NEWSWORLD

ഫോണും വേണ്ട കാര്‍ഡും വേണ്ട: മുഖം മാത്രം മതി; പണമിടപാട് ഈസി ! മെട്രോ സ്റ്റേഷനുകളിൽ പരീക്ഷിച്ച പുത്തൻ പണമിടപാട് രീതി വൻ വിജയം

മോസ്കോ: കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പണമിടപാടില്‍ വന്‍ കുതിച്ചുച്ചാട്ടമാണുണ്ടായത്. സ്മാര്‍ട്ട്ഫോണ്‍ കൈവശമുള്ളവരെല്ലാം ഓണ്‍ലൈന്‍ പണമിടപാടിലേക്ക് മാറുന്ന കാഴ്ചയാണ് നാം കണ്ടത്. ലോകത്തിന്റെ എല്ലാ ഭാഗത്തും ഇത് പ്രകടമായിരുന്നു. എന്നാല്‍ റഷ്യയില്‍ ഇതിനേക്കാള്‍ ഒരുപടി മുന്നിലേക്കെത്താനുള്ള ശ്രമം നടക്കുകയാണ്. അവിടെയിപ്പോള്‍ ആളുകളുടെ മുഖം മാത്രം മതി പണമിടപാട് നടത്താന്‍.! അതെ, കൈയ്യില്‍ ഫോണും വേണ്ട, പണവും വേണ്ട, കാര്‍ഡും വേണ്ട.

‘ ഫേസ് പേ ” ( Face Pay ) എന്നാണ് റഷ്യ തങ്ങളുടെ മെട്രോ സ്റ്റേഷനുകളില്‍ അവതരിപ്പിച്ചിരിക്കുന്ന ഫേഷ്യല്‍ ഐ.ഡി പേമെന്റ് സിസ്റ്റത്തിന്റെ പേര്. തങ്ങളുടെ മുഖത്തിന്റെ ചിത്രം മോസ്കോ മെട്രോയുടെ ആപ്പ് വഴി ട്രാന്‍സ്പോര്‍ട്ട് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവയുമായി ബന്ധിപ്പിക്കുന്നതിലൂടെയാണ് യാത്രക്കാര്‍ക്ക് ഈ സേവനം ലഭ്യമാവുക. ഇത്തരത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ രീതിയിലൂടെ പണമിടപാട് നടത്തുന്നവര്‍ മെട്രോ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ക്യാമറകളിലേക്ക് നോക്കിയാല്‍ മാത്രം മതി. എല്ലാവരും ഈ രീതി പിന്തുടരണമന്ന് നിര്‍ബന്ധമില്ല. ഈ സേവനത്തോട് താത്പര്യമില്ലാത്തവര്‍ക്ക് സാധാരണ പണമിടപാട് രീതികള്‍ തന്നെ തുടരുന്നതിന് യാതൊരു തടസവുമില്ല.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തലസ്ഥാന നഗരമായ മോസ്കോയിലെ 240ലേറെ മെട്രോ സ്റ്റേഷനുകളിലായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ വഴി പണമിടപാട് നടത്തുന്നതിനുള്ള സംവിധാനം പ്രാബല്യത്തില്‍ വന്നത്. ലോകത്താദ്യമായാണ് പണമിടപാടിനായി ഇത്തരമൊരു സാങ്കേതികവിദ്യ സ്ഥാപിക്കുന്നത്.

സംഭവം വളരെ എളുപ്പവും സാങ്കേതികപരമായി ഏറെ പുരോഗതി കൈവരിച്ചതുമാണെങ്കില്‍ പോലും ഇതിനെ പറ്റി ആശങ്ക പ്രകടിപ്പിക്കുന്നവരും ഏറെയാണ്. ഫേഷ്യല്‍ റെക്കഗ്നിഷന്‍ വഴി ജനങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുമെന്ന വാദമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത്. ചൈനയില്‍ സുരക്ഷാ ക്യാമറകളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിക്കുന്നതിനുള്‍പ്പെടെ എതിരായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സംവിധാനത്തിന്റെ സുരക്ഷിത്വത്തെ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ തുടരുകയാണ്.

ഈ പശ്ചാത്തലത്തിലാണ് നിര്‍ണായക ചുവടുവയ്പുമായി റഷ്യയുടെ രംഗപ്രവേശം. അതേ സമയം, പുതിയ സംവിധാനത്തിലൂടെ സ്വകാര്യത ലംഘനമുണ്ടാകില്ലെന്നും യാത്രക്കാര്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമായി എന്‍ക്രിപ്റ്റ് ചെയ്യപ്പെടുന്നതായുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

1.27 കോടി ജനങ്ങള്‍ ജീവിക്കുന്ന മോസ്കോയില്‍ നേരത്തെ കൊവിഡ് ക്വാറന്റൈന്‍ ഫലപ്രദമാക്കാനും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. കൂടാതെ, കുറ്റകൃത്യങ്ങള്‍ തടയാന്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്നോളജിയെ അടിസ്ഥാനമാക്കിയുള്ള ഏകദേശം 200,000 സുരക്ഷാ ക്യാമറകളുടെ ശ്യംഖല തന്നെ മോസ്കോ നഗരത്തിലുണ്ട്.

റഷ്യന്‍ ഭരണകൂടത്തിനെതിരായി പ്രക്ഷോഭങ്ങള്‍ നടത്തുന്നവരെ തിരിച്ചറിയാനും ഈ വിദ്യ രഹസ്യമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരന്നു. ഏതായാലും മെട്രോയിലെന്ന പോലെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കൂടുതല്‍ ഇടങ്ങളിലേക്ക് ഫേഷ്യല്‍ റെക്കഗ്നിഷന്‍ രീതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് റഷ്യന്‍ ഭരണകൂടം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close