KERALANEWSTop News

ഉത്രാടം പിറന്നു; ഇന്നുമുതൽ അത്തക്കളത്തിൽ തൃക്കാക്കരയപ്പനും; കാർഷിക സംസ്‌കൃതിയുടെ ഒളി മങ്ങാത്ത ഓർമകളുടെ ചൂളം വിളിയുമായി നാളെ തിരുവോണം; എല്ലാ വായനക്കാർക്കും മീഡിയ മം​ഗളത്തിന്റെ ഉത്രാടദിനാശംസകൾ

ഇന്ന് ഉത്രാടം തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് ഇന്ന് മലയാളി. ഉത്രാട ദിവസമാണ് മലയാളിക്ക് ഒന്നാം ഓണം.’ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെ വെപ്രാളം ‘ ഓണത്തിനോടനുബന്ധിച്ചുള്ള ചൊല്ലുകളിൽ പ്രസിദ്ധമായ ഒന്നാണ് ഇത് ഉത്രാടം ഉച്ചകഴിയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ഒരുക്കത്തിൽ സ്ത്രീകളുടെ പങ്കിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

കാലമെത്ര മാറിയിട്ടും മാറാത്ത ഒന്നു തന്നെയാണ് ഉത്രാട പാച്ചിൽ. തിരുവോണത്തിനായുള്ള ഒരുക്കത്തിലാണ് മലയാളികൾ, ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്. നാടും നഗരവും ഉത്രാടപ്പാച്ചിലിലാണ് . ഉത്രാടനാളിൽ ഓണവിപണിയും സജീവമാകും.കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് അന്വർത്ഥമാകാനെന്നവണ്ണം നഗരത്തിലെ വസ്ത്രവിൽപ്പന ശാലകളിലും പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളിലും വഴിയോര വാണിഭകേന്ദ്രങ്ങളിലും ഇന്ന് തിരക്കോടുതിരക്കായിരിക്കും

കുട്ടിക്കാലത്തെ ഓണവും ആഘോഷങ്ങളും ഒരു മലയാളിക്കും മറക്കാൻ കഴിയാത്തതായിരിക്കാം .ജീവിത രീതികളുടെ ഭാഗമായി ആഘോഷ രീതികളിൽ വ്യത്യാസങ്ങൾ വന്നിട്ടുണ്ടാകാമെങ്കിലും ആചാര സങ്കല്പങ്ങളിലും ഒത്തുചേരലിന്റെ നിറവിലും മലയാളിയും ഓണവും മാറ്റങ്ങളില്ലാതെ നിൽക്കുന്നു.ഓണാഘോഷത്തിന്റെ അവസാന ദിവസം ഗംഭീരമായ സദ്യ തയ്യാറാക്കാൻ ആവശ്യമായ പുതിയ പച്ചക്കറികളും മറ്റ് വിഭവങ്ങളും വാങ്ങുന്നതിനായി ഓണത്തിന്റെ തലേന്ന് കുടുംബാംഗങ്ങൾ ചന്തയിലേക്ക് പോകുന്ന ദിവസമാണിത്. ഇതിനെ പൊതുവേ ‘ഉത്രാടപ്പാച്ചിൽ’ എന്നാണ് വിളിക്കുന്നത്.

ക്ഷേത്രങ്ങളിലേയ്ക്ക് ‘കാഴ്ചക്കുല’ സമർപ്പിക്കുന്നതും ഓണനാളുകളിൽ കണ്ടുവരുന്ന ഒരു പ്രധാന ചടങ്ങാണ്. ഗുരുവായൂർ അമ്പലത്തിലെ ‘കാഴ്ചക്കുല’ സമർപ്പണം പ്രസിദ്ധമാണ്. ആയിരക്കണക്കിന് കാഴ്ചക്കുലകളാണ് ഭക്തർ ഉത്രാട ദിവസം ഗുരുവായൂരപ്പനു സമർപ്പിക്കുന്നത്. ചങ്ങാലിക്കോടൻ ഇനത്തിൽപ്പെട്ട നേന്ത്രവാഴക്കുലകളാണ് കാഴ്ചക്കുലകളായി സമർപ്പിക്കാറ്.

