INDIANEWS

സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം നല്‍കാന്‍ ഉത്തര്‍പ്രദേശിലും ഉത്തരവ്; സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്; ഇന്ന് മുതല്‍ സത്യവാങ്മൂലം നല്‍കണം


ലഖ്‌നൗ: വിവാഹം കഴിച്ച സമയത്ത് സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്. വനിതാക്ഷേമ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

2004 ഏപ്രില്‍ മുപ്പതിന് ശേഷം വിവാഹിതരായവരാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. ഇത് സംബന്ധിച്ച് ഇന്ന് മുതല്‍ സര്‍ക്കാരിന് ഇമെയില്‍ അയക്കാം. ഈ മാസം പന്ത്രണ്ടിന് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തരവ് എല്ലാ വകുപ്പ് മേധാവിമാര്‍ക്കും കമ്മീഷണര്‍മാര്‍ക്കും ജില്ലാ മജിസ്‌ട്രേറ്റ്മാര്‍ക്കും അയച്ചിട്ടുണ്ട്. ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

സ്ത്രീധന വിരുദ്ധ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഉത്തര്‍പ്രദേശില്‍ ആദ്യമായാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് വകുപ്പ് മേധാവി മനോജ് റായ് അറിയിച്ചു.

നേരത്തെ കേരള സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിരുന്നു. 1961ലെ സ്ത്രീധന നിരോധന നിയമപ്രകാരം സര്‍ക്കാര്‍ ഉദ്യോഗത്തില്‍ പ്രവേശിക്കുന്ന എല്ലാവരും സ്ത്രീധനം വാങ്ങില്ലെന്ന സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതുണ്ട്.

സംസ്ഥാനത്ത് ഉടന്‍ സന്ദര്‍ശനം നടത്തുന്ന പാര്‍ലമെന്ററി സമിതിക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വനിതാക്ഷേമ വകുപ്പ് സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശമുള്ളതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് സൂചന. കേന്ദ്ര നിയമത്തിന്റെ മാതൃകയില്‍ 1999ല്‍ഉത്തര്‍പ്രദേശ് സര്‍ക്കാരും സ്ത്രീധന വിരുദ്ധ നിയമം പാസാക്കിയിരുന്നു. പിന്നീട് ഇത് 2004 മാര്‍ച്ച് 31 ന് ഭേദഗതി വരുത്തുകയും ചെയ്തു.

സാമൂഹ്യ വിപത്തായ സ്ത്രീധനത്തിന് രാജ്യത്ത് നിരോധനമുണ്ട്. സ്ത്രീധനം വാങ്ങുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. ഇതിന് പുറമെ പിഴയുമുണ്ട്. വാങ്ങിയ സ്്ത്രീധനത്തിന് തുല്യമോ 15000 രൂപയോ ഏതാണോ കൂടുതല്‍ അതാണ് പിഴയായി നല്‍കേണ്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close