Breaking NewsKERALANEWSTop News

ഐഎൻഎല്ലിലെ തർക്കത്തിന് പിന്നിൽ മുസ്ലീം ലീ​ഗ്; പാര്‍ട്ടിയുടെ യുവജന വിഭാഗത്തിൽ ഭിന്നതയില്ലെന്നും നേതാക്കൾ; കേന്ദ്ര നേതൃത്വത്തെ തള്ളിപ്പറയുന്നവരെ അംഗീകരിക്കാന്‍ കഴിയില്ലെന്നും എന്‍വൈഎല്‍

കോഴിക്കോട്: ഐഎൻഎല്ലിലെ തർക്കത്തിന് പിന്നിൽ മുസ്ലീം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്ന് നാഷണല്‍ യൂത്ത് ലീഗ് (എന്‍വൈഎല്‍). മന്ത്രിസ്ഥാനം ലഭിച്ചതോടെ പാര്‍ട്ടിയിലേക്ക് മുസ്ലിം ലീഗില്‍ നിന്നടക്കം നിരവധി പേര്‍ വരുന്നുണ്ടെന്ന് എൻ വൈ എൽ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇതിന് തടയിടാന്‍ ശ്രമിക്കുന്ന ലീഗും പികെ കുഞ്ഞാലിക്കുട്ടിയുമാണ് എറണാകുളത്തെടക്കം പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും നേതാക്കൾ ആരോപിക്കുന്നു. കോഴിക്കോട് നടത്തിയ പത്ര സമ്മേളനത്തിലാണ് എൻവൈഎല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഐഎന്‍എല്ലിലെ നിലവിലെ തര്‍ക്കം സംബന്ധിച്ച് പാര്‍ട്ടിയുടെ യുവജന വിഭാഗത്തിൽ ഭിന്നതയില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ഐഎന്‍എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രഖ്യാപിച്ച കമ്മിറ്റിക്കൊപ്പമാണ് സംഘടനയെന്നും ഭാരവാഹികള്‍ പറഞ്ഞു. പാര്‍ട്ടിയിലെ വിമതര്‍ക്ക് പിന്തുണ നല്‍കുന്നത് മുസ്ലീം ലീ​ഗാണെന്നും എന്‍വൈഎല്‍ ആരോപിച്ചു.അഖിലേന്ത്യാ നേതൃത്വം ഹംസ ഹാജിയെയാണ് ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചത്. കേന്ദ്ര നേതൃത്വത്തെ തള്ളിപ്പറയുന്നവരെ അംഗീകരിക്കാന്‍ സംഘടനയ്ക്ക് കഴിയില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി, ജനറല്‍ സെക്രട്ടറി ഫാദില്‍ അമീന്‍, ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍, വൈസ് പ്രസിഡന്റുമാരായ അഷറഫ് പുതുമ, നാസര്‍ കൂരാറ, ജെയിന്‍ ജോസഫ്, സെക്രട്ടറിമാരായ ഷാജു ഷമീര്‍ റയാന്‍ പറക്കാട്ട് എന്നിവര്‍ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഇതിനിടെ ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് കയറുന്നതില്‍ നിന്ന അബ്ദുല് വഹാബ് പക്ഷത്തെ വിലക്കി കോടതി ഉത്തരവിട്ടു. ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് ബി ഹംസാ ഹാജി, സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് രണ്ടാം പ്രിന്‍സിപ്പല്‍ മുന്‍സിഫ് ഉബൈദുല്ലയുടെ ഇടക്കാല വിധി. കോടതി വീണ്ടും ഹര്‍ജി പരിഗണിക്കാനിരിക്കുന്ന ഓഗസ്റ്റ് പത്തുവരെ കമ്മിറ്റി ഓഫീസില്‍ പ്രവേശിക്കുകയോ യോഗം ചേരുകയോ ചെയ്യരുതെന്നാണ് ഉത്തരവ്.

ഓഗസ്റ്റ് മൂന്നിന് വഹാബ് പക്ഷം യോഗം ചേരുമെന്ന് സൂചനകള്‍ക്കിടയിലാണ് പുതിയ നീക്കം. യോഗത്തിന്റെ മാധ്യമവാര്‍ത്തകള്‍ കോടതിയില്‍ ഹര്‍ജിക്കാര്‍ ഹാജരാക്കി. എന്നാല്‍ എതിര്‍കക്ഷികളായ മുന്‍ പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ്, നാസര്‍ കോയ തങ്ങള്‍ എന്നിവരോ അനുയായികളോ ഓഫീസില്‍ കയറരുതെന്ന് കോടതി നിര്‍ദേശിച്ചു. എതിര്‍കക്ഷികളുടെ അഭാവത്തിലായിരുന്നു കോടതി വിധി. എതിര്‍കക്ഷികള്‍ ഹാജരാകുന്നത് വരെ കാത്തിരുന്നാല്‍ ഹര്‍ജിയുടെ ഉദ്യേശം അപ്രസക്തമാകുമെന്ന് നിരീക്ഷിച്ച കോടതി പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും വ്യക്തമാക്കി. കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് എതിര്‍കക്ഷിക്കാർക്ക് നോട്ടീസയയ്ക്കാനും കോടതി ഉത്തരവിട്ടു.

അതേസമയം, ഐഎന്‍എല്ലില്‍ അബ്ദുള്‍ വഹാബ് പക്ഷവും കാസിം ഇരിക്കൂര്‍ പക്ഷവും വീണ്ടും ഒന്നിക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സംഭവം. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന എ പി അബ്ദുള്‍ വഹാബ് വിഭാഗം കഴിഞ്ഞദിവസം മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയായിരുന്നു പിളർപ്പ് അവസാനിക്കുന്നെന്ന് അഭ്യൂഹമുയർന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close