ഒമിക്രോണിന്റെ അതിവ്യാപനശേഷിയിൽ അമ്പരന്ന് ലോകം; നെതർലൻഡ്സിലേക്കുള്ള വിമാനയാത്രക്കിടെ വൈറസ് പിടിപെട്ടത് വിമാനത്തിലെ പത്തുശതമാനം യാത്രക്കാർക്ക്; യൂറോപ്പിലും കൊലയാളി വൈറസ് പടരുന്നു

ഒമിക്രോണിന്റെ അതിവ്യാപനശേഷിയിൽ അമ്പരന്ന് ലോകം. യാത്ര ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കോവിഡ് നെഗറ്റീവായിരുന്നവർ വിമാനമിറങ്ങി നടത്തിയ ടെസ്റ്റിൽ പോസിറ്റീവായതോടെയാണ് പുതിയ കോവിഡ് വകഭേദത്തിന്റെ തീവ്ര വ്യാപന ശേഷി ലോകം മനസിലാക്കിയത്. ദക്ഷിണാഫ്രിക്കയിൽ നിന്നും നെതർലാൻഡ്സിലെത്തിയ വിമാനത്തിലുണ്ടായിരുന്ന പത്തുശതമാനം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ജോഹന്നാസ്ബർഗിൽ നിന്നും ആംസ്റ്റർഡാമിനടുത്തുള്ള ഷിപോൾ വിമാനത്താവളത്തിൽ 600 യാത്രക്കാരാണ് രണ്ട് വിമാനങ്ങളിലായി എത്തിയത്. ഒമിക്രോൺ വൈറസിനെ കണ്ടെത്തിയതിനെ തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ നിലവിൽ വന്നതിനു ഏതാനും മണിക്കൂറിനുശേഷമായിരുന്നു വിമാനയാത്ര ആരംഭിച്ചത്. ഇവരെല്ലാവരും തന്നെ യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂർ നടത്തിയ ലാറ്ററൽ ഫ്ളോ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നവരാണ്. എന്നാൽ, നെതർലാൻഡ്സിലിറങ്ങിയതിനു ശേഷം നടത്തിയ പി സി ആർ ടെസ്റ്റിൽ ഇവരിൽ 61 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതോടൊപ്പം യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഓമിക്രോൺ എന്ന പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യം കൂടി സ്ഥിരീകരിച്ചിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയിലെ രോഗപരിശോധന നിലവാരത്തെ കുറിച്ച് ഏറെ സംശയങ്ങളാണ് ഈ സംഭവം ഉയർത്തിയിരിക്കുന്നത്. എന്നാൽ, ഓമിക്രോണിന്റെ സാന്നിദ്ധ്യം തിരിച്ചറിയാൻ ലാറ്ററൽ ഫ്ളോ റ്റെസ്റ്റിൻ ആകില്ലെന്ന വാദവും ഉയരുന്നുണ്ട്. നിലവിൽ യൂറോപ്യൻ യൂണിയനു വെളിയിൽ നിന്നെത്തുന്നവർ യാത്ര ആരംഭിക്കുന്നതിന് 48 മണിക്കൂർ നടത്തിയ പി സി ആർ ടെസ്റ്റ് നെഗറ്റീവ്റിസൾട്ടോ 24 മണിക്കൂർ മുൻപ് നടത്തിയ ലാറ്ററൽ ഫ്ളോ നെഗറ്റീവ് റിസൾട്ടോ കാണിക്കേണ്ടതുണ്ട്.
