Covid UpdatesNEWSTrendingWORLD

കോവിഡ് ഇതുവരെ കവർന്നെടുത്തത് 52,12,341 ജീവനുകൾ; ഇതിലും ക്രൂരനായ പുതിയ വകഭേദം എത്തുമ്പോൾ ആശങ്കയിലായി ലോകം; അതി തീവ്ര ശേഷിയുള്ള ഒമിക്രോണിനെ പേടിച്ച് അതിർത്തികൾ താഴിട്ടുപൂട്ടി രാജ്യങ്ങൾ

കോവിഡിന്റെ വലിയ ഭീഷണികളിൽ നിന്നും മുക്തിനേടി തുടങ്ങുകയായിരുന്നു ലോകം. എന്നാൽ ഇപ്പോൾ ഭയപ്പെടുത്തുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആളത്ര ചില്ലറക്കാരനല്ല, അതി തീവ്ര വ്യാപനശേഷിയുള്ള ഈ വൈറസ് രോഗമുക്തി നേടിയവരിലേക്കും വളരെ വേഗം പടർന്നു പിടിക്കും. കോവിഡ് ഇതുവരെ എടുത്തത് 52,12,341 മനുഷ്യരുടെ ജീവൻ. കൊറോണ വൈറസിന്റെ പുതിയ വ​കഭേദം ഇതിലും ക്രൂരനാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴാണ് മാനവ രാശിയെ കാത്തിരിക്കുന്ന വലിയ ഭീഷണിയുടെ വ്യാപ്തി നമുക്ക് മനസിലാകുക. 26,13,69,507 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചു എന്നാണ് വേൾഡോ മീറ്ററിന്റെ കണക്ക്.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ നോവൽ കൊറോണ വൈറസ് വകഭേദമാണ് ഒമിക്രോൺ. ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമായ ഒമിക്രോൺ ആണ് ബി.1.1.529 എന്ന പുതിയ വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര്. 2021 നവംബര്‍ ഒന്നിന് ബോട്സ്വാനയിലാണ് ഈ വകഭേദദം ആദ്യമായി കണ്ടെത്തിയത്. ചൈനയിൽ 2019ൽ കണ്ടെത്തിയ നോവൽ കൊറോണ വൈറസിൽ നിന്ന് ഒട്ടേറെ തവണ ജനിതകമാറ്റം സംഭവിച്ചാണ് ഒമിക്രോൺ വകഭേദം ഉണ്ടായിരിക്കുന്നത്.

നിലവിൽ പല രാജ്യങ്ങളിലും കോവിഡ് 19 വ്യാപനം വളരെ കുറഞ്ഞ നിലയിലാണെങ്കിലും ഒമിക്രോൺ വകഭേദം പടര്‍ന്നു പിടിച്ചാൽ വീണ്ടും കേസുകള്‍ കുത്തനെ ഉയരുമോ എന്നാണ് ആശങ്കപ്പെടുന്നത്. ഒമിക്രോണിനെ ആശങ്കപ്പെടേണ്ട വകഭേദമായി പ്രഖ്യാപിച്ച ലോകാരോഗ്യസംഘടന സാഹചര്യം വിലയിരുത്താൻ അടിയന്തരയോഗവും ചേര്‍ന്നിട്ടുണ്ട്. “ഈ വകഭേദത്തിന് പലവട്ടം ജനിതകമാറ്റം സംഭവിച്ചിട്ടുണ്ട്, ഇതിൽ ചിലത് ആശങ്കാജനകമാണ്.” ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, പുതിയ വൈറസ് വകഭേദത്തിന് എത്രത്തോളം വ്യാപനശേഷിയുണ്ടെന്ന് വ്യക്തമാകാൻ ഏതാനും ആഴ്ചകള്‍ കാത്തിരിക്കേണ്ടി വരുമെന്നും അവര്‍ അറിയിച്ചു.

