KERALANEWSTop News

“ഒറിജിനൽ ടിക്കറ്റ് എന്‍റെ കയ്യിലല്ലേ, പിന്നെന്തിന് പേടി”; അവകാശവാദങ്ങൾക്ക് വിരാമമിട്ട് ആ ഭാഗ്യവാൻ ടിക്കറ്റുമായി എത്തി; തന്നെ സുഹൃത്ത് പറ്റിക്കുകയായിരുന്നുവെന്ന് സെയ്തലവി; പരാതികൊടുക്കുന്ന കാര്യം ആലോചനയിലെന്ന് സുഹൃത്ത്

തിരുവനന്തപുരം: നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു ഇത്തവണത്തെ ഓണം ബമ്പർ നറുക്കെടുപ്പ്. സെപ്റ്റംബർ 19ന് നറുക്കെടുത്തത് ടിക്കറ്റിനു ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശ വാദവുമായി പലരും സോഷ്യൽ മീഡിയ വഴി എത്തിയിരുന്നു. ആദ്യം രംഗത്തെത്തിയത് പ്രവാസിയായ വയനാട് നാലാം മൈൽ സ്വദേശി സെയ്തലവി ആയിരുന്നു. ദുബായിൽ ഹോട്ടൽ ജീവനക്കാരനാണ് സെയ്തലവി. പിന്നീടാണ് യഥാർത്ഥ ഭാഗ്യവാൻ ടിക്കറ്റുമായി രംഗപ്രവേശനം ചെയ്തത്.

തന്റെ സുഹൃത്തായ അഹമ്മദ് തന്നെ പറ്റിച്ചുവെന്നാണ് സെയ്തലവി ഇപ്പോൾ പറയുന്നത്. അഹമ്മദ് വഴിയാണ് സെയ്തലവി ടിക്കറ്റ് എടുത്തത്. ടിക്കറ്റിന്റെ പണം ഗൂഗിൾ പേ ആയി അയച്ചു കൊടുക്കുകയായിരുന്നു. പതിനൊന്നാം തീയതി ടിക്കറ്റിന്റെ ചിത്രം അഹമ്മദ് അയച്ചു തന്നിരുന്നു. എന്നാൽ അത് ഹോമിൽ നിന്ന് ഡിലീറ്റ് ആയി പോയി. പിന്നീട നാളെ അഹമ്മദ് തനിക് അയച്ച ചിത്രം മോർഫ് ചെയ്തതായിരുന്നുവെന്നാണ് സെയ്തലവി പറയുന്നത്. ഓണം ബമ്പർ ഒന്നാം സമ്മാനം ലഭിച്ചെന്ന് തന്നെ പറഞ്ഞു വിശ്വസിപ്പിച്ചെന്നും ഇതുവരെ അത് തിരുത്തിപ്പറയാൻ അഹമ്മദ് തയ്യാറായിട്ടില്ലെന്നും സെയ്തലവി ആരോപിക്കുന്നു.

അഹമ്മദ് അയച്ചു തന്ന ടിക്കറ്റിന്റെ ചിത്രവും പണം അയച്ച ​ഗൂ​ഗിൾ പേയും സെയ്തലവി മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. ഞാൻ ചതിക്കപ്പെട്ടു അത്ര തന്നെ, ഇനി ഫോൺ റിക്കവർ‌ ചെയ്തു നോക്കണം. അന്ന് അയച്ച നമ്പറും ഇപ്പോൾ അയച്ച നമ്പറും ഒന്നാണോ എന്ന് നോക്കണം. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. എന്റെ ടിക്കറ്റ് പതിനൊന്നാം തീയതി എടുത്തതാണ്. അതിന്റെ തുക ​ഗൂ​ഗിൾ പേ വഴി അയച്ചു കൊടുക്കുകയും ചെയ്തിരുന്നു എന്നും സെയ്തലവി മാധ്യമങ്ങളോട് വ്യക്തമാക്കി.

എന്നാൽ ഇക്കാര്യം പാടെ നിഷേദിച്ചുകൊണ്ടാണ് അഹമ്മദ് രം​ഗത്തെത്തിയത്. സെയ്തലവിയെ ചതിച്ചിട്ടില്ല. മുൻപ് ലോട്ടറി വിൽപ്പന ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ ആർക്കും ലോട്ടറി എടുത്ത് കൊടുത്തിട്ടില്ല. സെയ്തലവിയുമായി പരിചയം മാത്രമാണുള്ളത്. ഇന്നലെ 4.36നാണ് സെയ്തലവിക്ക് ലോട്ടറി ടിക്കറ്റ് അയച്ചത്. തമാശയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. സെയ്തലവിക്ക് ലോട്ടറി അടിച്ചു എന്ന് പറഞ്ഞിട്ടില്ല. തനിക്കു നേരെ ഉണ്ടായ ആരോപണത്തെത്തുടർന്ന് പോലീസിൽ പരാതി കൊടുക്കുന്ന കാര്യം ആലോചിക്കുമെന്നും സൈബർ സെൽ പരിശോധിക്കട്ടെയെന്നുമാണ് അഹമ്മദിന്റെ പ്രതികരണം.