യൂറോപ്പിൽ ഒമിക്രോണിന്റെ സാന്നിദ്ധ്യം ആദ്യം കണ്ടെത്തിയത് ബെൽജിയത്തിലായിരുന്നു. വാക്സിൻ എടുക്കാത്ത ഒരു വനിതയായിരുന്നു ഇത്. തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനത്തിനിടയിലാണ് ഇവരെ ഈ വകഭേദം ബാധിച്ചത്. അതിനു തൊട്ടുപുറകെ ഇന്നലെ ബ്രിട്ടനിലും രണ്ടുപേരിൽ ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. നോട്ടിങ്ഹാമിലും, എസ്സെക്സിലെ ബ്രെന്റ്ഫോർഡിലുമാണ് ഇത് സ്ഥിരീകരിച്ചത്. ഇവർ രണ്ടുപേരും സൗത്ത് ആഫ്രിക്ക സന്ദർശിച്ച് മടങ്ങിയവരാണ്.
ജർമ്മനിയിലും ചെക്ക് റിപ്പബ്ലിക്കിലും ഓമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജർമ്മനിയിൽ നടത്തിയ പരിശോധനയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഒരു യാത്രക്കാരനിലായിരുന്നു ഇതിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. പ്രാഥമിക ശ്രേണീകരണ പ്രക്രിയയിലാണ് ഇത് കണ്ടെത്തിയത്. എന്നാൽ സംശയരഹിതമായി ഇത് സ്ഥിരീകരിക്കാൻ അവസാന വട്ട ശ്രേണീകരണം കൂടി നടത്തേണ്ടതുണ്ട്. അതിന്റെ ഫ്രലം ഇന്ന് ലഭിക്കുമെന്ന് കരുതുന്നു. ആസ്ട്രേലിയയിലും ഈ ഭീകര വൈറസ് എത്തിയിട്ടുണ്ടെന്ന് കരുതപ്പെടുന്നു.
അതിനിടയിൽ, ഒമിക്രോൺ വൈറസിന്റെ എപ്പിസെന്ററായി മാറിയ ദക്ഷിണാഫ്രിക്കയിൽ ഇന്നലെ 2828 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച്ചയിലേതിനേക്കാൾ ഇരട്ടിയായാണ് പുതിയരോഗികളുടെ എണ്ണം വർദ്ധിച്ചത്. എന്നാൽ, പുതിയ വകഭേദം ബാധിച്ച ആരും ഇതുവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ല. നിലവിലെ വാക്സിനുകൾക്കും, ഓമിക്രോൺ ബാധിച്ചാൽ രോഗം ഗുരുതരമാകാതെ തടയാൻ കഴിയുമെന്ന് ഓക്സ്ഫോർഡിലെ ശാസ്ത്രജ്ഞനും , അസ്ട്ര സെനെകാ വാക്സിൻ വികസിപ്പിച്ച സംഘത്തിലെ അംഗവുമായ സർ ആൻഡ്രൂ പൊള്ളാർഡ് പ്രത്യാശ പ്രകടിപ്പിച്ചു.
ഒമിക്രോൺ വകഭേദത്തെ ഭയന്ന് അതിർത്തികൾ അടച്ചുപൂട്ടുന്ന രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയും ചേർന്നു. ആഗോളാടിസ്ഥാനത്തിൽ തന്നെ വാക്സിൻ പദ്ധതി വിജയം കണ്ടെത്തിയാൽ മാത്രമേ ഈ മഹാവ്യാധിയെ തടയാൻ കഴിയൂ എന്ന് ജോ ബൈഡൻ പറഞ്ഞു. ന്യു യോർക്ക് നഗരത്തിൽ 2020 ഏപ്രിൽ കണ്ടതുപോലുള്ള രോഗവ്യാപനം ഉണ്ടായതോടെ അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം നെതർലാൻഡ്സിൽ കോവിഡ് പോസിറ്റീവ് ആയ വിമാനയാത്രക്കാരെ മുഴുവൻ ഹോട്ടൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ ബാധിച്ചിരിക്കുന്നത് പുതിയ വകഭേദമാണോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ലോകരോഗ്യ സംഘടന ഒമിക്രോൺ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ വകഭേദത്തിന് മൊത്തം 32 മ്യുട്ടേഷനുകളാണ് സംഭവിച്ചിരിക്കുന്നത്. അത് സ്പൈക്ക് പ്രോട്ടീനിൽ സംഭവിച്ചിരിക്കുന്ന മ്യുട്ടേഷനുകളാണ്. നിലവിൽ ഏറ്റവുമധികം ഭീതിയുണർത്തുന്ന ഡെൽറ്റാ വകഭേദത്തിന്റെ ഇരട്ടി മ്യുട്ടേഷനുകളാണ് ഇതിനുള്ളത്. അതിനാൽ തന്നെ വാക്സിന്റെ പ്രഭാവം 40 ശതമാനം വരെ കുറയ്ക്കാൻ ഇതിനാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അതിനുള്ള പ്രധാനകാരണം, ഈ ജനിതകമറ്റങ്ങൾ എല്ലാം തന്നെ സംഭവിച്ചിരിക്കുന്നത് ബി. 1.1.529 എന്ന് ശാസ്ത്രീയ നാമമുള്ള ഈ വകഭേദത്തിന്റെ സ്പൈക്ക് പ്രോട്ടീനാണ് എന്നതുതന്നെയാണ്.
