
സൗത്ത് ആഫ്രിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ബ്രിട്ടന്, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗവ്യാപനത്തിനെതിരെ ജനങ്ങള്‍ അതിതീവ്ര ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നിര്‍ദ്ദേശിക്കുന്നു. ‘ഒമിക്രോണ്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അണുബാധ മൂന്നാം തരംഗമായി മാറാനുള്ള സാധ്യത വളരെ വലുതാണ്. തീവ്ര വ്യാപന ശേഷിയുള്ളതുമായ ഈ അണുക്കള്‍ ഇന്ത്യയിലും എത്താനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്നും പ്രതിരോധ കുത്തിവെപ്പുകളുടെ രണ്ട് ഡോസും പൂര്‍ത്തിയാക്കാത്തവര്‍ എത്രയുംവേഗം അവ സ്വീകരിക്കണമെന്നും ഐഎംഎ നിര്‍ദ്ദേശിക്കുന്നു.
രോഗതീവ്രതയെ കുറിച്ച് കരുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും രോഗവ്യാപനം തടയുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. എല്ലാ വ്യക്തികളും നിര്‍ബന്ധമായും മാസ്ക്കുകള്‍ ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയ പ്രാഥമിക രോഗപ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നിര്‍ദ്ദേശിക്കുന്നു. രോഗവ്യാപനം ഉള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധ കൊവിഡ് പരിശോധനകളും ക്വാറന്റൈന് സംവിധാനവും ആവശ്യമാണ്. രോഗവ്യാപനം തടയുന്നതിനാവശ്യമായ ഫലപ്രദമായ ഇടപെടലുകള്‍ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും ഉടനുണ്ടാകണമെന്നും ഐഎംഎ രാജ്യങ്ങളോട് നിർദ്ദേശിക്കുന്നു.