പലവട്ടം ജനിതകമാറ്റം സംഭവിക്കുകയും കൂടുതൽ രോഗവ്യാപനമോ രോഗതീവ്രതയോ സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുന്ന വൈറസ് വകഭേദങ്ങളെയാണ് ആശങ്കപ്പെടേണ്ട വകഭേദമായി മുദ്ര കുത്തുന്നത്. കൂടാതെ ശരീരത്തിൻ്റെ രോഗപ്രതിരോധശേഷിയെയും വാക്സിനുകളെയും മറികടക്കാൻ കഴിയുന്നവയാണോ എന്ന കാര്യവും പരിഗണിക്കും. കോവിഡ് 19 കേസുകള്‍ കുറഞ്ഞു നിന്നിരുന്ന ദക്ഷിണാഫ്രിക്കയിലെ വിവിധ പ്രദേശങ്ങളിൽ കേസുകളുടെ എണ്ണം ഉയരാൻ പുതിയ വകഭേദം കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ വകഭേദം വാക്സിനെ മറികടക്കുമെന്നാണ് പല വിദഗ്ധരും പറയുന്നത്. വാക്സിൻ ഒമിക്രോൺ വകഭേദത്തിനെതിരെ ഗുണം ചെയ്യില്ലെന്ന് ഏകദേശം ഉറപ്പാണെന്ന് യുകെയിലെ ഒരു മുതിര്‍ന്ന ആരോഗ്യവിദഗ്ധൻ ബിബിസിയോടു പറഞ്ഞു. പുതിയ വൈറസ് വകഭേദത്തിൻ്റെ വരവ് ആശങ്ക സൃഷ്ടിക്കുന്നതാണെങ്കിലും ഇത് ലോകാവസാനമൊന്നുമല്ലെന്നാണ് ഓക്സ്ഫഡ് സര്‍വകലാശാല വിദഗ്ധൻ പ്രൊഫസര്‍ ജെയിംസ് നായ്സ്മിത്ത് പറയുന്നത്. അതേസമയം, ദക്ഷിണാഫ്രിക്കയിൽ പെട്ടെന്നു വൈറസ് പടരാനുള്ള കാരണം അവിടെ 24 ശതമാനം പേര്‍ മാത്രമാണ് വാക്സിൻ സ്വീകരിച്ചത് എന്ന കാരണം കൊണ്ടാകാമെന്നും ഈ രംഗത്തെ വിദഗ്ധനായ ഡോ. മൈക്ക് ടിൽഡേസ്ലി പറഞ്ഞു. പുതിയ വകഭേദത്തിനെതിരെ വാക്സിൻ ഫലപ്രദമാണോ എന്നറിയാൻ കൂടുതൽ പരിശോധനകള്‍ വേണമെന്ന് ഡോ. ആന്റണി ഫൗസി പറഞ്ഞു.

നിലവിൽ ഒമിക്രോൺ വൈറസിനെ ഭയന്ന് രാജ്യങ്ങൾ എല്ലാം അവരുടെ രാജ്യഅതിർത്തികൾ അടച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ കൊറോണ രോഗികൾക്കുള്ള അമേരിക്കയും തങ്ങളുടെ അതിർത്തികൾ താഴിട്ടു പൂട്ടി. ആഗോളാടിസ്ഥാനത്തിൽ തന്നെ വാക്സിൻ പദ്ധതി വിജയം കണ്ടെത്തിയാൽ മാത്രമേ ഈ മഹാവ്യാധിയെ തടയാൻ കഴിയൂ എന്ന് ജോ ബൈഡൻ പറഞ്ഞു. ന്യു യോർക്ക് നഗരത്തിൽ 2020 ഏപ്രിൽ കണ്ടതുപോലുള്ള രോഗവ്യാപനം ഉണ്ടായതോടെ അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 49,077,695 ആണ് അമേരിക്കയിലെ കോവിഡ് രോഗികളുടെ എണ്ണം. രോഗമുക്തിയുടെ കാര്യത്തിലും അമേരിക്ക ഒന്നാമതാണ്. 38,861,714 ആണ് രോഗമുക്തി. രോഗികളുടെ എന്നതിന്റെ കാര്യത്തിൽ തൊട്ടുപിന്നാലെ ഇന്ത്യയുമുണ്ട്. 34,571,368 രോഗികളും 33,988,797 രോഗമുക്തരുമാണ് ഇന്ത്യയിലുള്ളത്. കൂടാതെ ബ്രസീലിൽ 22,076,863 രോഗികളും 21,288,281 രോഗമുക്തരുമാണ്. 10,110,408 രോഗികളും 8,951,833 രോഗമുക്തരുമാണ് യുകെയിലുള്ളത്. 9,536,825 രോഗികളും 8,237,465 രോഗമുക്തരുമാണ് റഷ്യയിൽ ഉള്ളത്. തുർക്കി – 8,724,400 രോഗികൾ, 8,258,603 രോഗമുക്തർ, ഫ്രാൻസ് – 7,588,400 രോഗികൾ, 7,098,613 രോഗമുക്തർ, ഇറാൻ – 6,105,101 രോഗികൾ, 5,853,066 രോഗമുക്തർ, ജർമ്മനി – 5,744,517 രോഗികൾ, 4,803,100 രോഗമുക്തർ, അർജന്റീന – 5,325,560 രോഗികൾ, 5,189,507 രോഗമുക്തർ, സ്‌പെയിൻ 5,131,012 രോഗികൾ, 4,914,286 രോഗമുക്തരുമാണുള്ളത്. കോവിഡിന്റെ ആദ്യ ഘട്ടത്തിൽ കൂടുതൽ രോഗികളെ സമ്മാനിച്ച സ്പെയിൻ ഇപ്പോൾ പതിനൊന്നാം സ്ഥാനത്തുള്ളത് ആശ്വാസകരമായ വാർത്ത ആയിരുന്നു. എന്നാൽ അപ്പോഴേയ്ക്കും അടുത്ത വില്ലനും കടന്നു വന്നിരിക്കുകയാണ്.