നിലവിലെ വാക്സിൻ ശരീരത്തെ പരിശീലിപ്പിക്കുന്നത് പഴയ വകഭേദങ്ങളുടെ സ്പൈക്ക് പ്രോട്ടീനെ തിരിച്ചറിയുവാനാണ്. എന്നാൽ, ഓമിക്രോണിന്റെ സ്പൈക്ക് പ്രോട്ടീന് ഇത്രയധികം ജനിതകമാറ്റങ്ങൾ സംഭവിച്ചതിനാൽ അതിന് തീർത്തും വ്യത്യസ്തമായ ഒരു രൂപമാണുള്ളത്. അതുകൊണ്ടുതന്നെ മനുഷ്യ പ്രതിരോധ സംവിധാനത്തിന് ഇവയെ തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല. തിരിച്ചറിയാത്തിടത്തോളം കാലം പ്രതിരോധ സംവിധാനത്തിന് ഈ വൈറസിനെതിരെ പോരാടുവാനും കഴിയില്ല.
മൊത്തം 50 ൽ അധികം മ്യുട്ടേഷനുകളാണ് ഓമിക്രോണിന് സംഭവിച്ചിരിക്കുന്നത്. അതിൽ 32 എണ്ണം സ്പൈക്ക് പ്രോട്ടീനിലാണ് ഉള്ളത്. മാത്രമല്ല, വളരെ വിരളമായി മാത്രം സംഭവിക്കാറുള്ള പി 681 എച്ച്, എൻ 679 കെ എന്നീ മ്യുട്ടേഷനുകൾ ഒരുമിച്ച് ഇവിടെ സംഭവിച്ചിരിക്കുന്നു. അതിനാൽ തന്നെ വാക്സിനുകളെ പ്രതിരോധിക്കുവാനുള്ള ശക്തി വളരെയേറെ വർദ്ധിക്കും. ഈ രണ്ട് മ്യുട്ടേഷനുകൾക്കൊപ്പം എച്ച് 655 വൈ എന്ന മ്യുട്ടേഷനും കൂടി ചേരുമ്പോൾ വൈറസുകൾക്ക് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുവാൻ എളുപ്പമാകും.
അതേപോലെ എൻ 501 വൈ എന്ന മ്യുട്ടേഷൻ വൈറസുകളുടെ വ്യാപന ശേഷി വർദ്ധിപ്പിക്കുന്നതാണ്. അതും ഓമിക്രോണിൽ സംഭവിച്ചിട്ടുണ്ട്. അതുപോലെത്തന്നെ വൈറസുകളുടെ വ്യാപനശേഷി വർദ്ധിപ്പിക്കുന്ന മറ്റു രണ്ട് മ്യുട്ടേഷനുകളായ ആർ 203കെ, ജി 204ആർ എന്നിവയും ഇവിടെ ഒരുമിച്ച് സംഭവിച്ചിരിക്കുന്നു. ഒപ്പം എൻ എസ് പി 6 എന്ന മ്യുട്ടേഷന്റെ അഭാവം കൂടി ആകുമ്പോൾ വ്യാപനശേഷി വളരെയധികം വർദ്ധിക്കും.