“ഈ ടിക്കറ്റിന്റെ സ്ക്രീൻ ഷോട്ട് ഇന്നലെ 4.10ന് ഒരാളെനിക്ക് ഫേസ്ബുക്കിൽ ഇട്ടുതന്നു. ഈ ടിക്കറ്റ് ഞാൻ സെയ്തലവിക്ക് 4.53ന് അയച്ച് കൊടുത്തു. ഒരു സുഹൃത്തിന് സെയ്തലവി കുറച്ച് കാശ് കൊടുക്കാനുണ്ടെന്ന് പറഞ്ഞു. തനിക്കാണ് സമ്മാനമടിച്ചതെന്ന് ഇയാളോട് പറയുമെന്നും സെയ്തലവി എന്നോട് പറഞ്ഞു. പറഞ്ഞോളൂ എന്ന് ഞാനും പറഞ്ഞു. അല്ലാതെ വേറെ ഒന്നുമില്ല. സെയ്തലവിക്ക് ലോട്ടറി അടിച്ചിട്ടില്ല. എനിക്ക് ലോട്ടറിയുടെ പരിപാടിയില്ല”, സെയ്തലവിയുമായി സൗഹൃദം ഉണ്ടെന്ന് മാത്രമേയുള്ളൂ എന്നാണ് ഇക്കാര്യത്തിൽ അഹമ്മദിന്റെ വാദം.

അങ്ങനെ അവകാശവാദങ്ങൾക്ക് വിരാമമിട്ടു കൊണ്ട് യഥാർത്ഥ ഭാഗ്യവാൻ രംഗത്തെത്തി. മരട് മനോരമ നഗറിലെ ജയപാലനെയാണ് 12 കോടിയുടെ ഭാ​ഗ്യം തേടിയെത്തിയത്. അപ്രതീക്ഷിതമായി ലഭിച്ച ഭാ​ഗ്യത്തിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് ഈ ഓട്ടോ ഡ്രൈവറുടെ കുടുംബം. ഇപ്പോഴിതാ ദൈവം തങ്ങളുടെ കണ്ണീര് കണ്ട് അനുഗ്രഹിച്ചതാണ് ഈ ഭാ​ഗ്യമെന്നാണ് ജയപാലന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്.

“ആകപ്പാടെ കടം കൊണ്ട് മുങ്ങിയിരിക്കുക ആയിരുന്നു. വീട് വയ്ക്കാനും സ്ഥലം വാങ്ങാനുമെടുത്ത കടങ്ങളാണ് അതോക്കെ. എന്റെ കണ്ണീര് കണ്ടിട്ട് ദൈവം അനു​ഗ്രഹിച്ചതാണ്. അല്ലാതെ അവനെ കൊണ്ട് പറ്റോ സാറേ കടങ്ങൾ തീർക്കാൻ. പെൺ മക്കളുണ്ട്. അവരെപ്പോഴും വന്നിട്ട് എന്തെങ്കിലും തായെന്ന് പറഞ്ഞ് ബഹളമാണ്”, ജയപാലന്റെ അമ്മ പറയുന്നു. എന്നാൽ ഭാഗ്യവാനെന്ന അവകാശവാദവുമായി മറ്റൊരാൾ എത്തിയപ്പോൾ എന്ത് തോന്നിയെന്ന ചോദ്യത്തിന് “ഒറിജിനൽ ടിക്കറ്റ് എന്‍റെ കയ്യിലല്ലേ, പിന്നെന്തിന് പേടി”, എന്നായിരുന്നു ജയപാലന്റെ മറുപടി.

മണിക്കൂറുകൾ നീണ്ട അഭ്യൂഹങ്ങൾക്കിടെയാണ് കേരളം തിരയുന്ന ആ ഭാഗ്യശാലി ജയപാലനാണെന്ന് പുറംലോകം അറിയുന്നത്. ടിക്കറ്റ് വിറ്റത് എറണാകുളത്ത് തന്നെയാന്നെന്ന് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറി ഏജൻസീസ് ഉറപ്പിച്ചു പറഞ്ഞിരുന്നു. ഒടുവിൽ കാനറാ ബാങ്കിൽ ടിക്കറ്റ് സമർപ്പിച്ച ശേഷമാണ് ജയപാലൻ താനാണ് ആ ഭാഗ്യവാനെന്ന് അറിയിച്ചത്.

മുൻവർഷങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. താനാണാ ഭാഗ്യശാലിയെന്നു പറഞ്ഞ് രംഗത്തെത്തിയവർ പലരായിരുന്നു. വർഷങ്ങൾ കടന്നു പോയാലും ഇനി വരുന്ന നറുക്കെടുപ്പിലും ഇത്തരത്തിൽ സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കും. 2019 മുതൽ ഓണം ബംപറിന് ഒന്നാം സമ്മാനമായി നൽകുന്നത് സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന‍ത്തുകയാണ്. ഒന്നാം സമ്മാനമായ 12 കോടി രൂപയിൽ 10% ഏജൻസി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കിഴിച്ച് ഏകദേശം 7.56 കോടി രൂപ നറുക്ക് വീഴുന്ന ആൾക്ക് ലഭിക്കും. രണ്ടാം സമ്മാനമായി ആറു പേർക്ക്‌ ഒരു കോടി രൂപവീതം ലഭിക്കുന്നത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേർക്കും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റു സമ്മാനങ്ങൾ ഉൾപ്പെടെ ആകെ 54 കോടി ഏഴു ലക്ഷം രൂപ സമ്മാനമായി നൽകും. ഏജന്റ് പ്രൈസായി ആറ് കോടി 48 ലക്ഷം രൂപയും നൽകും. 300 രൂപയായിരുന്നു ടിക്കറ്റ് വില.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close