അതേസമയം ലോകത്തിന് ഭീഷണിയായ കൊവിഡിന്റെ ഏ‌റ്റവും പുതിയ വകഭേദം ഒമിക്രോൺ വൈറസിനെ പ്രതിരോധിക്കാൻ തങ്ങളുടെ വാക്‌സിന് സാധിക്കുമെന്ന് റഷ്യൻ അധികൃതർ. റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട് സിഇഒ കിറിൽ ദിമിത്രിയേവാണ് ഈ അവകാശവാദമുന്നയിച്ചത്. റഷ്യ വികസിപ്പിച്ച സ്‌പുട്‌നിക്ക് വി, സ്‌പുട്‌നിക്ക് ലൈ‌റ്റ് വാക്‌സിനുകൾ വിവിധ കൊവിഡ് വകഭേദങ്ങളെ ഇതുവരെ ഫലപ്രദമായി നേരിട്ടിട്ടുണ്ടെന്ന് കിറിൽ ദിമിത്രിയേവ് പറഞ്ഞു.ഇന്ത്യൻ വാക്സിനുകൾക്ക് ഒമൈക്രോണിനെ തടയാനാവുമോ ? ഐസിഎംആർ മേധാവിയുടെ വെളിപ്പെടുത്തൽ

ഡെൽ‌റ്റാ വകഭേദത്തിനെതിരെ സ്‌പുട്‌നിക് 83 ശതമാനം ഫലപ്രദമാണ്. മാരകമായ കൊവിഡ് രോഗത്തിനെതിരെ 91.6 ശതമാനം ഫലം സ്‌പുട്നിക്കിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് റഷ്യൻ ആരോഗ്യമന്ത്രി മിഖായെൽ മുരഷ്‌കൊ മുൻപ് പറഞ്ഞിരുന്നു. ഒറ്റ ഡോസ് വാക്‌സിൻ തന്നെ ഡെൽ‌റ്റാ വകഭേദത്തിനെതിരെ 70 ശതമാനം ഫലപ്രാപ്‌തി കാണിച്ചതായാണ് വിവരം.

കൊവിഡിന്റെ ഒമിക്രോൺ വകഭേദത്തെ വാക്‌സിൻ നേരിടുന്നതെങ്ങനെ എന്നത് വ്യക്തമല്ലെങ്കിലും എല്ലാ കൊവിഡ് വകഭേദങ്ങളെയും ഫലപ്രദമായി വാക്‌സിൻ നേരിട്ടതുപോലെ ഒമിക്രോൺ വകഭേദത്തെയും വാക്‌സിൻ പ്രതിരോധിക്കുമെന്നാണ് കിറിൽ ദിമിത്രിയേവ് പ്രതീക്ഷിക്കുന്നത്.രണ്ടോ മൂന്നോ ആഴ്‌ചകൾ കൊണ്ട് മാത്രമേ പുതിയ വകഭേദത്തെ കുറിച്ച് പൂർണമായി മനസിലാക്കാനാവൂ അതിന് ശേഷമേ അവ എത്രത്തോളം ഫലപ്രദമെന്ന് കൃത്യമായി പറയാൻ കഴിയൂ. നിലവിൽ പുതിയ വകഭേദത്തിനെതിരായ വാക്‌സിൻ നിർമ്മാണം തുടങ്ങിയതായാണ് റഷ്യൻ അധികൃതർ അറിയിച്ചത്.