ഉത്രാട നാളിലാണ് തൃക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് കുടിവെക്കുക. കളിമണ്ണ് കൊണ്ടാണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. മണ്ണ് കുഴച്ച് നല്ലതു പോലെ പതം വരുത്തും. നിറം നൽകാൻ ഇഷ്ടികപ്പൊടി ചേർക്കുന്നവരുമുണ്ട്. ഉത്രാടത്തിനു മുൻപേ തന്നെ തൃക്കാക്കരയപ്പനെ ഉണ്ടാക്കി ഉണക്കിവെക്കുന്നു. ഉത്രാടദിവസം നാക്കിലയിൽ മുറ്റത്ത് അഞ്ച് തൃക്കാക്കരയപ്പൻമാരെ വെക്കുന്നു. ഒത്ത നടുവിലായി വലിയ രൂപവും ഇരുഭാഗത്തും രണ്ട് ചെറുതു വീതവുമാണ് ഉണ്ടാക്കി വെക്കുക. അതിൽ അരിമാവ് കൊണ്ട് കൃഷ്ണ കിരീടവും ചെമ്പരത്തി, ചെണ്ടുമല്ലി, തുമ്പ എന്നിവ കൊണ്ട് അലങ്കാരങ്ങളും നടത്തും. ചെമ്പരത്തി ഈർക്കിലിൽ കുത്തി വെക്കും.

തിരുവോണം നാളിൽ മഹാബലിയെ കുടിവെക്കുന്നു. മുത്തശ്ശിയമ്മ, കുട്ടിപട്ടര്, അമ്മി, ആട്ടുകല്ല് തുടങ്ങി അനുചരനന്മാരോടൊത്താണ് മഹാബലി പ്രതിഷ്ഠിക്കപ്പെടുക. തൃക്കാക്കരയപ്പന് നേദിക്കാൻ ശർക്കരയും പഴവും തേങ്ങയും വെച്ച് പ്രത്യേകതരം അടയുണ്ടാക്കുന്നു. ശർക്കര ഇല്ലാതെ പഞ്ചസാരയിട്ട് പൂവടയാണ് ചിലർ നേദിക്കുക. ആൺകുട്ടികൾ തന്നെ പൂജിക്കണമെന്ന് ചിലയിടത്ത് നിർബന്ധം പിടിക്കാറുണ്ടെങ്കിലും പെൺകുട്ടികളും പൂജ ഏറ്റെടുക്കാറുണ്ട്. അഞ്ച് ഓണം വരെയാണ് തൃക്കാക്കരയപ്പനെ പൂജിക്കുന്നത്. എന്നും രാവിലേയും വൈകിട്ടും വിളക്ക് കൊളുത്തി പൂജിക്കും.

തിരുവോണം കഴിഞ്ഞ് നാലാം ദിവസം മാതേരുകൾ എടുത്ത് മാറ്റുന്നു. അതിനു ശേഷം കന്നിയിലെ ആയില്യം വരെ പൂക്കളം ഇടുന്നത് തുടരുന്നു. കന്നിമാസത്തിലെ ആയില്യത്തിൻ നാളിന് പ്രത്യേകതയുണ്ട്.

മഹാബലിയുടെ മകനായ മകത്തടിയൻ പ്രജകളെ കാണാൻ വരുന്ന ദിവസമാണ് ആയില്യം എന്നാണ് വിശ്വാസം. അന്ന് മകത്തടിയൻ എന്ന പേരിൽ തടി കൂടിയ രൂപത്തെയാണ് പ്രതിഷ്ഠിക്കുക. ഒരു ദിവസത്തെ പൂജക്ക് ശേഷം മകത്തടിയനെ എടുത്തു മാറ്റുന്നു.ഉപ്പേരി, പുളി ഇഞ്ചി, വിവിധ തരം അച്ചാറുകൾ എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കുന്നതും ഉത്രാടം ദിനത്തിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close