INSIGHTTrending

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്തും നാടക രം​ഗത്തെ കഴിവും ഒത്തു ചേർന്ന പ്രതിഭ; നിലപാടുകളിൽ വെള്ളം ചേർക്കാതെ നട്ടെല്ലുയർത്തി നിന്ന നേതാവ്; ഒ. മാധവൻ ഓർമ്മയായിട്ട് ഇന്ന് 16 വർഷങ്ങൾ

തിങ്ങി നിറഞ്ഞ ജനസമുദ്രങ്ങളുടെ അതിരുകൾ ഭേദിച്ച് കൈയ്യടികൾ വാരിക്കൂട്ടിയ അതുല്യപ്രതിഭയാണ് ഒ. മാധവൻ. സംവിധായകൻ, തിരക്കഥാകൃത് എന്നീ നിലകളിൽ മാത്രമല്ല, ഒരു നടൻ എന്ന നിലയിലും തന്റെ കഴിവുകൾ തെളിയിച്ച നാടകാചാര്യൻ. ഇന്ന് അദ്ദേഹത്തിന്റെ 16ആം ചരമവാർഷികമാണ്.

മധ്യതിരുവിതാംകൂറിലെ ചെട്ടികുളംകര സ്കൂളിൽ വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ നാടകം കളിയ്ക്കാൻ ഒരുങ്ങുന്നു. എന്നാൽ നാടകം എഴുതിയതും, സംവിധാനം ചെയ്തതും ഒരു താഴ്ന്ന ജാതിയിൽപെട്ട കുട്ടിയായിരുന്നു എന്ന കാരണത്താൽ സവർണ വിഭാഗത്തിൽപെട്ട കുട്ടികൾ നാടകത്തിൽനിന്നും പിന്മാറി. എന്നാൽ നാടകകൃത്തായ മാധവൻ തന്നെ തട്ടിൽ കയറി തകർപ്പൻ പ്രകടനം കാഴ്ച വെയ്ക്കുമ്പോൾ ആരും അറിഞ്ഞിരുന്നില്ല, നിരവധി ആളുകൾ നെഞ്ചിലേറ്റാൻ പോകുന്ന ഒരു അതുല്യപ്രതിഭ ആയിരുന്നു അതെന്ന്. പിന്നീട് നിരവധി തട്ടുകളിലായി കൈയ്യടികൾ ഏറ്റുവാങ്ങി മുന്നേറിയ അദ്ദേഹം, വിദ്യാർത്ഥി സമരങ്ങളുടെ മുൻനിര പോരാളിയുമായി മാറി. ബിരുദ പഠനത്തിനായി കൊല്ലം എസ്‌. എൻ. കോളേജിൽ ചേർന്ന ഒ. മാധവൻ പിന്നീട് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ച വിദ്യാർത്ഥി കോൺഗ്രസ് സ്ഥാനാർഥി ഒ.എൻ.വിയെ തോൽപ്പിച്ചു. കടുത്ത കമ്മ്യൂണിസ്ററ് അനുഭാവിയായ മാധവനും കോളേജ് മാനേജ്മെന്റും തമ്മിലുണ്ടായ പ്രശ്നങ്ങൾ മാധവന്റെ സസ്പെൻഷനിലേക്കാണ് നയിച്ചത്. ഫീസ് വർധന ഉൾപ്പെടെയുള്ള നിരവധി വിദ്യാർത്ഥി സമരങ്ങളുടെ അമരക്കാരനായ അദ്ദേഹത്തിന് പിന്നീട് പലപ്പോഴും പോലീസ് സ്റ്റേഷനിൽ അന്തിയുറങ്ങേണ്ടി വന്നു.

തന്റെ കഴിവുകളിൽ വിശ്വസിച്ചിരുന്ന മാധവൻ അദ്ദേഹത്തിന്റെ പ്രവർത്തന മേഖല കലയിലേക്ക് മാറ്റി, കെ.പി.എ.സിയിൽ ചേർന്നു. നീണ്ട എട്ടു വർഷം നാടകാഭിനയരംഗത്ത് തന്റേതായ സ്ഥാനം നിലനിർത്തിയ അദ്ദേഹം പിന്നീട് സെക്രട്ടറിയായും പ്രവർത്തിച്ചു. നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി, മുടിയനായ പുത്രൻ തുടങ്ങിയ നാടകങ്ങളിലൂടെ അദ്ദേഹം നാടക രംഗത്തുണ്ടാക്കിയ സ്ഥാനം ഇന്നും മായാതെ നിൽക്കുന്നു. എണ്ണായിരത്തോളം നാടകങ്ങളിൽ ശ്രെദ്ധേയമായ വേഷങ്ങൾ കാഴ്ച വെച്ച അദ്ദേഹം പിന്നീട് സ്വന്തം നാടകസംഘമായ ‘കാളിദാസകലാകേന്ദ്രം’ സ്ഥാപിച്ചു. 2000ത്തിൽ ‘സായാഹ്നം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് അദ്ദേഹത്തെ തേടിയെത്തി. 1994ൽ, ഒ. മാധവന്റെ സപ്തതി ആഘോഷ വേളയിലാണ് അദ്ദേഹത്തിന്റെ ആത്മകഥയായ ‘ഓർമ്മഛായകൾ’ പ്രസിദ്ധീകരിച്ചത്. എൺപത്തിയൊന്നു വർഷം നീണ്ട ജീവിതത്തിലെ മുപ്പത്തിയാറുവർഷം മാത്രമാണ് ഈ പുസ്തകത്തിൽ ആവിഷ്ക്കരിച്ചിട്ടുളളത്.

1922 ജനുവരി 27ന് മാവേലിക്കര ചുനക്കരയിൽ ജനിച്ച അദ്ദേഹം തന്റെ ജീവിതത്തിന്റെ വലിയ ഒരു ഭാഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും നാടകത്തിനും വേണ്ടി മാറ്റി വെച്ചപ്പോൾ കലാ-സാംസ്കാരിക കേരളത്തിനു ലഭിച്ചത് മറക്കാനാവാത്ത ഒരുപിടി ഓർമകളായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ പതിനാറാമത് ചരമദിനത്തിൽ എത്തിനിൽക്കുമ്പോൾ തിരിഞ്ഞു നോക്കിയാൽ കാണാം, ഒ. മാധവൻ എന്ന അതുല്യപ്രതിഭയുടെ അഭിനയമികവും കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള ആത്മസമർപ്പണവും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close