സ്‌പുട്‌നിക് വാക്‌സിൻ അടിയന്തര ഉപയോഗത്തിന് കേന്ദ്രം അനുമതി നൽകിയത് ഏപ്രിൽ മാസത്തിലാണ്. വൈകാതെ സ്‌പുട്‌നിക് ലൈ‌റ്റിനും അനുമതി ലഭിക്കും. പുതിയ വകഭേദത്തിന്റെ വിവരം പുറത്തുവന്നതോടെ അന്താരാഷ്‌ട്ര വിമാനയാത്രയിൽ വരുത്തിയ ഇളവുകൾ പുനരാലോചിക്കാൻ പ്രധാനമന്ത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഡൽറ്റാ വകഭേദത്തെക്കാൾ കൂടുതൽ മാരകമായ വ്യാപനശേഷിയുള‌ളതാണ് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദം.

ലോകരോഗ്യ സംഘടന ഒമിക്രോൺ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ വകഭേദത്തിന് മൊത്തം 32 മ്യുട്ടേഷനുകളാണ് സംഭവിച്ചിരിക്കുന്നത്. അത് സ്പൈക്ക് പ്രോട്ടീനിൽ സംഭവിച്ചിരിക്കുന്ന മ്യുട്ടേഷനുകളാണ്. നിലവിൽ ഏറ്റവുമധികം ഭീതിയുണർത്തുന്ന ഡെൽറ്റാ വകഭേദത്തിന്റെ ഇരട്ടി മ്യുട്ടേഷനുകളാണ് ഇതിനുള്ളത്. അതിനാൽ തന്നെ വാക്സിന്റെ പ്രഭാവം 40 ശതമാനം വരെ കുറയ്ക്കാൻ ഇതിനാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അതിനുള്ള പ്രധാനകാരണം, ഈ ജനിതകമറ്റങ്ങൾ എല്ലാം തന്നെ സംഭവിച്ചിരിക്കുന്നത് ബി. 1.1.529 എന്ന് ശാസ്ത്രീയ നാമമുള്ള ഈ വകഭേദത്തിന്റെ സ്പൈക്ക് പ്രോട്ടീനാണ് എന്നതുതന്നെയാണ്.

നിലവിലെ വാക്സിൻ ശരീരത്തെ പരിശീലിപ്പിക്കുന്നത് പഴയ വകഭേദങ്ങളുടെ സ്പൈക്ക് പ്രോട്ടീനെ തിരിച്ചറിയുവാനാണ്. എന്നാൽ, ഓമിക്രോണിന്റെ സ്പൈക്ക് പ്രോട്ടീന് ഇത്രയധികം ജനിതകമാറ്റങ്ങൾ സംഭവിച്ചതിനാൽ അതിന് തീർത്തും വ്യത്യസ്തമായ ഒരു രൂപമാണുള്ളത്. അതുകൊണ്ടുതന്നെ മനുഷ്യ പ്രതിരോധ സംവിധാനത്തിന് ഇവയെ തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല. തിരിച്ചറിയാത്തിടത്തോളം കാലം പ്രതിരോധ സംവിധാനത്തിന് ഈ വൈറസിനെതിരെ പോരാടുവാനും കഴിയില്ല.

മൊത്തം 50 ൽ അധികം മ്യുട്ടേഷനുകളാണ് ഓമിക്രോണിന് സംഭവിച്ചിരിക്കുന്നത്. അതിൽ 32 എണ്ണം സ്പൈക്ക് പ്രോട്ടീനിലാണ് ഉള്ളത്. മാത്രമല്ല, വളരെ വിരളമായി മാത്രം സംഭവിക്കാറുള്ള പി 681 എച്ച്, എൻ 679 കെ എന്നീ മ്യുട്ടേഷനുകൾ ഒരുമിച്ച് ഇവിടെ സംഭവിച്ചിരിക്കുന്നു. അതിനാൽ തന്നെ വാക്സിനുകളെ പ്രതിരോധിക്കുവാനുള്ള ശക്തി വളരെയേറെ വർദ്ധിക്കും. ഈ രണ്ട് മ്യുട്ടേഷനുകൾക്കൊപ്പം എച്ച് 655 വൈ എന്ന മ്യുട്ടേഷനും കൂടി ചേരുമ്പോൾ വൈറസുകൾക്ക് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുവാൻ എളുപ്പമാകും.

