NEWSSPORTSTop NewsWORLD

ഒളിമ്പിക്സ് ദീപശിഖ തെളിഞ്ഞു; ടോക്യോ നഗരത്തിനൊപ്പം കായികലോകത്തിനും ഇനി ആവേശത്തിന്റെ നാളുകൾ

ടോക്യോ: ഒന്നര മണിക്കൂർ നീണ്ട ഉത്‌ഘാടനചടങ്ങുകൾക്ക് ശേഷം കായികലോകത്തെ സാക്ഷിയാക്കി ഒളിമ്പിക്സ് ദീപം തെളിഞ്ഞു. 32-മത് ഒളിമ്പിക്സ് മാമാങ്കത്തിനാണ് ടോക്യോയിൽ തിരി തെളിഞ്ഞത്. ജപ്പാന്‍ ചക്രവര്‍ത്തി നരുഹിത്തോ ഒളിംപിക്സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. പിന്നാലെ ജപ്പാന്‍റെ ബേസ്ബോള്‍ ഇതിഹാസങ്ങളായ ഹിഡേക്കി മാറ്റ്സുയിയും സദാഹരു ഓയും ഷീഗോ നഗാഷിമയും ചേര്‍ന്ന് സ്റ്റേഡിയത്തിനുള്ളിലെത്തിച്ച ഒളിംപിക് ദീപം പാരാലിംപിക് താരം വക്കാക്കോ സുചിഡക്ക് കൈമാറി. ജപ്പാനീസ് ടെന്നീസ് താരം നവോമി ഒസാക്ക ഒളിംപിക് ദീപം തെളിയിച്ചു.

സ്റ്റേഡിയത്തിന്‍റെ മേൽക്കൂരയിൽ നിന്ന് ആകാശത്ത് വർണവിസ്മയം ഒരുക്കിയ കരിമരുന്ന് പ്രയോ​ഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങിയത്. കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടമായവർക്കും വിടപറഞ്ഞ ഒളിംപ്യൻമാർക്കും ആദരമർപ്പിച്ച് മൗനമാചരിച്ചാണ് ചടങ്ങുകൾ തുടങ്ങിയത്.

മൗനാചരണത്തിനിടെ സ്റ്റേഡിയത്തിന് പുറത്തെ ഒളിംപിക്സ് വിരുദ്ധ പ്രക്ഷോഭകരുടെ ശബ്ദം സ്റ്റേഡിയത്തിനകത്തെത്തി. ജപ്പാൻ ചക്രവർത്തി നരുഹിത്തോയും രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാക്കും ചടങ്ങിൽ പങ്കെടുത്തു. പിന്നാലെ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ് ആരംഭിച്ചു.

ബോക്സിങ് ഇതിഹാസം മേരികോമും ഹോക്കി താരം മന്‍പ്രീത് സിങ്ങും മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തി. 206 രാജ്യങ്ങളില്‍ നിന്നായി 11 ആയിരം അത്ലറ്റുകള്‍ വിശ്വവേദിയില്‍ മാറ്റുരയ്ക്കും. ടോക്കിയോ നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close