Breaking NewsINSIGHTNEWSTop News

സർക്കാർ അം​ഗീകരിച്ച നഴ്സിം​ഗ് യോ​ഗ്യതയെക്കാൾ വലുതാണോ പ്ലസ്ടു സയൻസ്; നഴ്സുമാർക്ക് വേണം തുല്യ നീതി

നിരഞ്ജൻ

കേരളത്തിലെ നഴ്സുമാർക്ക് തുല്യനീതി വേണമെന്ന ആവശ്യം ഉയർത്താൻ എന്തുകൊണ്ടാണ് ഒരു യുവജന സംഘടനകളും രം​ഗത്ത് വരാത്തത്. സ്റ്റാഫ് നഴ്സ് ​ഗ്രേഡ് 2 ലേക്ക് അപേക്ഷ അയക്കാനുള്ള യോ​ഗ്യതയിലാണ് പ്ലസ്ടുവിന് സയൻസ് വിഷയം പഠിച്ചിരിക്കണം എന്ന മാനദണ്ഡം മുന്നോട്ട് വെച്ചിരിക്കുന്നത്. ആരോ​ഗ്യ മേഖലയിലെ അടിസ്ഥാന അറിവ് നേടിയിരിക്കണം എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ആ അർത്ഥത്തിൽ സർക്കാരിന്റ നിലപാടിന് പൊതുസമൂഹവും ഒരുപരിധിവരെ പിന്തുണ നൽകും. സസ്യശാസ്ത്രവും ജന്തുശാസ്ത്രവും അനാട്ടമിയും എല്ലാം വിശദമായി പഠിച്ച് തുടങ്ങുന്നത് പ്ലസ്ടു അല്ലെങ്കിൽ പ്രീഡി​ഗ്രി ക്ലാസുകളിലാണ്. എന്നാൽ, അതിന് മുന്നേ തന്നെ സസ്യശാസ്ത്രത്തെ കുറിച്ചും ജന്തുശാസ്ത്രത്തെ കുറിച്ചും ശരീര ശാസ്ത്രത്തെ കുറിച്ചും കോശങ്ങളെ കുറിച്ചും എല്ലാം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. സയൻസ് വിഷയം പ്ലസ്ടുവിന് പഠിച്ചിരിക്കണം എന്ന് പറയുമ്പോൾ, കമ്പ്യൂട്ടർ സയൻസും അതിൽ ഉൾപ്പെടുന്നു എന്നതാണ് ഏറെ തമാശ. അതുകൊണ്ട് തന്നെ ഇപ്പോൾ നഴ്സുമാർ ഉയർത്തുന്ന ആവശ്യമാണ് ന്യായം. കാരണം, പ്ലസ്ടുവിന് കമ്പ്യൂട്ടർ സയൻസ് പഠിച്ച ഒരു വി​ദ്യാർത്ഥി ഏത് ക്ലാസിലാണ് അനാട്ടമി പഠിച്ചത്? അപ്പോൾ യഥാർത്ഥ വിഷയം അതൊന്നുമല്ല, മറിച്ച് ചില വിഷയങ്ങളെ ​മഹത്വവത്ക്കരിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമം എല്ലാക്കാലവും നടക്കുന്നുണ്ട്. അത് ഇപ്പോഴും തുടരുന്നു എന്ന് മാത്രം.

