KERALANEWS

കോഴിക്കോട്ടെ കാത്ത് ലാബ് സജ്ജമാക്കാൻ മുന്നിൽ നിന്ന ​ഗീത പി; കേരളത്തിലെ ആദ്യ കോവിഡ് രോ​ഗിയുടെ സ്വാബ് എടുക്കാൻ ധൈര്യം കാണിച്ച ലിൻസി പി ജെ; മികച്ച അധ്യാപകനായി രാജീ രഘുനാഥും റൈസിം​ഗ് സ്റ്റാറായി ഹാഷിമും; ഏഷ്യാനെറ്റ് ന്യൂസ് നഴ്സിം​ഗ് എക്സലൻസ് അവാർഡിന് അർഹരായ മാലാഖമാർ ഇവരാണ്

എറണാകുളം: ഏഷ്യാനെറ്റ് ന്യൂസിന്റെ നഴ്സിം​ഗ് എക്സലൻസ് അവാർഡുകൾ ലഭിച്ചവർ എല്ലാം തന്നെ ഭൂമിയിലെ മാലാഖമാർക്ക് പ്രചോദനമാകുന്നവർ. കഴിഞ്ഞ ദിവസമാണ് കൊച്ചി ബോൾ​ഗാട്ടി പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ രണ്ടാമത് നഴ്സിം​ഗ് എക്സലൻസ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. തന്‍റെ ജീവിതത്തിലെ നല്ലൊരു പങ്ക് ആതുര ചികിത്സ രംഗത്ത് ചിലവിട്ടവർക്കായുള്ള ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നേടിയത് ഗീത പിയാണ്. കോഴിക്കോട്ടെ കാത്ത് ലാബ് സജ്ജമാക്കുന്നതിൽ മുന്നിൽ നിന്ന മാലാഖയാണ് ഗീത. ഫ്ളോറൻസ് നൈറ്റിംഗേൾ അവാർഡ്, കേരള സ്റ്റേറ്റ് ബെസ്റ്റ് നഴ്സിങ് അവാർഡ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട് ഇവർ. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്.

ലിൻസി പി ജെയാണ് ക്ലിനിക്കൽ എക്സലൻസ് പുരസ്കാരത്തിന് അര്‍ഹയായത്. ഇരിങ്ങാലക്കുട ഗവണ്‍മെന്‍റ് ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫീസറാണ് ലിന്‍സി. കേന്ദ്ര സർക്കാരിന്‍റെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ്, സംസ്ഥാന സർക്കാരിന്‍റെ മികച്ച നഴ്സിനുള്ള പുരസ്കാരം എന്നിവ നേടിയ ലിൻസി പി ജെ കേരളത്തിലെ ആദ്യ കൊവിഡ് രോഗിയെ ചികിത്സിച്ച സംഘത്തിലുണ്ടായിരുന്നു. എല്ലാവരും ഭയപ്പെട്ട് നിന്നിടത്ത് രോഗിയുടെ സ്വാബ് എടുത്തത് ലിൻസിയായിരുന്നു.

നഴ്സിങ് രംഗത്തെ ഭാവി വാഗ്ദാനങ്ങൾക്ക് നൽകുന്ന റൈസിങ് സ്റ്റാർ പുരസ്കാരം നേടിയത് ഹാഷിം എം ആണ്. തിരുവനന്തപുരം സ്വദേശിയായ ഹാഷിം കൊവിഡ് പ്രതിരോധത്തില്‍ സജീവമായിരുന്നു. 2021ലെ ബെസ്റ്റ് ഔട്ട്ഗോയിങ് സ്റ്റുഡന്റാണ് ഹാഷിം. അക്കാദമിക് റെക്കോർഡ്, മുന്നിൽ നിന്ന് നയിക്കാനുള്ള നേതൃപാടവം, നഴ്സിങ് രംഗത്ത് നടത്തിയ ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

രാജീ രഘുനാഥാണ് മികച്ച അധ്യാപകനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ഇരിങ്ങാലക്കുട ഗവ ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫീസറാണ് രാജീ രഘുനാഥ്. 31 വർഷത്തെ അനുഭവ പരിചയമുള്ള രാജീ ജനറൽ നഴ്സിങ് ആന്‍ഡ് മിഡവൈഫ് കോഴ്സ് ഒന്നാം റാങ്കോടെ പാസായ വ്യക്തിയാണ്. അക്കാദമിക് മികവ്, അനുഭവ സമ്പത്ത്, പങ്കെടുത്തിട്ടുള്ള സർട്ടിഫിക്കേഷൻ പ്രോഗ്രാംസ്, ആരോഗ്യ മേഖലയിൽ നടത്തിയ രചനകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് പുരസ്കാരങ്ങൾ, മറ്റ് മേഖലകളിലെ പ്രാതിനിധ്യം എന്നിവ കണക്കിലെടുത്താണ് പുരസ്‍കാരം. 50,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം.

പൊതുജനങ്ങൾക്കുള്ള സേവനത്തിനുള്ള പുരസ്കാരത്തിന് അർഹയായത് അമ്പിളി തങ്കപ്പനാണ്. മുള്ളൂർക്ക് എസ്എച്ച്സിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സാണ് അമ്പിളി. കിടപ്പുരോഗികൾക്കും ഡെങ്കിപ്പനി പ്രതിരോധത്തിനുമൊക്കെയായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന വ്യക്തിയാണ് അമ്പിളി തങ്കപ്പൻ. അനുഭവ സമ്പത്ത്, പൊതുജന സേവന മേഖലയിലെ പ്രവർത്തനങ്ങളിലെ മികവ് എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം. സുദർശ കെയാണ് മികച്ച നഴ്സിങ്ങ് സുപ്രണ്ടിനുള്ള പുരസ്കാരത്തിന് അര്‍ഹയായത്. അനുഭവ സമ്പത്ത്, ഹെഡ് നഴ്സായുള്ള എക്സ്പീരിയൻസ്, സൂപ്രണ്ടായുള്ള അനുഭവ പരിചയം, മറ്റ് പുരസ്കാരങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം. 50,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയത് അന്നമ്മ സിയും ഷൈജ പിയുമാണ്.

648 നാമനി‍ദ്ദേശങ്ങളിൽ നിന്നാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ആരോഗ്യവിദഗ്ധൻ ഡോ. രാജീവ് സദാനന്ദന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറിയാണ് അവാർഡിന് അർഹരായവരെ നിശ്ചയിച്ചത്. ഡോ. റോയ് കെ ജോർജ്ജ്, ഡോ. സെൽവ ടൈറ്റസ് ചാക്കോ, ഡോ. ലത, എം ജി ശോഭന, ഡോ. സലീന ഷാ, ഡോ. സോന പി.എസ് എന്നിവരായിരുന്നു മറ്റ് അം​ഗങ്ങൾ. മന്ത്രി പി രാജീവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥി ആയി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close