INDIANEWS

നഴ്സിങ് കൗൺസിലിൽ വോട്ടവകാശം: ഹർജിയിൽ ഡിഎൻസിക്കും സംസ്ഥാന സർക്കാരിനും ഹൈക്കോടതി നോട്ടിസ്

ന്യൂഡൽഹി: ഡൽഹി നഴ്സിങ് കൗൺസിലിൽ റജിസ്റ്റർ ചെയ്ത എല്ലാ നഴ്സുമാർക്കും കൗൺസിലിൽ വോട്ടവകാശം നൽകണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി പരിഗണിച്ചു. ഇന്ത്യൻ പ്രഫഷനൽ നഴ്സസ് അസോസിയേഷൻ നൽകിയ പൊതുതാൽപര്യ ഹർജിയ്ക്ക് ഹൈകോടതി നോട്ടീസ് അയക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ബെഞ്ചാണു ഡൽഹി നഴ്സിങ് കൗൺസിൽ(ഡിഎൻസി), സംസ്ഥാന സർക്കാർ എന്നിവരോടു മറുപടി തേടിയത്. വിഷയം ഡിസംബർ 13നു വീണ്ടും പരിഗണിക്കാൻ ഇരിക്കുകയാണ്.

കൗൺസിലിന്റെ പ്രവർത്തനത്തിൽ ‘ജനാധിപത്യം’ ഉണ്ടായിരിക്കണമെന്നു അസോസിയേഷനു വേണ്ടി ഹാജരായ അഭിഭാഷകൻ റോബിൻ രാജു വാദിച്ചു. ഡൽഹി നഴ്സിങ് കൗൺസിലിൽ നഴ്സുമാർ നേരിടുന്ന പ്രശ്നങ്ങളും സൗകര്യങ്ങളുടെ കുറവുമെല്ലാം ഇവർ ചൂണ്ടിക്കാട്ടി. ‘ഞങ്ങൾ സംസാരിക്കുന്നതു കോവിഡ് യോദ്ധാക്കളെക്കുറിച്ചാണ്. അവരാണ് ആരോഗ്യമേഖലയുടെ നട്ടെല്ല്’ അദ്ദേഹം പറഞ്ഞു.

‘ഡോക്ടർമാരോ അഭിഭാഷകരോ ആകട്ടെ പ്രഫഷനലുകളുടെ ക്ഷേമത്തിനു വേണ്ടി രൂപീകരിച്ച എല്ലാ സ്ഥാപനങ്ങളിലും അതിലെ അംഗങ്ങൾക്കു വോട്ടിങ് അധികാരം നൽകിയിട്ടുണ്ട്. എന്നാൽ നഴ്സിങ് കൗൺസിലിൽ ഈ രീതിയില്ല. അതിനാൽ ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കുമ്പോൾ നഴ്സുമാർക്കും വോട്ടവകാശം ഉറപ്പാക്കണം. നഴ്സിങ് ഓഫിസർമാരുടെ അവകാശം നിഷേധിക്കുന്നത് ജനാധിപത്യം, നീതി, സമത്വം എന്നീ തത്വങ്ങൾക്ക് വിരുദ്ധമാണ്’ അസോസിയേഷൻ വാദിച്ചു.

സംസ്ഥാന ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലാണു ഡൽഹി നഴ്സിങ് കൗൺസിൽ പ്രവർത്തിക്കുന്നത്. ഡിഎൻസിയുടെ വാർഷിക വരുമാനം, ചെലവ് തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 90,000ത്തിലേറെ നഴ്സുമാർ ഡിഎൻസിക്കു കീഴിലുണ്ടെന്നും എന്നാൽ ഇവരുടെ ആവശ്യങ്ങൾക്കു പലപ്പോഴും അർഹിച്ച പരിഗണന ലഭിക്കാറില്ലെന്നും ഹർജിയിൽ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close