HEALTHNEWSTrending

ഒറ്റക്കാലിൽ നിങ്ങൾ എത്രസമയം നിൽക്കും? മരണം എത്തുന്ന നേരമറിയാൻ പുതിയ വിദ്യയുമായി ​ഗവേഷകർ

മനുഷ്യരുടെ ആരോ​ഗ്യസ്ഥിതി മനസ്സിലാക്കാൻ ലളിതമായ പല വിദ്യകളും ആരോ​ഗ്യ വിദ​ഗ്ധർ ഉപയോ​ഗിക്കാറുണ്ട്. ഇപ്പോഴിതാ, നേരത്തേ മരണപ്പെടാൻ സാധ്യതയുള്ള മധ്യവയസ്കരെ കണ്ടെത്താൻ പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഒറ്റക്കാലിൽ ശരീരത്തിന്റെ സന്തുലനം കാത്തു സൂക്ഷിക്കാൻ കഴിയാത്തവർക്ക് അധികം ആയുസ്സുണ്ടാകില്ലെന്നാണ് ബ്രസീലിൽ നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നത്.

50 നും 75 നും ഇടയിൽ പ്രായമുള്ള 2000 പേരിൽ നടത്തിയ പഠനത്തിലായിരുന്നു ഇത് കണ്ടെത്തിയത്. പരീക്ഷണവിധേയരായവരിൽ ഒറ്റക്കാലിൽ ശരീരത്തിന്റെ സന്തുലനാവസ്ഥ തെറ്റാതെ കുറഞ്ഞത് 10 സെക്കന്റെങ്കിലും നില്ക്കാൻ കഴിയാത്തവർ വരുന്ന ഒരു ദശകത്തിനുള്ളിൽ മരിക്കാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ 84 ശതമാനം കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

ലളിതവും സുരക്ഷിതവുമായ ഈ ബാലൻസ് പരിശോധന വഴി അനാരോഗ്യരായവരെ കണ്ടെത്താൻ കഴിയുമെന്നാണ് ഈ പഠനം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നത്. ഈ പരീക്ഷണം പൂർത്തിയാക്കുവാൻ കഴിയാത്തവർക്ക് ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും വലുതാണെന്ന് അവർ പറയുന്നു. പ്രായമായവരുടെ സ്ഥിരമായ വൈദ്യപരിശോധനയിൽ ഈ ഫ്ളമിംഗോ പരിശോധന കൂടി ഉൾപ്പെടുത്തിയാൽ, അവരുടെ ആരോഗ്യത്തെ സംബന്ധിച്ച കൃത്യമായ മുന്നറിയിപ്പ് നൽകാനാകുമെന്നും അവർ പറയുന്നു.

അതേസമയം, ശരീരത്തിന്റെ സന്തുലനാവസ്ഥ എങ്ങനെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ബാലൻസ് ടെസ്റ്റ് എങ്ങനെ ശരീരത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതറിയുവാനുള്ള ഒരു ദീർഘകാല പഠനത്തിന്റെ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എക്സർസൈസ് മെഡിക്കൽ ക്ലിനിക്ക് ആയ ക്ലിനിമെക്സ് ആണ് റിയോഡി ജെനേറോയിൽ ഈ പഠനം നടത്തിയത്.

1994- ൽ 1,702 പേരുടെ ഒരു സംഘം രൂപീകരിച്ചായിരുന്നു പഠനം ആരംഭിച്ചത്. നിരവധി ആരോഗ്യ പരിശോധനകൾക്ക് അവർ വിധേയരായി. അതിൽ ഒന്നായിരുന്നു ഒറ്റക്കാലിൽ 10 സെക്കന്റ് നിൽക്കുക എന്നത്. എല്ലാവരും ഇത് ഒരേ രീതിയിലാണ് ചെയ്തതെന്ന് ഉറപ്പുവരുത്താൻ ഇതിൽ പങ്കെടുത്തവരോടെല്ലം അവർ ആവശ്യപ്പെട്ടത് ഒരു കാൽ ഉയർത്തി മറ്റെ കണങ്കാലിന്റെ പുറകിൽ വയ്ക്കുക എന്നതായിരുന്നു. കൈകൾ വശത്തേക്ക് വയ്ക്കുകയും, കണ്ണുകൾ തിരശ്ചീനമായുള്ള ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.

പഠനത്തിൽ പങ്കെടുത്തവരുടെ ഭാരം, നെഞ്ചളവ്, രക്തസമ്മർദ്ദം തുടങ്ങിയ വിവരങ്ങൾ ഒക്കെയും തന്നെ ഗവേഷകർ ശേഖരിച്ചിരുന്നു. പിന്നീട് ഇവരെ ശരാശരി ഏഴുവർഷത്തോളം തുടർച്ചയായി നിരീക്ഷണ വിധേയമാക്കി. ബ്രിട്ടീഷ് ജേർണലായ സ്പോർട്സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത് അഞ്ചിൽ ഒന്ന് പേർക്ക് ഇങ്ങനെ നിൽക്കാൻ കഴിഞ്ഞില്ല എന്നായിരുന്നു. മാത്രമല്ല, പ്രായം കൂടുംതോറും ഇങ്ങനെ നിൽക്കാനുള്ള കഴിവും കുറഞ്ഞു വരികയായിരുന്നു.

51 നും 55 നും ഇടയിൽ പ്രയമുള്ളവരിൽ കേവലം അഞ്ചു ശതമാനം പേർക്ക് മാത്രമായിരുന്നു ഒറ്റക്കാലിൽ പത്ത് സെക്കന്റ് നിൽക്കാൻ കഴിയാതെ പോയതെങ്കിൽ 71 നും 75 നും ഇടയിൽ പ്രായമുള്ളവരിൽ 54 ശതമാനം പേർക്ക് അതിനായില്ല. ഈ പഠനത്തിനിടയിൽ പഠന വിധേയരായവരിൽ 123 പേർ മരണപ്പെടുകയും ചെയ്തു. ഈ പഠനത്തിലാണ് പത്ത് മിനിറ്റ് ഒറ്റക്കാലിൽ നിൽക്കാൻ കഴിയാത്തവർ അങ്ങനെ നിൽക്കാൻ കഴിയുന്നവരേക്കാൾ മരണപ്പെടാനുള്ള സാധ്യത 84 ശതമാനത്തോളം അധികമാണെന്ന വസ്തുത തെളിഞ്ഞത്.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close