പത്താം ക്ലാസിൽ ഫസ്റ്റ് ക്ലാസും അതിന് മുകളിലോട്ടും മാർക്ക് വാങ്ങുന്നവർ പ്രീഡി​ഗ്രിക്ക് ഫസ്റ്റ് ​ഗ്രൂപ്പോ സെക്കൻഡ് ​ഗ്രൂപ്പോ മാത്രമേ എടുക്കാവൂ എന്നൊരു പൊതു ബോധം മലയാളി പണ്ടേക്ക് പണ്ടേ വളർത്തി വെച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഇന്നും പ്ലസ്ടുവിന് സയൻസ് പഠിക്കുന്നവരെ ​ഗ്ലോറിഫൈ ചെയ്യുന്ന ഭരണകൂടം. വിദ്യാർത്ഥികളുടെ അഭിരുചികളാണ് അവന്റെ വിദ്യാഭ്യാസം എങ്ങനെയായിരിക്കണം എന്ന് തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം നൽകുന്നത്. പത്താം ക്ലാസ് കഴിഞ്ഞിറങ്ങുന്ന ഒരു കുട്ടിക്ക് ഒരുപക്ഷേ പൗരധർമ്മമോ രാഷ്ട്ര മീമാംസയോ മുഖ്യവിഷയമായി എടുക്കാൻ താത്പര്യം തോന്നുക സ്വാഭാവികം. കേരളം പോലെ വലിയ തോതിൽ രാഷ്ട്രീയ ബോധമുളള ഒരു സമൂഹത്തിൽ വളരുന്ന കുട്ടികൾക്ക് അങ്ങനെ തോന്നുന്നതിനെ കുറ്റം പറയാനുമാകില്ല. എന്നാൽ, പ്ലസ്ടുവിന് ഹ്യുമാനിറ്റീസോ കൊമേഴ്സേ എടുത്ത് പഠിച്ച വിദ്യാർത്ഥിയുടെ കാഴ്ച്ചപ്പാടും അഭിരുചിയും രണ്ടുവർഷം കൊണ്ട് മാറരുത് എന്ന് പറയാൻ ഭരണകൂടത്തിന് എന്നല്ല, മാതാപിതാക്കൾക്ക് പോലും അവകാശമില്ല. പ്ലസ്ടുവിന് സയൻസ് ഇതര വിഷയം പഠിച്ച ഒരു വിദ്യാർത്ഥിക്ക് അതുകൊണ്ടാണ് ഈ രാജ്യത്ത് പിന്നീട് നഴ്സിം​ഗ് ബിരുദമെടുക്കാനും അതിൽ തന്നെ ഉപരിപഠനം നടത്താനും സധിക്കുന്നത്.

ആ സ്വാതന്ത്ര്യം ലോകം അം​ഗീകരിക്കുന്നത് കൊണ്ടാണ് കേരള നഴ്സിം​ഗ് കൗൺസിലും ഇന്ത്യൻ നഴ്സിം​ഗ് കൗൺസിലും ഈ നഴ്സുമാരെ രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നത്. അതുകൊണ്ട് മാത്രമാണ് ലോകത്തിന്റെ നാനാഭാ​ഗങ്ങളിലുള്ള എണ്ണം പറഞ്ഞ ആശുപത്രികളിൽ പ്ലസ്ടുവിന് സയൻസ് പഠിക്കാതിരുന്നിട്ടും കേരളത്തിൽ നിന്നുള്ള നഴ്സുമാർ ഉയർന്ന ശമ്പളം വാങ്ങി മികച്ച സേവനം കാഴ്ച്ചവെക്കുന്നത്. പ്ലസ്ടുവിന് സയൻസ് പഠിക്കാത്തവർ നഴ്സുമാർ ആയിട്ടുണ്ടെങ്കിൽ അത് അവർക്ക് ഈ മേഖലയോടുള്ള ഇഷ്ടം കൊണ്ടാണെന്ന് തിരിച്ചറിഞ്ഞ് അവർക്ക് ​ഗ്രേസ് മാർക്ക് നൽകുകയാണ് സർക്കാർ ചെയ്യേണ്ടത്. പ്ലസ്ടു സയൻസ് അത്ര പ്രാധാന്യമുള്ളതാണെങ്കിൽ, അത് പഠിക്കാതെ നഴ്സിം​ഗ് എന്ന മഹത്തായ കോഴ്സ് പഠിച്ച് പാസായവരാണ് അവർ. അപ്പോൾ അവർക്ക് വേണ്ടത് പ്രോത്സാഹനവും ​ഗ്രേസ്മാർക്കുമല്ലേ?

സ്റ്റാഫ് നഴ്സ് ​ഗ്രേഡ് 2 നിയമനത്തിനായി ഈ മാസം 14ന് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ബി.എസ്.സി നഴ്സിം​ഗോ ജനറൽ നഴ്സിം​ഗോ പഠിച്ച ഉദ്യോ​ഗാർത്ഥികൾ പ്ലസ്ടുവിനോ വിഎച്ച്സിയിലോ സയൻസ് വിഷയം നിർബന്ധമായും പഠിച്ചിരിക്കണം എന്നാണ് പറയുന്നത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്സ് ​ഗ്രേഡ് 2 നിയമനത്തിനുള്ള വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ജനറൽ നഴ്സിം​ഗ് പഠിച്ച ഭൂരിപക്ഷം പേരും പ്ലസ്ടുവിന് സയൻസ് ഇതര വിഷയങ്ങൾ പഠിച്ചവരാണ്. ഇവർ കേരള നഴ്സിം​ഗ് കൗൺസിലിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിട്ടും പ്ലസ്ടുവിന് സയൻസ് വിഷയം പഠിക്കാൻ തെരഞ്ഞെടുത്തില്ല എന്നതിന്റെ പേരിലാണ് ബഹുഭൂരിപക്ഷം വരുന്ന നഴ്സുമാരെയും മാറ്റി നിർത്തുന്നത് എന്നതാണ് ഏറെ അത്ഭുതകരം.

