KERALANEWS

തലചായ്‌ക്കാനിടമില്ലാതെ ദേശീയ കായിക താരവും അമ്മയും; ഉപേക്ഷിച്ച്‌ പോയ അച്ഛന്‍ തിരിച്ച്‌ വരുമെന്ന പ്രതീക്ഷയും പൊലിഞ്ഞു, ഇപ്പോള്‍ ബന്ധുവീട്ടില്‍ അഭയാര്‍ത്ഥികള്‍


ഹരിപ്പാട്‌: തലചായ്‌ക്കാന്‍ ഇടമില്ലാതെ ഒരു ദേശീയകായിക താരം. ഒപ്പം അമ്മയുമുണ്ട്‌. ദേശീയതല മത്സരങ്ങളില്‍ പങ്കെടുത്ത ഗുസ്‌തിതാരം കൃഷ്‌ണപ്രിയയും അമ്മ ലതയുമാണ്‌ ഇപ്പോള്‍ ഒരു ബന്ധുവീട്ടില്‍ അഭയം തേടിയിരിക്കുന്നത്‌.

ഉപേക്ഷിച്ച്‌ പോയ അച്ഛന്‍ എന്നെങ്കിലും തിരികെ എത്തുമെന്ന പ്രതീക്ഷയും പൊലിഞ്ഞു. കഴിഞ്ഞാഴ്‌ച കണ്ണൂരിലെ ഒരു ലോഡ്‌ജ്‌മുറിയില്‍ കൃഷ്‌ണപ്രിയയുടെ അച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തി.

തുടര്‍ച്ചയായി മൂന്ന്‌തവണ കേരള സര്‍വകലാശാല ഗുസ്‌തി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്‌. ആറാം ക്ലാസ്‌ മുതലാണ്‌ കൃഷ്‌ണപ്രിയ ഗുസ്‌തി പരിശീലിച്ച്‌ തുടങ്ങിയത്‌. ഏഴാം ക്ലാസ്‌ മുതല്‍ റസ്ലിംഗ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ മത്സരത്തില്‍ പങ്കെടുത്ത്‌ തുടങ്ങി. 2014ല്‍ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ 46കിലോഗ്രാം വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനവും ദേശീയതലത്തില്‍ അഞ്ചാംസ്ഥാനവും നേടിയ കൃഷ്‌ണപ്രിയ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടി. വിവിധ ദേശീയതല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്‌.

സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ കൃഷ്‌ണപ്രിയ ഹോസ്‌റ്റലില്‍ നിന്നാണ്‌ പഠിച്ചത്‌. അമ്മ ലത എറണാകുളത്ത്‌ സ്വകാര്യ സ്‌കൂളില്‍ ജീവനക്കാരിയായതിനാല്‍ അവിടെ ആയിരുന്നു താമസം. എന്നാല്‍ ലോക്‌ഡൗണിനെ തുടര്‍ന്ന്‌ സ്‌കൂളും കോളജും അടച്ചതോടെ ഇരുവര്‍ക്കും വീട്ടില്‍ സ്ഥിരമായി നില്‍ക്കേണ്ട സാഹചര്യം ഉണ്ടാകുകയായിരുന്നു. തുടര്‍ന്നാണ്‌ ബന്ധു വീട്ടില്‍ അഭയം തേടിയത്‌. സ്വന്തമായി വസ്‌തു ഇല്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നും വീട്‌ ലഭിക്കാനും തടസങ്ങളുണ്ട്‌. സമീപവാസികളായ കുട്ടികള്‍ക്ക്‌ ട്യൂഷനെടുത്താണ്‌ ഇവര്‍ മുന്നോട്ട്‌ പോകുന്നത്‌. സ്വന്തമായി ഒരു വീട്‌ വേണമെന്നും ബിരുദാനന്തരബിരുദത്തിന്‌ ചേരണമെന്നും മുടങ്ങിക്കിടക്കുന്ന പരിശീലനം തുടരണമെന്നുമാണ്‌ കൃഷ്‌ണപ്രിയയുടെ ആഗ്രഹം. ഫോണ്‍ 9747391677

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close