ദക്ഷിണാഫ്രിക്കൻ വകഭേദത്തിന് വാക്സിനെ പ്രതിരോധിക്കാൻ ഏറെ സഹായകരമായ കെ 417എൻ, ഇ484എ എന്നീീ ജനിതകമാറ്റങ്ങളും ഓമിക്രോണിൽ സംഭവിച്ചിട്ടുണ്ട്. അതിനൊപ്പം ഡെൽറ്റയിൽ കണ്ടെത്തിയ എൻ 440 കെ എന്ന മ്യുട്ടേഷനും ന്യുയോർക്ക് വകഭേദത്തിൽ കണ്ട എസ് 477എൻ എന്ന മ്യുട്ടേഷനും ഇതിൽ ദൃശ്യമാണ്. ജി446എസ്, ടി478കെ,ക്യു493കെ, ജി496എസ്, ക്യു498ആർ, വൈ505എച്ച് എന്നീ മ്യുട്ടേഷനുകളും ഓമിക്രോണിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പ്രാധാന്യത്തെ കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടക്കുന്നതേയുള്ളൂ.
അതേസമയം ബ്രിട്ടനിൽ വികസിപ്പിച്ച പുതിയ വാക്സിന് ഈ വകഭേദത്തെ ഫലപ്രദമായി ചെറുക്കാൻ കഴിയുമെന്ന അവകാശവാദവും ഉയർന്നിട്ടുണ്ട്. ഇത് അവസാന പരീക്ഷണ ഘട്ടത്തിലാണ് ഇപ്പോൾ ഉള്ളത്. ഓക്സ്ഫോർഡ്/ അസ്ട്രസെനെക വാക്സിൻ വികസിപ്പിച്ച അതേ ഗവേഷകർ തന്നെയാണ് ഇതിനു പുറകിലുമുള്ളത്. ഫോർമുലയിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലം അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തുവരും.
ബോത്സ്വാനയിൽ ഉദ്ഭവിച്ച ഈ രാക്ഷസ വൈറസ് വകഭേദത്തെ തടയുവാൻ ഇപ്പോൾ തന്നെ വൈകി എന്നാണ് ഇമ്മ്യുണളോജിസ്റ്റായ പ്രൊഫസർ സർ ജോൺ ബെൽ പറയുന്നത്. സർക്കാർ ഏർപ്പെടുത്തീയ യാത്രാ നിരോധനമൊന്നും അതിനെ തടയുവാൻ ഫലപ്രദമല്ലെന്ന് അദ്ദേഹം പറയുന്നു. ഈ പുതിയ വകഭേദം പടർന്നാൽ പിന്നെ രൂപമാറ്റം വരുത്തിയ വാക്സിനുകൾ മാത്രമായിരിക്കും പ്രതിവിധി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരത്തിലൊന്ന് ബ്രിട്ടനിൽ വികസിപ്പിച്ചു എന്നത് ആശ്വാസകരമായ വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ പടർന്നുപിടിച്ച, വാക്സിനെ പ്രതിരോധിക്കാൻ ശേഷിയുള്ള വകഭേദത്തിനെതിരെയായിരുന്നു പുതിയ ഫോർമുല രൂപീകരിച്ചത്. ആവശ്യമെങ്കിൽ അത് നിലവിൽ ഉപയോഗിക്കുന്ന വാക്സിനുമായി സംയോജിപ്പിച്ച് മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാൻ സാധിക്കും എന്നാണ് ഗവേഷകർ പറയുന്നത്.