പി.എസ് സി വിജ്ഞാപനം അനുസരിച്ച് ബി.എസ്.സി നഴ്സുമാർക്കും ജനറൽ നഴ്സുമാർക്കും കേരള ആരോഗ്യവകുപ്പിൽ സ്റ്റാഫ്‌ നഴ്‌സ്‌ നിയമനത്തിനായുള്ള അപേക്ഷ നൽകാം.എന്നാൽ ഉദ്യോഗാർഥികൾ പ്ലസ്ടു വോ, പ്രീഡിഗ്രിയോ, വി.എച്ച്.സി.ഇ യോ സയൻസ് വിഷയങ്ങളിൽ പാസ്സ് ആയിരിക്കണം. കേരളത്തിലെ സ്വകാര്യ ആശുപത്രികളിലും സേവനം അനുഷ്ടിക്കുന്ന ഭൂരിപക്ഷവും പ്ലസ്ടുവിന് സയൻസ് ഇതര വിഷയങ്ങൾ പഠിച്ച ശേഷം ജനറൽ നഴ്സിം​ഗ് പാസായവരാണ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ താത്ക്കാലിക ജീവനക്കാരായും ഇവരെ നിയമിക്കാറുണ്ട്. എന്നാൽ, സ്ഥിരം സർക്കാർ നിയമനങ്ങൾ വരുമ്പോൾ പ്ലസ്ടുവിന് സയൻസ് പഠിച്ചിരിക്കണം എന്നത് നിർബന്ധമാക്കുക വഴി നിരവധി ആളുകൾക്കാണ് അവസരം നഷ്ടമാകുന്നത്.

ബി.എസ്‌സി നഴ്‌സിംഗ് പഠിക്കാൻ പോലും ഏതെങ്കിലും വിഷയത്തിലെ പ്ലസ്ടു മതിയെന്ന നിർദ്ദേശമാണ് കഴിഞ്ഞ വർഷം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ മുന്നോട്ട് വെച്ചിട്ടുള്ളത്. കൗൺസിൽ പുറത്തിറക്കിയ ബി.എസ്‌സി നഴ്‌സിംഗിന്റെ പുതുക്കിയ സിലബസിന്റെ കരടിലാണ് ഈ നിർദേശമുള്ളത്. നിലവിൽ ജനറൽ നഴ്സിം​ഗിന് ചേരാൻ ഏതെങ്കിലും വിഷയത്തിൽ പ്ലസ്ടു പാസായാൽ മതി. എന്നാൽ, നാല് വർഷത്തെ ബി.എസ്‌സി നഴ്‌സിംഗിന് ചേരാൻ നിലവിൽ പ്ലസ്ടുവിന് ജീവശാസ്ത്രം പഠിക്കുന്ന സയൻസ് ഗ്രൂപ്പുകാർക്ക് മാത്രമാണ് കഴിയുക. ഇതിലും മറ്റ് വിഷയങ്ങൾ പഠിച്ചവർക്ക് അവസരം ഒരുങ്ങുമ്പോഴാണ് പ്ലസ്ടുവിന് സയൻസ് ഇതര വിഷയങ്ങൾ പഠിച്ച ജനറൽ നഴ്സുമാരോടുള്ള സംസ്ഥാന സർക്കാരിന്റെ വിവേചനം.

ഈ വിഷയത്തിൽ യുവജന സംഘടനകളും രാഷ്ട്രീയ പാർട്ടികളും കാണിക്കുന്ന നിസം​ഗതയാണ് ഏറ്റവും കുറ്റകരം. പ്ലസ്ടുവിന് സയൻസിതര വിഷയം തെരഞ്ഞെടുത്തു എന്നതിന്റെ പേരിൽ ഒരു ഉദ്യോ​ഗാർത്ഥിക്കും അവസരം നഷ്ടമായിക്കൂടാ. ഏതെങ്കിലും ഒരു വിഷയത്തെ മഹത്വവത്ക്കരിക്കുന്ന നിലപാട് സർക്കാരും പാർട്ടികളും ഉപേക്ഷിക്കണം. മനുഷ്യന്റെ അഭിരുചി മാറുമെന്നും അതിനനുസരിച്ച് അവർ പഠിക്കുമെന്നും തിരിച്ചറിയണം. ഇല്ലെങ്കിൽ ഈ സമൂഹം അവരെ മാലാഖമാർ എന്ന് വിളിക്കുന്നതിൽ അർത്ഥമില്ലാതാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close