NEWSTrendingWORLD

ലഹരിക്കടിമപ്പെടുന്നവർ ചികിത്സയ്ക്കായി സമീപിച്ചാൽ കേസെടുക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം; എന്നാൽ ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നത് മറച്ചുവെച്ചാൽ കടുത്ത ശിക്ഷ

ദോഹ: ലഹരിയുടെ ഉപയോഗവും അതിന് അടിമപ്പെടുന്നവരുടെ എണ്ണവും ദിനംപ്രതി കൂടി വരികയാണ്. മയക്കുമരുന്നിന് അടിമപ്പെട്ടവർ ചികിത്സക്കായി അധികൃതരെ സമീപിക്കുകയാണെങ്കിൽ അത്തരക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇവരെ ലഹരിമുക്തരാക്കുന്നതിനും നിയമസംവിധാനം പ്രത്യേക മാനുഷിക പരിഗണന നൽകുമെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഡ്രഗ് എൻഫോഴ്സ്​മെൻറ് ജനറൽ ഡയറക്ടറേറ്റിലെ മാധ്യമ – ബോധവത്​കരണ വിഭാഗം ഉദ്യോഗസ്​ഥൻ ഫസ്​റ്റ് ലെഫ്. അബ്​ദുല്ല ഖാസിം പറഞ്ഞു.

ലഹരിയുടെ ഉപയോഗത്തിന് അടിമയായവരെ അതിൽ നിന്നും മുക്തരാക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ബോധവത്​കരണ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലഹരിയും പ്രതിരോധ രീതികളും’ എന്ന തലക്കെട്ടിൽ ആഭ്യന്തര മന്ത്രാലയം ആണ് പരിപാടി സംഘടിപ്പിച്ചത്. ഖത്തറിലെ പ്രവാസി സമൂഹങ്ങൾക്കായി ഡ്രഗ് എൻഫോഴ്സ്​മെൻറ് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ചാണ്​ ആഭ്യന്തര മന്ത്രാലയം​ വെബിനാർ സംഘടിപ്പിച്ചത്.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിയമത്തിലെ 38ാം ഖണ്ഡിക പ്രകാരം മയക്കുമരുന്ന്, ലഹരി പദാർഥങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നവർ സ്വയമേ ചികിത്സയ്ക്ക് ഹാജരാകുകയാണെങ്കിൽ അവർക്കെതിരെ ക്രിമിനൽ കേസ്​ ഫയൽ ചെയ്യാൻ പാടില്ലെന്നും ഫസ്​റ്റ് ലെഫ്. അബ്​ദുല്ല ഖാസിം പറഞ്ഞു. എന്നാൽ, ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നത് മറച്ചുവെച്ചാൽ പരമാവധി ഒരു വർഷം തടവോ 10,000 റിയാൽ പിഴയും ആറു മാസം തടവോ ശിക്ഷയായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗിക്കുന്ന സംഭവ സ്​ഥലത്ത് നിന്നും ഒരാളെ പിടികൂടുകയാണെങ്കിൽ 5000 റിയാലിൽ കുറയാത്ത പിഴയും ചുമത്തും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മിഡിലീസ്​റ്റും നോർത്ത് ആഫ്രിക്കയും ഉൾപ്പെടുന്ന മിന മേഖലയിൽ മാത്രം അഞ്ചു ലക്ഷത്തിലധികം ലഹരി ഉപയോക്താക്കളുണ്ട്.

ഖത്തറിൽ ലഹരി ഉപയോഗിക്കുന്നവരെ മുക്തരാക്കുന്നതിന് അന്താരാഷ്​ട്ര നിലവാരത്തിൽ നൗഫാർ സെൻറർ എന്ന പേരിൽ പ്രത്യേക ചികിത്സാ പുനരധിവാസകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. രക്ഷിതാക്കളിൽനിന്നുള്ള അവഗണന, കുടുംബത്തിലെ ലഹരി ഉപയോഗിക്കുന്നവരുടെ സാന്നിധ്യം, ദുഷിച്ച കൂട്ടുകെട്ട്, തൊഴിലിലും വിദ്യാഭ്യാസത്തിലും നിരാശ സംഭവിക്കുക തുടങ്ങിയവ ലഹരി ഉപയോഗത്തിലേക്ക് ഒരാളെ എത്തിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരുന്നുകളുമായി യാത്ര ചെയ്യുന്നവർ തങ്ങളുടെ കൈവശം നിരോധിത മരുന്നുകളില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close