ്ശബ്ദരായി. ഇക്കാര്യത്തിൽ ഒരു സത്യം പുറത്ത് വന്നു. കോൺഗ്രസ്സ് SDPI ബിജെപി നേതാക്കളുടെ വീട്ടിലെ കുട്ടികളും, വിദ്യാലയങ്ങളിൽ എത്തിയാൽ SFI ആവുകയാണ്. അതിന്റെ മനോവിഷമം ഇത്തരം അപവാദങ്ങൾ ആയി പുറത്ത് വരുന്നു. എന്തെല്ലാം അപവാദങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ചാലും SFIയെ വിദ്യാർത്ഥികളിൽ നിന്ന് ഒറ്റപ്പെടുത്താനാവില്ല. വിദ്യാർത്ഥി സമൂഹത്തിനിടയിൽ SFI ഒരു തീജ്വാല തന്നെയാണ്. ഒരു കൊടുങ്കാറ്റിലും അണയാത്ത ജ്വാല…..

പരാതിപ്പെട്ട വിദ്യാർഥി സമരത്തിന് പോയിട്ടില്ലെന്ന് അധ്യാപക കമ്മീഷൻ

ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞ് വിദ്യാർഥികളെ എസ്എഫ്‌ഐ പരിപാടിയിലേക്ക് കൊണ്ടുപോയെന്ന പ്രചരണത്തിൽ ട്വിസ്റ്റ്. എസ്എഫ്‌ഐ പരിപാടിയിൽ പങ്കെടുത്താൽ ബിരിയാണി വാങ്ങി തരാമെന്ന് നേതാക്കൾ പറഞ്ഞതായി മാധ്യമങ്ങളിലൂടെ പ്രതികരിച്ച വിദ്യാർഥി സമരത്തിന് പോയിട്ടില്ലെന്നും ആ ദിവസം ക്ലാസിലുണ്ടായിരുന്നെന്നും കണ്ടെത്തി. പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ രക്ഷിതാക്കളുടെ പരാതിയിൽ പിടിഎ നിയോഗിച്ച അധ്യാപക കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ബിരിയാണി വാഗ്ദാനം നൽകിയാണ് എസ്എഫ്‌ഐ പ്രവർത്തകർ പ്രകടനത്തിന് കൊണ്ടുപോയതെന്ന വാദം തള്ളി സ്‌കൂളിലെ ഒരു വിഭാഗം വിദ്യാർഥികളും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം താൽപര്യം മുൻനിർത്തി വിദ്യാർഥികളെ പറഞ്ഞ് പഠിപ്പിച്ച് ബിരിയാണി കഥയുണ്ടാക്കുകയായിരുന്നെന്ന് സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ നേതാക്കൾ പറഞ്ഞിരുന്നു.

27-ാം തീയതി എസ്എഫ്‌ഐ നടത്തിയ പ്രതികരണം:

”എന്തെങ്കിലും വാഗ്ദാനം കൊടുത്തിട്ട് അല്ല എസ്എഫ്‌ഐ കുട്ടികളെ കൊണ്ടുപോയത്. പത്തിരിപ്പാല എത്തി കുട്ടികൾക്ക് ആവശ്യമായ ലഘുഭക്ഷണം വാങ്ങി നൽകാൻ ഭാരവാഹികൾ ഇറങ്ങി ഹോട്ടലിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് ചിലർ വന്ന് മനപൂർവ്വം പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോയാണ് ബിരിയാണി കൊടുത്ത് എസ്എഫ്‌ഐ കുട്ടികളെ പരിപാടിക്ക് കൊണ്ടുപോയെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. സംഭവത്തിന്റെ വസ്തുത എന്താണെന്ന് അന്വേഷിക്കാൻ മാധ്യമങ്ങൾ തയ്യാറായില്ല.”

”വിദ്യാർത്ഥികളെ നിർബന്ധിച്ച് മാർച്ചിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യം എസ്എഫ്‌ഐക്കില്ല. പ്രദേശത്ത് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ യൂണിറ്റാണ് പത്തിരിപ്പാലത്തേത്. എസ്എഫ്‌ഐയുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത വിദ്യാർഥികളാണ് സ്‌കൂളിലുള്ളത്. യാതൊരു ബലപ്രയോഗത്തിന്റെയും ആവശ്യമില്ല. മാർച്ച് സംബന്ധിച്ച വിവരങ്ങൾ നേരത്തെ തന്നെ വിദ്യാർഥികളെ അറിയിച്ചിരുന്നു. വന്ന താൽപര്യമുള്ള വിദ്യാർഥികളെ മാർച്ചിൽ പങ്കെടുപ്പിക്കുകയാണ് ഉണ്ടായത്.”
”രക്ഷിതാക്കളുടെ രാഷ്ട്രീയം നോക്കിയല്ല വിദ്യാർഥികളെ എസ്എഫ്‌ഐയുടെ ഭാഗമാക്കുന്നത്. എസ്എഫ്‌ഐയോട് താൽപര്യമുള്ളവരെ ചേർത്ത് നിർത്തി മുന്നോട്ടു കൊണ്ടുപോകുകയാണ് ചെയ്യുന്നത്. രാഷ്ട്രീയം താൽപര്യം മുൻനിർത്തി വിദ്യാർഥികളെ പറഞ്ഞ് പഠിപ്പിച്ച് ഇല്ലാത്ത ഒരു ബിരിയാണി കഥയുണ്ടാക്കുകയായിരുന്നു. എസ്എഫ്‌ഐയെ മോശമായി ചിത്രീകരിക്കാൻ വേണ്ടിയാണ് ഇത്തരമൊരു പ്രചരണം രാഷ്ട്രീയ താൽപര്യത്തോടെ ചിലർ നടത്തുന്നത്. രാഷ്ട്രീയമുള്ളവരുടെ മക്കളെ പറഞ്ഞ് പഠിപ്പിക്കുകയും അതിന്റെ ഭാഗമായാണ് ബൈറ്റ് അടക്കം പുറത്തുവന്നത്.”

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close