Breaking NewsKERALANEWSTop News

ചാൻസലറുടെ അധികാരം തട്ടിയെടുക്കാൻ ശ്രമിച്ചിട്ടില്ല; ഗവർണർ തന്നെ ആ സ്ഥാനത്ത് തുടരണം; ഗവർണർ പരസ്യ പ്രതികരണം നടത്തിയത് കൊണ്ടാണ് മറുപടി നൽകേണ്ടി വന്നതെന്നും മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഉയരുന്ന ചര്‍ച്ചകളില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ശാക്തീകരണം സംബന്ധിച്ച് ഗവര്‍ണര്‍ പ്രകടിപ്പിച്ച ആശങ്കകളോട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചാന്‍സലറുടെ അധികാരം നിയമപ്രകാരമുള്ളതാണ്. അത് കവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനം സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ആ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ തുടരണം. ഗവര്‍ണറുടെ പരസ്യ പ്രസ്താവന അതീവ ദുഃഖകരമാണ്. നിഷേധ ചിന്താഗതിക്കാര്‍ക്ക് ഉത്തേജനം നല്‍കുന്ന പ്രസ്താവനയാണ് അത്. റസിഡന്റ് പരാമര്‍ശം വ്യക്തിപരമല്ല, രാഷ്ട്രീയ മറുപടിയാണ്. ഊഷ്മളമായ ബന്ധം ഗവര്‍ണറുമായി കാത്തുസൂക്ഷിച്ചിരുന്നു. സര്‍ക്കാറിന് ഒരു കാര്യത്തിലും പിടിവാശിയില്ല. ഗവര്‍ണറുമായി ഇനിയും ചര്‍ച്ചക്ക് തയാറാണ്. അദ്ദേഹം ആഗ്രഹിക്കും വിധം ഉന്നത വിദ്യാഭ്യാസ മേഖലയെ ഉയരങ്ങളില്‍ എത്തിക്കാമെന്നും മുഖ്യമന്ത്രി വിശദമാക്കി.

“പൊതു വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മികച്ച മുന്നേറ്റമുണ്ടാക്കാനായി. നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച എല്‍ ഡി എഫ് പ്രകടന പത്രികയില്‍ ഉന്നത വിദ്യാഭ്യാസ മേഖല കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാറിന്റെ നിലപാടിനെ കുറിച്ച് മനസ്സിലാകാത്തയാളല്ല ഗവര്‍ണര്‍. പൊതു വിദ്യാഭ്യാസ മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനായതിനാല്‍ ഇനി ഉന്നത വിദ്യാഭ്യാസത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറണമെന്നു തന്നെയാണ് പ്രകടനപത്രികയിലെ നിര്‍ദേശം. നടപ്പിലാക്കുന്നത് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളാണ്. സര്‍ക്കാറിന്റെ കാഴ്ചപ്പാടാണ് നയപ്രഖ്യാപനത്തില്‍ പറഞ്ഞത്. സര്‍ക്കാര്‍ നയം ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടെ എടുത്തുകാട്ടിയതാണ്. ഉന്നത വിദ്യാഭ്യാസ മേഖല ഇന്നുള്ളതില്‍ നിന്ന് കൂടുതല്‍ മുന്നോട്ട് പോകണമെന്ന കാര്യത്തില്‍ സര്‍ക്കാറിനും ഗവര്‍ണര്‍ക്കും ഒരേ അഭിപ്രായമാണുള്ളത്” – അദ്ദേഹം കൂട്ടി ചേർത്തു.

പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്താനായിട്ടുണ്ടെങ്കിലും എല്ലാ തികഞ്ഞുവെന്നോ ഇനിയൊന്നും ചെയ്യേണ്ടതില്ലെന്നോ അഭിപ്രായമില്ല. എന്നാല്‍, കാലാനുസൃതമായ പുരോഗതിയുണ്ടാക്കാനായിട്ടുണ്ട്. അക്കാദമിക് മികവ്, പശ്ചാത്തല സൗകര്യം എന്നിവയില്‍ നല്ല മുന്നേറ്റമുണ്ടാക്കാനായി. ഉന്നത വിദ്യാഭ്യാസത്തില്‍ കാലാനുസൃത മുന്നേറ്റമുണ്ടാക്കേണ്ടത് സംബന്ധിച്ച് സര്‍ക്കാറിന്റെ കര്‍മ പരിപാടിയില്‍ വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനസ്സാക്ഷിക്ക് വിരുദ്ധമായി ഗവര്‍ണര്‍ എന്തെങ്കിലും ചെയ്യണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. സര്‍ക്കാര്‍ നിലപാട് അറിയിക്കുക സ്വാഭാവിക നടപടിയാണ്. ഉചിതമായ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറുടെ ഉത്തരവാദിത്തമാണ്. വിമര്‍ശനം ഭയന്ന് തീരുമാനം എടുക്കാതിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനല്ല. അക്കാദമിക പശ്ചാത്തലമില്ലാത്തവരെ പോലും വി സിയായി നിയമിച്ച ചരിത്രമുണ്ടായിട്ടുണ്ട്.

പച്ചക്കറി വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close