അതേപോലെ എൻ 501 വൈ എന്ന മ്യുട്ടേഷൻ വൈറസുകളുടെ വ്യാപന ശേഷി വർദ്ധിപ്പിക്കുന്നതാണ്. അതും ഓമിക്രോണിൽ സംഭവിച്ചിട്ടുണ്ട്. അതുപോലെത്തന്നെ വൈറസുകളുടെ വ്യാപനശേഷി വർദ്ധിപ്പിക്കുന്ന മറ്റു രണ്ട് മ്യുട്ടേഷനുകളായ ആർ 203കെ, ജി 204ആർ എന്നിവയും ഇവിടെ ഒരുമിച്ച് സംഭവിച്ചിരിക്കുന്നു. ഒപ്പം എൻ എസ് പി 6 എന്ന മ്യുട്ടേഷന്റെ അഭാവം കൂടി ആകുമ്പോൾ വ്യാപനശേഷി വളരെയധികം വർദ്ധിക്കും.

ദക്ഷിണാഫ്രിക്കൻ വകഭേദത്തിന് വാക്സിനെ പ്രതിരോധിക്കാൻ ഏറെ സഹായകരമായ കെ 417എൻ, ഇ484എ എന്നീീ ജനിതകമാറ്റങ്ങളും ഓമിക്രോണിൽ സംഭവിച്ചിട്ടുണ്ട്. അതിനൊപ്പം ഡെൽറ്റയിൽ കണ്ടെത്തിയ എൻ 440 കെ എന്ന മ്യുട്ടേഷനും ന്യുയോർക്ക് വകഭേദത്തിൽ കണ്ട എസ് 477എൻ എന്ന മ്യുട്ടേഷനും ഇതിൽ ദൃശ്യമാണ്. ജി446എസ്, ടി478കെ,ക്യു493കെ, ജി496എസ്, ക്യു498ആർ, വൈ505എച്ച് എന്നീ മ്യുട്ടേഷനുകളും ഓമിക്രോണിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പ്രാധാന്യത്തെ കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടക്കുന്നതേയുള്ളൂ.

അതേസമയം ബ്രിട്ടനിൽ വികസിപ്പിച്ച പുതിയ വാക്സിന് ഈ വകഭേദത്തെ ഫലപ്രദമായി ചെറുക്കാൻ കഴിയുമെന്ന അവകാശവാദവും ഉയർന്നിട്ടുണ്ട്. ഇത് അവസാന പരീക്ഷണ ഘട്ടത്തിലാണ് ഇപ്പോൾ ഉള്ളത്. ഓക്സ്ഫോർഡ്/ അസ്ട്രസെനെക വാക്സിൻ വികസിപ്പിച്ച അതേ ഗവേഷകർ തന്നെയാണ് ഇതിനു പുറകിലുമുള്ളത്. ഫോർമുലയിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലം അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തുവരും.

ബോട്സ്വാനയിൽ ഉദ്ഭവിച്ച ഈ രാക്ഷസ വൈറസ് വകഭേദത്തെ തടയുവാൻ ഇപ്പോൾ തന്നെ വൈകി എന്നാണ് ഇമ്മ്യുണളോജിസ്റ്റായ പ്രൊഫസർ സർ ജോൺ ബെൽ പറയുന്നത്. സർക്കാർ ഏർപ്പെടുത്തീയ യാത്രാ നിരോധനമൊന്നും അതിനെ തടയുവാൻ ഫലപ്രദമല്ലെന്ന് അദ്ദേഹം പറയുന്നു. ഈ പുതിയ വകഭേദം പടർന്നാൽ പിന്നെ രൂപമാറ്റം വരുത്തിയ വാക്സിനുകൾ മാത്രമായിരിക്കും പ്രതിവിധി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരത്തിലൊന്ന് ബ്രിട്ടനിൽ വികസിപ്പിച്ചു എന്നത് ആശ്വാസകരമായ വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ പടർന്നുപിടിച്ച, വാക്സിനെ പ്രതിരോധിക്കാൻ ശേഷിയുള്ള വകഭേദത്തിനെതിരെയായിരുന്നു പുതിയ ഫോർമുല രൂപീകരിച്ചത്. ആവശ്യമെങ്കിൽ അത് നിലവിൽ ഉപയോഗിക്കുന്ന വാക്സിനുമായി സംയോജിപ്പിച്ച് മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാൻ സാധിക്കും എന്നാണ് ഗവേഷകർ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close