ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പ് സൃഷ്ടിച്ച ബുദ്ധിമുട്ടുകളിൽ നിന്ന് മുക്തി നേടുന്നതിനു മുൻപ് തന്നെ ഓണക്കാലം വന്നെത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും വിജയാഘോഷങ്ങളും കേരളത്തിൽ ഉണ്ടാക്കിയ പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് മുൻപേ വന്ന് ചേർന്ന ഓണക്കാലത്തെ എങ്ങനെ സ്വീകരിക്കണം എന്ന ആശങ്കയിലാണ് കേരളീയർ. ചുരുക്കം ചിലരുടെ അശ്രദ്ധയും തെറ്റിദ്ധാരണയും കേരളത്തെയൊന്നാകെ വീണ്ടുമൊരു ദുരന്തത്തിലേക്ക് തള്ളിവിടുകയായിരുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ ഇന്നും നാം അനുഭവിക്കുകയാണ്. പ്രളയവും നിപ്പയും കൊറോണയും ഒറ്റക്കെട്ടായി നേരിട്ട കേരളീയർക്ക് ഒരുപക്ഷെ കൊറോണ എന്ന മഹാമാരിയുടെ ഒരു തിരിച്ചുവരവ് കൂടി താങ്ങാനായെന്ന് വരില്ല.
ഓണസദ്യയും പുലികളിയും ചെണ്ടമേളവും വള്ളംകളിയും ഒക്കെ ഉൾപ്പെടുന്ന കേരളീയോത്സവം ഓർമയായിട്ട് ഇത് മൂന്നാം വർഷമാണ്. പേമാരിയിലും പ്രളയത്തിലും മുൻവർഷങ്ങളിലെ ഓണം മുങ്ങിപോയപ്പോൾ അപ്രതീക്ഷിതമായി കടന്നുവന്ന കൊറോണ എന്ന മഹാമാരി കഴിഞ്ഞ ഓണം കവർന്നെടുത്തു. അടുത്ത ഓണക്കാലമെങ്കിലും ആഘോഷമാക്കാമെന്ന് കരുതിയിരുന്ന കേരളീയ ജനതക്കുമേൽ ഇടുത്തീപോലെ വീണ്ടും വന്നു വീണ കോറോണയിൽ ആ പ്രതീക്ഷയും അസ്തമിച്ചു.
ഉയർന്ന ടിപിആർ നിരക്ക് കേരളത്തിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണചന്തകളും ആഘോഷങ്ങളും എത്രത്തോളം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പ്രവാചനാതീതമാണ്. ഇനി ഓണക്കാലത്തിന്റെ വരവാണ്… അത്തം മുതൽ പത്ത് ദിനങ്ങൾ ആഘോഷങ്ങളുടേതാണ്. സർക്കാർ നൽകിയിരിക്കുന്ന ഇളവുകളെ യുക്തിപൂർവം ഉപയോഗിക്കാതെ ദുരുപയോഗം ചെയ്യുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ പ്രതിസന്ധികൾ വീണ്ടും ആവർത്തിക്കാതിരിക്കട്ടെ. ഈ ഓണക്കാലം കൊറോണയുടെ മൂന്നാം വരവിനു വഴിയൊരുക്കാനുള്ള സാധ്യതകളെറെയാണ്. ഇനിയൊരു അടച്ചിടലിലേക്ക് നയിക്കുമ്പോൾ സാമ്പത്തികമായും ആരോഗ്യപരമായും മാനസികപരമായും അതിനെ അതിജീവിക്കാൻ കേരളത്തിനാവുമോ എന്നത് കണ്ടറിയേണ്ടതാണ്.
അവനവന്റെ ജീവിതം രക്ഷിക്കുന്നതിനുള്ള താത്രപ്പാടിലാണ് ഇന്ന് മനുഷ്യൻ… അനിശ്ചിതത്വത്തിന്റെ നാളുകളിലൂടെ കടന്നു പോകുമ്പോൾ ഓണക്കാലത്തെ കുറിച്ച് ആശങ്കകളേറെ. മാവേലിമന്നനെന്ന കാലാന്തരത്തിൽ പ്രഛന്നവേഷമിട്ട കോമാളി രൂപത്തിലുള്ള കുടവയറനെയും അത്തപ്പൂക്കളവും പുലികളിയും ഘോഷയാത്രയും വള്ളംകളിയുമെല്ലാം ചിത്രീകരിച്ചുവെച്ചിരുന്ന പഴയ ഓർമമ്മകൾ നിറച്ച പെൻഡ്രൈവിലൂടെ 32 ഇഞ്ച് ടിവി സ്‌ക്രീനിൽ കണ്ടുകൊണ്ട് അകലം പാലിച്ച് സാനിറ്റൈസർ കയ്യിൽ കരുതി മാസ്ക് ധരിച്ച് ഹോട്ടലുകളിൽ നിന്ന് വാങ്ങിയ റെഡിമെയ്ഡ് സദ്യയും കഴിച്ച് ഈ ഓണവും ഒരു സാധാരണ ദിവസമെന്നപോലെ കടന്നു പോകും.